‘മലയാളി ഡാ’: വിഡിയോയിലെ ‘സീക്രട്ട് വേഡ്’, മൂന്ന് ദിവസം കടലില്‍; ചൂണ്ടയില്‍ കൊത്തിയ നെയ്മീന്‍ നേടിക്കൊടുത്ത സുവർണ്ണവിജയം

Mail This Article
അബുദാബി∙ ചൂണ്ടയില്‍ കുരുങ്ങിയ നെയ്മീനിന് സൗഹൃദത്തിന്‍റെയും സന്തോഷത്തിന്‍റെയും പൊന്നുവില. സ്വദേശികള്‍ മികവുതെളിയിച്ച അബുദാബി ഗ്രാന്‍ഡ് കിങ് ഫിഷ് ചാംപ്യന്‍ഷിപ്പില്‍, മീന്‍പിടിത്തം ഹോബിയാക്കിയ ഒരു സംഘം മലയാളി സുഹൃത്തുക്കള്‍ നേടിയെടുത്ത നെയ്മീന്‍റെ പള പള തിളക്കത്തിലൊരു സമ്മാനം.
മൂന്ന് ദിവസത്തെ കഠിനപരിശ്രമത്തിനൊടുവില്‍കടലമ്മ കനിഞ്ഞപ്പോള്‍ ചൂണ്ടയില്‍ കൊത്തിയത് 19.2 കിലോ തൂക്കമുളള നെയ്മീന്‍, അബുദാബി ഗ്രാന്‍ഡ് കിങ് ഫിഷ് ചാംപ്യന്‍ഷിപ്പിന്‍റെ രണ്ടാം റൗണ്ടില്‍ കൊല്ലം പത്തനാപുരം സ്വദേശി ഷെഹീർ ഹബീബുല്ലയും സുഹൃത്തുക്കളും സ്വന്തമാക്കിയത് 39 മത് സ്ഥാനവും 6000 ദിർഹം സമ്മാനവും.
∙ ചൂണ്ടയില്‍ കൊരുത്ത സൗഹൃദം
ഷെഹീർ ഹബീബുല്ലയും മലപ്പുറം തിരുനാവായ സ്വദേശി ജിഷാം റഹ്മാൻ, തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിധു ദാമോദരൻ, കിളിമാനൂർ സ്വദേശി ബിപിന്‍ ബാലന്‍ എന്നിവരാണ് അബുദാബി ഗ്രാന്‍ഡ് ഫിഷിങ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായി മത്സരത്തില്‍ പങ്കെടുത്തത്.ക്യാപ്റ്റൻ സിയാദ് ഹനീഫ് (കാസർകോട്, തളങ്കര), നൈസാം യൂനിസ്, ക്യാപ്റ്റൻ കിരൺ (തിരുവനന്തപുരം കിളിമാനൂർ), ഹാരിസ് (കാഞ്ഞങ്ങാട്), ഷബീർ മുസ്തഫ (കണ്ണൂർ, മാട്ടുൽ), അബ്ദുൽമുത്തലിബ് (വയനാട്, മാനന്തവാടി) എന്നിവരും ഫിഷിങ് ടൈഡ്സ് എന്ന കൂട്ടായ്മയുടെ ഭാഗമാണ്.

പല ജോലികളില്‍ അബുദാബിയുടെ പല ഭാഗങ്ങളിലുളള പ്രവാസികള്‍. അവരുടെ സൗഹൃദം ചൂണ്ടയില്‍ കൊരുത്തത് മീന്‍പിടിത്തമെന്ന ഇഷ്ടം. പലരും പല സമയങ്ങളില്‍ സുഹൃത്തുക്കളായവർ. മീന്‍പിടിത്തത്തോടുളള ഇഷ്ടം കൂടിയപ്പോള്‍ മത്സരത്തില്‍ മാറ്റുനോക്കാമെന്നുറപ്പിച്ചു. അങ്ങനെയാണ് അബുദാബി ഗ്രാന്‍ഡ് കിങ് ഫിഷ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായത്.
∙ അബുദാബി ഗ്രാന്‍ഡ് കിങ് ഫിഷ് ചാംപ്യന്‍ഷിപ്പ്
അബുദാബി സ്പോർട്സ് കൗണ്‍സില്‍ ചെയർമാന്‍ ഷെയ്ഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാകർതൃത്തില്‍ അബുദാബി സ്പോർട്സ് കൗണ്‍സിലാണ് മത്സരം നടത്തുന്നത്.സ്വദേശികള്‍ക്കും വിദേശികള്‍ക്കും മത്സരത്തിന്‍റെ ഭാഗമാകാം. വ്യക്തികള്‍ക്കാണ് റജിസ്ട്രേഷന്‍ നടത്താനാകുക. അതേസമയം, ടീമായാണ് മത്സരിക്കുന്നതെങ്കില്‍ വ്യക്തിഗത റജിസ്ട്രേഷന്‍ ചെയ്യുന്ന സമയത്ത് തന്നെ ടീം അംഗങ്ങളുടെ വിവരങ്ങളും നല‍്കാം.
