ഡോക്ടറുടെ ജീവിതം സിനിമ പോലെയല്ല; ഈ കരിയറിൽ പഠനം അവസാനിക്കുന്നില്ല: ഡോ. രാജീവ് ജയദേവൻ
Mail This Article
വെള്ളകോട്ടും കഴുത്തിൽ സ്റ്റെതസ്ക്കോപ്പുമായി ആശുപത്രി വരാന്തയിലൂടെ നടന്നു നീങ്ങുന്ന ഡോക്ടർ. സിനിമകളിൽ കാണുന്ന സ്ഥിരം ഫ്രെയിം. ഇതെല്ലാം കാണുമ്പോൾ ഡോക്ടറുടെ ജീവിതം സിനിമയിൽ കാണുന്നത് പോലെയാണെന്ന് ധരിക്കുന്നുണ്ടോ? അങ്ങനെ കണ്ട് മെഡിക്കൽ പഠനത്തിനൊരുങ്ങിയാൽ നിരാശയാകും ഫലം. ഡോക്ടർമാരുടെ ദിനത്തിൽ െഎഎംഎ കേരള റിസർച്ച് സെൽ ചെയർമാനും ഗാസ്ട്രോഎന്ററോളജിസ്റ്റുമായ ഡോ. രാജീവ് ജയദേവൻ സംസാരിക്കുന്നു.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേയ്ക്ക് വരുവാൻ ആഗ്രഹിക്കുന്ന പല വിദ്യാർഥികളും എന്നോട് കരിയർ ഗൈഡൻസ് ചോദിച്ചു വരാറുണ്ട്. വിവിധ കരിയർ ഒാപ്ഷനുകൾ ലഭ്യമായുള്ള ഇക്കാലത്ത് മെഡിക്കൽ പഠനം അവസാനവാക്കല്ല. ഒരാളുടെ ആരോഗ്യപ്രശ്നം കണ്ടറിഞ്ഞു ചികിൽസാ വിധികളിലൂടെ രോഗശമനം കണ്ടെത്താൻ മനസൊരുക്കമുണ്ടെങ്കിൽ മാത്രമേ മെഡിക്കൽ പഠനത്തിനു ഇറങ്ങാവൂ. വർഷങ്ങളുടെ പ്രവൃത്തി പരിചയവും സ്പെഷിലൈസ് ചെയ്ത മേഖലകളിൽ ഡോക്ടർമാർക്ക് മാന്യമായ പ്രതിഫലം ലഭിക്കാം. ധനസമ്പാദനം മാത്രമല്ല ഡോക്ടർ എന്ന കരിയറിന്റെ മികവ്. അത്യാസന്ന നിലയിലുള്ള ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്നതും ഇൗ ജോലിയുടെ മാത്രം മികവാണ്.
ഇനി എങ്ങനെ പഠിക്കണം, എത്രവരെ പഠിക്കണം എന്ന ചോദ്യം സ്ഥിരം എന്നോട് ചോദിക്കാറുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ ഡോക്ടർ എന്ന കരിയറിൽ പഠനം ഒരിക്കലും അവസാനിക്കുന്നില്ല. 1986ലാണ് ഞാൻ എംബിബിഎസിനു ചേരുന്നത്. പതിനേഴ് വർഷത്തെ നീണ്ട പഠനം വിവിധ രാജ്യങ്ങളിലായിരുന്നു. വൈദ്യരംഗത്ത് മുപ്പത് വർഷം പിന്നിടുമ്പോഴും ഇപ്പോഴും രാവിലെ രണ്ടു മണിക്കൂറെങ്കിലും പഠനത്തിനും വായനയ്ക്കുമായി മാറ്റിവയ്ക്കുന്നു. കാരണം ഡോക്ടർമാർ എപ്പോഴും അപ്ഡേറ്റായിരിക്കണം.
വൈദ്യരംഗത്തെ പുതിയ മാറ്റങ്ങൾ അടുത്തറിഞ്ഞാൽ മാത്രമാണ് ചികിൽസയ്ക്ക് സഹായമാവുക. എപ്പോഴും മനസ് അറിവു തേടാൻ മനസിനെ പാകപ്പെടുകയാണ് വേണ്ടത്. ഏത് രംഗത്തും പ്രവർത്തിക്കുന്നവർക്കും ഒരു മെന്റർ കാണും. വ്യക്തിപരമായി പറഞ്ഞാൽ എനിക്കൊരു മെന്ററില്ല. ഞാൻ ഇടപെടുന്ന വ്യക്തികളിൽ നിന്നും നല്ല ആശയങ്ങൾ സ്വീകരിക്കുകയാണ് എന്റെ പഠനരീതി. മെന്റർ അല്ലെങ്കിൽ റോൾ മോഡൽ എന്ന ആശയം നല്ലതാണെങ്കിലും എവിടെയെല്ലാം നമുക്ക് നന്മകൾ കാണാൻ സാധിക്കുമോ അതെല്ലാം നമ്മൾ ഉൾക്കൊള്ളണം.
അതുപോലെ നാം കണ്ടുമുട്ടുന്ന വ്യക്തികളിൽ ചിലരുമായി അടുത്തിടപഴകുമ്പോൾ നാം ഒരിക്കലും അങ്ങനെയാകരുത് എന്ന തിരിച്ചറിവും നമുക്ക് ലഭിക്കും. പ്രഫഷനിൽ മറ്റൊരു കാര്യം വേണ്ടത് ആശയവിനിമയത്തിനുള്ള കഴിവാണ്. രോഗികളോടുള്ള ആശയവിനിമയത്തിനൊപ്പം പല സെമിനാറുകളിലും പ്രബന്ധങ്ങളും അവതരിപ്പിക്കേണ്ടതായി വരും. ഡോക്ടർ അന്തർമുഖനായിരിക്കുന്നത് ഒരിക്കലും നല്ലതല്ല. മെഡിക്കൽ പഠനത്തോടൊപ്പം കമ്മ്യൂണിക്കേഷൻ സ്കില്ലും നേടേണ്ടതായുണ്ട്.