നോളജ് വില്ലേജ് ബ്ലോഗ് സംഘടിപ്പിച്ച് ബഹ്‌റൈൻ കേരളീയ സമാജം

Mail This Article
മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന നോളജ് വില്ലേജ് ബ്ലോഗ് പ്രകാശനച്ചടങ്ങിൽ റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യാതിഥിയായി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. ട്രഷറർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.
നോളജ് വില്ലേജ് വാർത്തകളും വിഡിയോകളും ഉൾക്കൊള്ളിച്ച ബ്ലോഗ് പ്രമോദ് നാരായണൻ എംഎൽഎ പ്രകാശനം ചെയ്തു. റിക്രൂട്ട്‌മെന്റ് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന റാന്നി സ്വദേശിയും ബഹ്‌റൈനിലെ ദീർഘകാല പ്രവാസിയുമായ സുനിൽ തോമസ് റണ്ണിയാണ് ബ്ലോഗ് രൂപകൽപന ചെയ്തത്. നോളജ് വില്ലേജ് വിവരങ്ങൾ ക്രോഡീകരിച്ച് ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുന്ന ബ്ലോഗ് ആദ്യമായാണ് നിർമിക്കുന്നത്. നോളജ് വില്ലേജ് പദ്ധതി പോർട്ടലായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പിന്തുണ നൽകുന്ന പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോളജ് വില്ലേജ് നോക്കിക്കാണുന്നത്.
(വാർത്ത: സുനിൽ റാന്നി)