250 ആണ് റജിസ്ട്രേഷന്‍ ഫീസ്.മീന്‍ പിടിത്ത ബോട്ടിന്‍റെ ലൈസന്‍സ് നമ്പർ, മുള്‍കിയ എന്നിവ നിർബന്ധമാണ്. കൂടാതെ വ്യക്തികളുടെ എമിറേറ്റസ് ഐഡി ഉള്‍പ്പടെയുളള വിവരങ്ങളും നല്‍കണം. റജിസ്ട്രേഷന്‍ പൂർത്തിയായാല്‍ ഒരു നമ്പർ ലഭിക്കും. അംഗങ്ങള്‍ക്കുളള യൂണിഫോം, ക്യാപ്, ബോട്ടില്‍ പതിക്കാനുളള സ്റ്റിക്കർ, പിടിക്കുന്ന നെയ്മീനിന്‍റെ വാലില്‍ കെട്ടാനുളള ടാഗ് ഇതെല്ലാം അധികൃതർ നല്‍കും.
മൂന്ന് റൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്. ഓരോ റൗണ്ടിലും ഏറ്റവും ഭാരമുളള നെയ്മീനെ പിടിക്കുന്നവർക്ക് സമ്മാനങ്ങള്‍ നല്‍കും. ആദ്യറൗണ്ടില്‍ നിരാശയായിരുന്നു ഫലം. രണ്ടാം റൗണ്ടിലാണ് ഷെഹീർ ഹബീബുല്ലയ്ക്കും സംഘത്തിനും 19.2 കിലോ തൂക്കമുളള നെയ്മീന്‍ ലഭിച്ചത്. ഈ മാസം അവസാന ആഴ്ച മൂന്നാം റൗണ്ട് മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്. അതിലും ഒരു കുട്ടനിറയെ കനമുളള നെയ്മീന്‍ കിട്ടിയാല്‍ വീണ്ടും സമ്മാനം ലഭിക്കും. മൂന്ന് റൗണ്ടിലും മീന്‍പിടിച്ച മിടുക്കനായിരിക്കും ചാംപ്യന്‍ ഓഫ് ദ ഇയർ.
മത്സരദിവസം നേരത്തെ തന്നെ മത്സരാർഥികളെ അറിയിക്കും.ഓരോ റൗണ്ട് മത്സരവും മൂന്ന് ദിവസം നീണ്ടുനില്‍ക്കും. സാധാരണയായി വെളളി, ശനി, ഞായർ ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. മത്സരദിവസം രാവിലെ അധികൃതർ അറിയിച്ച സ്ഥലത്ത് മത്സരാർഥികള്‍ ഒത്തുകൂടും. എല്ലാവരുമെത്തിയതിന് ശേഷം,കടലിലേക്ക് യാത്ര തിരിക്കും. അവിടെയെത്തിയതിന് ശേഷം പതാക ഉയർത്തി മത്സരം ആരംഭിക്കുന്നതായുളള അറിയിപ്പ് നല്‍കും. മത്സരം തുടങ്ങി മൂന്നാം ദിവസം സൂര്യാസ്തമയം വരെയാണ് സമയം അനുവദിച്ചിട്ടുളളത്. പകല്‍ സമയത്താണ് മീന്‍ പിടിക്കേണ്ടത്.
മീന്‍പിടിക്കുന്നത് വിഡിയോയില്‍ പകർത്തണമെന്നുളളതാണ് നിബന്ധന. റജിസ്ട്രേഷന്‍ നമ്പർ ഉള്‍പ്പടെ കാണത്തക്കവിധമായിരിക്കണം വിഡിയോ എടുക്കേണ്ടത്. മത്സരദിവസങ്ങളില്‍ രാത്രി അതത് മത്സരാർഥിയുടെ റജിസ്ട്രേഷന്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു രഹസ്യവാക്ക് (സീക്രട്ട് വേഡ്) ലഭിക്കും. അതും വിഡിയോയില്‍ പറയണം.പിടിച്ച നെയ്മീന്‍റെ ഭാരം അളക്കുന്നതിനും കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട്. ഇതെല്ലാം കൃത്യമായി പാലിച്ചുമാത്രമെ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുളളൂ. മൂന്ന് ദിവസത്തിനുളളില്‍ ഏറ്റവും വലിയ നെയ്മീന്‍ പിടിക്കുന്നവരായിരിക്കും വിജയി.

