സൗദിയിൽ കേളിയുടെ മെഗാ രക്തദാന ക്യാംപ്; 1428 യൂണിറ്റ് രക്തം ശേഖരിച്ചു

Mail This Article
റിയാദ്∙ കേളി കലാസാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച എട്ടാമത് മെഗാ രക്തദാന ക്യാംപിൽ 1428 പേർ പങ്കാളികളായി. കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റിയാദിലെ അഞ്ച് കേന്ദ്രങ്ങളിൽ വെവ്വേറെയാണ് ഇത്തവണ രക്തദാന ക്യാംപ് സംഘടിപ്പിച്ചത്. വിദൂര പ്രദേശങ്ങളിലുള്ളവരെക്കൂടി ക്യാംപിൽ പങ്കാളികളാക്കുക, കൂടുതൽ രക്തം ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ക്യാംപ്, ഹജിന് എത്തുന്നവരുടെ അടിയന്തര ആവശ്യങ്ങൾക്കുള്ള മുൻകരുതൽ എന്ന നിലയിൽ കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും ചേർന്നാണ് നടത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, പലസ്തീൻ, സുഡാൻ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും സൗദി പൗരന്മാരും രക്തദാനത്തിൽ പങ്കാളികളായി. രാവിലെ 9ന് ആരംഭിച്ച റിയാദിലെ പ്രധാന ക്യാംപ് വൈകിട്ട് 7 നാണ് അവസാനിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 56 ജീവനക്കാരും കേളിയിലെ 22 അംഗങ്ങൾ റജിസ്ട്രേഷൻ വിഭാഗത്തിലും 90 വെളാന്റിയർമാരും ക്യാംപിന് സേവനം നൽകി.
റിയാദിലെ പ്രവർത്തനങ്ങൾക്ക് സംഘാടക സമിതി ചെയർമാൻ നസീർ മുള്ളൂർക്കര, ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ നേതൃത്വം നൽകി. 1700ൽ അധികം ആളുകൾ എത്തിയ ക്യാംപിൽ 1456 പേർ റജിസ്റ്റർ ചെയ്യുകയും 1139 യൂണിറ്റ് രക്തം ശേഖരിക്കുകയും ചെയ്തു. വിവിധ കാരണങ്ങളാൽ മുന്നൂറോളം പേരുടെ രക്തം ശേഖരിക്കാൻ കഴിഞ്ഞില്ല.
അൽഖർജിൽ നടന്ന ക്യാംപിന് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, പ്രസിഡന്റ് ഷബി അബ്ദുൾ സലാം, ആക്ടിങ് സെക്രട്ടറി റാഷിദ് അലി എന്നിവർ നേതൃത്വം നൽകി. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നീണ്ട ക്യാംപിൽ 146 പേർ റജിസ്റ്റർ ചെയ്യുകയും 103 യൂണിറ്റ് രക്തം ശേഖരിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ 9 അംഗങ്ങളും കേളിയിലെ 22 വെളാന്റിയർമാരും സേവനമനുഷ്ഠിച്ചു. അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കോഓർഡിനേറ്റർ അബ്ദുള്ള മെഡിക്കൽ സംഘത്തെ നയിച്ചു.
ദവാത്മിയിലെ സമ ഓഡിറ്റോറിയത്തിൽ നടന്ന ക്യാംപിന് യൂണിറ്റ് രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, രാജേഷ്, മുജീബ്, ബിനു, ജീവകാരുണ്യ കമ്മറ്റി ചെയർമാൻ റാഫി എന്നിവർ നേതൃത്വം നൽകി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ നടന്ന ക്യാംപിൽ 100ൽ അധികം പേർ എത്തുകയും 70 യൂണിറ്റ് രക്തം സ്വീകരിക്കുകയും ചെയ്തു. ദവാത്മി ജനറൽ ആശുപത്രിയിലെ 9 അംഗ സംഘത്തെ പിആർഒ മലാഹി നയിച്ചു.
