ആരാണ് ഇത് ആഗ്രഹിക്കാത്തത്! ഹിറ്റായി കേരളത്തനിമയുള്ള വീട്
Mail This Article
പെരിന്തൽമണ്ണയാണ് ഡോ.നന്ദകുമാറിന്റെയും അഡ്വ.ഷാൻസിയുടെയും പുതിയ വീട്.കേരളത്തനിമയിൽ പ്രകൃതിയോട് ഇഴുകിച്ചേർന്ന് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിൽ ഒരുക്കിയെന്നതാണ് വീടിന്റെ ഹൈലൈറ്റ്. പലതട്ടുകളായുള്ള ഓടുമേഞ്ഞ ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ പരമ്പരാഗതത്തനിമയ്ക്ക് മാറ്റുകൂട്ടുന്നത്. ഗുണമേന്മയുള്ള മംഗലാപുരം മേച്ചിലോടുകളാണ് ഉപയോഗിച്ചത്.
സ്വാഭാവികമായി കാറ്റും വെളിച്ചം നന്നായി ലഭിക്കുന്ന വീട് എന്ന വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് ഇവിടെയെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഴിവതും പുനരുപയോഗിക്കാവുന്ന പ്രകൃതിദത്തമായ നിർമാണസാമഗ്രികൾ ഉപയോഗിച്ചു. പഴയ തേക്കുതടി, എക്സ്പോസ്ഡ് ബ്രിക്ക് വോൾ, ടെറാക്കോട്ട ജാളി എന്നിവയെല്ലാം വീട്ടിൽ ഹാജരുണ്ട്.
ലാൻഡ്സ്കേപ് വീടിനു മികച്ച പിന്തുണ നൽകുന്നുണ്ട്. താന്തൂർ സ്‌റ്റോൺ വിരിച്ച ഡ്രൈവ് വേ, ബഫലോ ഗ്രാസും ചെടികളും വള്ളിപ്പടർപ്പുകളുമെല്ലാം ഗാർഡൻ അലങ്കരിക്കുന്നു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, കൺസൾട്ടേഷൻ റൂം, മൾട്ടിപർപസ് റൂം എന്നിവയാണ് 4300 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
പ്ലോട്ടിന്റെ പ്രത്യേകത മൂലം പ്രൈവറ്റ്- പബ്ലിക് എന്നിങ്ങനെ രണ്ടു സോണുകളായി തരംതിരിച്ചാണ് ഇന്റീരിയർ ചിട്ടപ്പെടുത്തിയത്.
തടിയുടെ പ്രൗഢിയാണ് ലിവിങ്ങിൽ നിറയുന്നത്. ജയ്സാൽമീർ സ്‌റ്റോൺ കൊണ്ടാണ് ഫ്ലോറിങ്.
വീട്ടിലെ ഹൈലൈറ്റ് നടുമുറ്റമാണ്. വെട്ടുകല്ലിൽ സുഷിരങ്ങളുള്ള ബ്രീതിങ് വോൾ, വെള്ളാരംകല്ലുകൾ വിരിച്ച നിലം, ജിഐ+ ഗ്ലാസ് ഫിനിഷിലുള്ള സ്‌കൈലൈറ്റ് റൂഫ്, ഇവിടെ പടർന്നുകയറാൻ ഒരുങ്ങിനിൽകുന്ന വള്ളിച്ചെടി എന്നിവയാണ് നടുമുറ്റത്തെ സാന്നിധ്യങ്ങൾ.
കോർട്യാർഡിലേക്ക് അഭിമുഖമായാണ് ഡൈനിങ്. ഇവിടെയുള്ള ഫോൾഡിങ് ഗ്ലാസ് ഡോറുകൾ തുറന്നാൽ കോർട്യാർഡിലെ വെളിച്ചവും കാഴ്ചകളും ഡൈനിങ്ങിലേക്ക് ഒഴുകിയെത്തും. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയാണ് ഇവിടെ.
വുഡൻ പ്ലാങ്ക് നിരത്തിയാണ് സ്‌റ്റെയർ ഒരുക്കിയത്. ജിഐ ഹാൻഡിലിൽ കയറാണ് കൈവരിയായി കൊടുത്തിരിക്കുന്നത്.
തടിയുടെ ആധികാരികതയാണ് കിടപ്പുമുറിയുടെ ഫർണിഷിങ്ങിലും നിറയുന്നത്. ചില കിടപ്പുമുറികൾ ഇന്റേണൽ കോർട്യാർഡിലേക്കാണ് തുറക്കുന്നത്. അതിനാൽ മികച്ച കാറ്റും വെളിച്ചവും ഇവിടെ ലഭ്യമാകുന്നു.
അടക്കവും ഒതുക്കവുമുള്ള കിച്ചനാണ് ഇവിടെ. തടി കൊണ്ടുതന്നെയാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. കൗണ്ടറിന്റെ ഒരുവശത്ത് കസേരകൾ കൊടുത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കുന്നു.
ആഗ്രഹിച്ച പോലെ പ്രകൃതിയോടും പച്ചപ്പിനോടും ചേർന്ന് സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് വീട്ടുകാർ.
Project facts
Location- Perinthalmanna
Plot- 25 cent
Area- 4300 Sq.ft
Owner- Dr. Nandakumar & Adv. Shancy
Architect- Anoop K. Nair
ART on ARCHITECTURE, Palakkad
Mob- 9946447676
Mob- 2021
English Summary- Traditional Tropical Kerala House; Veedu Magazine Malayalam