∙ കൈനിറയെ സമ്മാനം
ഓരോ റൗണ്ടിലും ഏറ്റവും ഭാരമുളള നെയ്മീന്‍ പിടിക്കുന്നയാള്‍ക്ക് സമ്മാനങ്ങളുണ്ട്. ഒന്നാം സമ്മാനം ഒന്നരലക്ഷം ദിർഹമാണ്. 17 രാജ്യങ്ങളില്‍ നിന്നുളള 2100 പേരാണ് രണ്ടാം റൗണ്ട് മത്സരത്തില്‍ മാറ്റുരച്ചത്. അബുദാബി, അല്‍ മിർഫ, ഡെല്‍മ ദ്വീപ് എന്നിവിടങ്ങളിലായി നടന്ന ഈ റൗണ്ടില്‍ 34.35 കിലോ തൂക്കമുള്ള നെയ്മീൻ പിടിച്ച സ്വദേശി ഫാരിസ് അൽ മസ്റൂഇയാണ് ഒന്നാം സമ്മാനം നേടിയത്.
രണ്ടാം സമ്മാനം നേടിയ മോസ അല്‍ ഹമാദിക്ക് ഒരു ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചു. 34.07 കിലോ തൂക്കമുളള നെയ്മീനാണ് മോസ അല്‍ ഹമാദിക്ക് ലഭിച്ചത്. 32.76 കിലോ തൂക്കമുളള നെയ്മീന്‍ കിട്ടിയ സാലിം അല്‍ സാബിയ്ക്കാണ് മൂന്നാം സമ്മാനമായ 50,000 ദിർഹം ലഭിച്ചത് 4 മുതൽ 60 സ്ഥാനങ്ങളിൽ എത്തിയവർക്ക് യഥാക്രമം 40,000 മുതൽ 4000 ദിർഹം വരെ സമ്മാനം ലഭിച്ചു. മൂന്ന് റൗണ്ടിലും പങ്കെടുത്ത് വിജയിയാകുന്നവർക്ക് കാഷ് പ്രൈസിനൊപ്പം നിസാന്‍ പട്രോള്‍ വാഹനവും സമ്മാനമായി ലഭിക്കും.
∙ എളുപ്പമല്ല, നെയ്മീന്‍ പിടിത്തം
യുഎഇയുടെ സംസ്കാരത്തിന്‍റെ ഭാഗമാണ് മീന്‍പിടിത്തം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അഗ്രഗണ്യരാണ് സ്വദേശികള്‍. ഇത്തരം മത്സരങ്ങളില്‍ തിളങ്ങുന്നതും സ്വദേശികളാണ്.മീന്‍ പിടിക്കുന്നതിന് വേറിട്ട ശൈലിയുണ്ടെന്നുളളതാണ് പ്രധാനം. സ്വദേശികളായ സുഹൃത്തുക്കളില്‍ നിന്നാണ് ഇതെല്ലാം പഠിച്ചത്. നിരന്തരം ചെയ്തുമാത്രമെ ആ അനുഭവപരിചയം സ്വായത്തമാക്കാനാകൂ.
ഷെഹീർ ഹബീബുല്ലയുടെയും സംഘത്തിന്‍റെയും നിരന്തരപരിശ്രമവും കഠിനാധ്വാനവും പഠിക്കാനുളള മനസുമാണ് വിജയവഴിയിലേക്ക് എത്തിച്ചെതെന്ന് പറയാം. സ്വദേശികള്‍ മികവുതെളിയിച്ച മേഖലയില്‍ നേട്ടമുണ്ടാക്കാനായത് അഭിമാനം. ഈ മൂന്ന് ദിവസം കടലില്‍ കഴിഞ്ഞ് മീന്‍ പിടിക്കുകയെന്നുളളതും അത്ര എളുപ്പമല്ല. ഭക്ഷണമുള്‍പ്പടെ സ്വയമുണ്ടാക്കി കഴിക്കണം. വെല്ലുവിളികളെ അതിജീവിച്ച് സ്വന്തമാക്കുന്ന വിജയത്തിന് അതിമധുരമാണല്ലോ.
∙ സൗഹൃദം കരുത്ത്, ഒരുമിച്ച് മുന്നോട്ട്
മീന്‍ പിടിക്കാനായി ഒത്തുകൂടിയ കൂട്ടുകാരുടെ സൗഹൃദത്തിന്‍റെ ഇഴയടുപ്പം കുടുംബാംഗങ്ങളിലേക്കുകൂടി കണ്ണിചേർന്നു. ഇപ്പോള്‍ എല്ലാത്തിനും പിന്തുണ നല്‍കി കുടുംബങ്ങളും കൂടെയുണ്ട്. ഇനിയും കൂടുതല്‍ മികവോടെ മത്സരങ്ങളുടെ ഭാഗമാകണം. സൗഹൃദത്തിന്‍റെ ആഴക്കടലില്‍, കടലമമ്മയുടെ കനിവുകൂടി ചേരുമ്പോള്‍, ഇങ്ങ് കരയില്‍ സമ്മാനങ്ങളുടെ ചാകരസന്തോഷം.