അൽക്കുവയ്യ യൂണിറ്റിൽ നടന്ന ക്യാംപിന് യൂണിറ്റ് പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി അനീഷ് അബൂബക്കർ എന്നിവർ നേതൃത്വം നൽകി. അൽഖുവയ്യ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച ക്യാംപിൽ ആവശ്യത്തിന് ബ്ലഡ് ബാഗുകൾ ഇല്ലാതിരുന്നതിനാൽ 100 കണക്കിന് രക്തദാതാക്കൾക്ക് മടങ്ങേണ്ടി വന്നു. ഉച്ചയ്ക്ക് 3 ന് തുടങ്ങി രാത്രി 10 വരെ നീണ്ട ക്യാംപിൽ 32 യൂണിറ്റ് രക്തം മാത്രമാണ് ശേഖരിക്കാൻ കഴിഞ്ഞത്.
മജ്‌മയിൽ കിങ് ഖാലിദ് ആശുപത്രിയുടെയും നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാംപിന് കേളി മജ്‌മ യൂനിറ്റ് പ്രസിഡന്റ് ബാലകൃഷ്ണൻ, സെക്രട്ടറി പ്രതീഷ്, ട്രഷറർ രാധാകൃഷ്ണൻ, കുടുംബ വേദി അംഗം ശരണ്യ എന്നിവർ നേതൃത്വം നൽകി. 12 അംഗ മെഡിക്കൽ സംഘത്തെ ബ്ലഡ് ബാങ്ക് സൂപ്പർവൈസർ ഖാലിദ്, സാല റഷീദി എന്നിവർ നയിച്ചു. രാവിലെ 8 ന് തുടങ്ങി 2.30 ന് അവസാനിച്ച ക്യാംപിൽ 119 പേർ രജിസ്റ്റർ ചെയ്യുകയും 70 യൂണിറ്റ് രക്തം സ്വീകരിക്കുകയും ചെയ്തു.
റിയാദിൽ നടന്ന സമാപന ചടങ്ങിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ നസീർ മുള്ളൂർക്കര ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. റിയാദ് ബ്ലഡ് ബാങ്ക് റീജനൽ ഡയറക്ടർ ഖാലിദ് സൗബി, സെൻട്രൽ ഡയറക്ടർ അബ്ദുൾ ലത്തീഫ് അൽ ഹാരിസി, സൂപ്പർ വൈസർ മുഹമ്മദ് ബത്ത അൽ അനസ്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സുരേന്ദ്രൻ കൂട്ടായ്, സീബാ കൂവോട്, ലുലു മലാസ് മാർക്കറ്റിംഗ് മാനേജർ ഖാലിദ് ഹംദാൻ എന്നിവർ ആശംസകൾ അറിയിച്ചു.
റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നൽകിയ മെമന്റോയും സർട്ടിഫിക്കറ്റും റീജനൽ ഡയറക്ടറിൽ നിന്നും കേളി സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് ഏറ്റുവാങ്ങി. ലുലുവിനും ബ്ലഡ് ബാങ്കിനും മികച്ച സേവനം കാഴ്ചവെച്ച ജീവനക്കാർക്കും വിവിധ മേഖലകളിൽ ക്യാംപിന് നേതൃത്വം നൽകിയ ആശുപത്രികൾക്കും കേളിയുടെ മെമന്റോ വിതരണം ചെയ്തു. റിയാദ് സിറ്റിയിൽ നിന്ന് മാറി വിദൂര ദേശങ്ങളിലും രക്തദാനം നടത്താൻ തുടങ്ങിയ കേളിയെ റീജനൽ ഡയറക്ടർ പ്രത്യേകം അഭിനന്ദിച്ചു. സംഘാടക സമിതി ആക്ടിങ് കൺവീനർ നാസർ പൊന്നാനി നന്ദി പ്രകാശിപ്പിച്ചു.