'അമ്മയെ നോക്കണം': ഫ്ലൈറ്റ് അറ്റൻഡന്റ് ജോലി രാജിവച്ച് പന്നി ഫാം തുടങ്ങി; സമ്പാദിക്കുന്നത് ലക്ഷങ്ങൾ

Mail This Article
ചൈനയിലെ ഒരു യുവതിയും അവരുടെ തൊഴിലുമാണ് കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമത്തിലെ പ്രധാന ചർച്ച. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ചായക്കട തുടങ്ങിയാലോ എന്ന് ആലോചിക്കുന്ന യുവതീ യുവാക്കൾക്ക് പ്രചോദനമാണ് ഈ 27കാരി. ചായകടയ്ക്ക് പകരം പന്നി ഫാം എന്ന വ്യത്യാസം മാത്രം. കുടുംബത്തെ സഹായിക്കാനാണ് യാങ് യാങ്ഷി എന്ന യുവതി തന്റെ ഫ്ലൈറ്റ് അറ്റൻഡന്റ് ജോലി ഉപേക്ഷിച്ച് പന്നി ഫാം തുടങ്ങിയത്.
പഠനത്തിന് ശേഷം അഞ്ച് വർഷത്തോളം ഷാങ്ഹായ് എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്ത യുവതി തന്റെ പല ആവശ്യങ്ങൾക്കും മാതാപിതാക്കളിൽ നിന്നാണ് പണം വാങ്ങിയിരുന്നത്. മാതാപിതാക്കൾ കടം വാങ്ങിയ പണമാണ് തന്റെ ആവശ്യങ്ങൾക്കായി നൽകിയതെന്ന് പിന്നീടാണ് യുവതി അറിയുന്നത്. 2022 ഒക്ടോബറിൽ യാങ്ങിന്റെ അമ്മയ്ക്ക് ഒന്നിലധികം ശസ്ത്രക്രിയകൾ വേണ്ടിവന്നു. തുടർന്ന് തന്റെ ഫ്ലൈറ്റ് അറ്റൻഡന്റ് ജോലി ഉപേക്ഷിക്കാനും നാട്ടിലെത്തി അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാനും യാങ് തീരുമാനിച്ചു.
നാട്ടിൽ തിച്ചെത്തി മാസങ്ങള്‍ക്ക് ശേഷം 2023 ഏപ്രിലിലാണ് ബന്ധുവിന്റെ പന്നിഫാം യാങ് ഏറ്റെടുക്കുന്നത്. സ്വപ്ന തുല്യമായ ജോലി ഉപേക്ഷിച്ചത് വെറുതെയായില്ല. തന്റെ പുതിയ ജോലിയും പന്നി ഫാമിലെ വിശേഷങ്ങളും യാങ് സമൂഹ മാധ്യമത്തിൽ പങ്കു വച്ചു. ചുരുങ്ങിയ കാലം കൊണ്ട് യാങ് 1.2 മില്യൻ ആരാധകരെയും യുവതി സ്വന്തമാക്കി.
ഇടയ്ക്ക് ചെറിയൊരു അപകടമുണ്ടായി കാലിന് സാരമായി പരുക്ക് പറ്റിയെങ്കിലും നിശ്ചയദാർഢ്യത്തേടെ യാങ് അതും നേരിട്ടു. ഇന്ന് പന്നി ഫാം വഴിയും സമൂഹ മാധ്യമം വഴിയും യാങ് വരുമാനം കണ്ടെത്തുന്നു. 32,000 രൂപ ശമ്പളത്തിൽ നിന്ന് ഇന്ന് 23 ലക്ഷത്തോളം രൂപയാണ് ഈ 27കാരിയുടെ വരുമാനം. ഭാവിയിൽ ഫാം വിപുലീകരിക്കാനും ഒരു ഹോട്ടല്‍ തുടങ്ങാനുമാണ് യാങ് ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും.