എന്താ ഐശ്വര്യം! ഇത് മലയാളി കൊതിക്കുന്ന സ്വർഗം; വിഡിയോ
Mail This Article
ചെങ്ങന്നൂരിനടുത്ത് പുളിഞ്ചുവടാണ് ആദർശ് കുമാറിന്റെയും കുടുംബത്തിന്റെയും പുതിയവീട്. പരമ്പരാഗത തനിമയും വാസ്തു പ്രമാണങ്ങളും പാലിച്ച് ഒരുനിലയിൽ ഒരുക്കിയ സ്വപ്നഭവനമാണിത്. ദമ്പതികൾ മാത്രമാണ് ഇവിടെയുള്ളത്. അതിനാൽ പരിപാലനം പരിഗണിച്ച് സ്ക്വയർഫീറ്റ് പരമാവധി ചുരുക്കിയാണ് വീടൊരുക്കിയത്.
പരമ്പരാഗത പ്രൗഢി പ്രതിഫലിക്കുന്ന മുഖപ്പും ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരയും പൂമുഖവും നീളൻ ലാൻഡ്സ്കേപ്പുമാണ് ആദ്യകാഴ്ചയിൽ മനസ്സുകവരുന്നത്. വീടിന്റെ ഭംഗി മറയാതെ വശത്തേക്ക് മാറ്റി പോർച്ച് സ്ഥാപിച്ചു. ഇതും ട്രസ് ചെയ്ത് ഓടുവിരിച്ചു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഓഫിസ് റൂം, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവ മാത്രമാണ് വീട്ടിലുള്ളത്. വാസ്തുപ്രകാരമാണ് അകത്തളങ്ങൾ. പ്രധാന വാതിൽ തുറന്നാൽ അങ്ങേയറ്റം വരെ ക്രോസ് വെന്റിലേഷൻ മുറിയാതെ നിലനിർത്തി. സിംപിളായ മനോഹരമായ ഒരു ലിവിങ് സ്പേസ്. വീട്ടിൽ ടിവിയില്ല. പകരം ടിവി യൂണിറ്റിന്റെ സ്ഥാനത്ത് ഒരു പ്രെയർ സ്പേസ് നൽകി.
ഡൈനിങ് ഏരിയയിൽ ഒരു മുഴുനീള കണ്ണാടിയുണ്ട്. മുറിയുടെ സൈസ് വലുതായിട്ട് തോന്നാൻ ഇത് ഉപകരിക്കും. മറ്റൊരു പ്രത്യേകത വാഷ് ഏരിയ ഡൈനിങ്ങിൽനിന്ന് മാറ്റി സ്ഥാപിച്ചുവെന്നതാണ്. അനുബന്ധമായി കോമൺ ടോയ്‌ലറ്റുമുണ്ട്.
കിച്ചൻ അഗ്നി മൂലയിലാണ് വിന്യസിച്ചത്. ഗ്രേ കളറിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടർടോപ്പിന് ബ്ലാക്ക് ഗ്രാനൈറ്റാണ് ഉപയോഗിച്ചു. അനുബന്ധമായി വർക്കേരിയ, സ്റ്റോർ റൂം എന്നിവയുമുണ്ട്.
മാസ്റ്റർ ബെഡ്റൂമിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ കുത്തിനിറയ്ക്കുക എന്ന കൺസെപ്റ്റ് ഒഴിവാക്കി. ഉപയോഗിച്ച തുണി സൂക്ഷിക്കാൻ പ്രത്യേകമായി ഒരു മുറി അനുബന്ധമായി നൽകിയത് പ്രത്യേകതയാണ്. ഇവിടെ തുണി തേക്കാനുള്ള സൗകര്യവുമുണ്ട്.
നിർമാണസാമഗ്രികളിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നതാണ് ബജറ്റ് അൽപം വർധിപ്പിച്ചത്. ഫർണിഷിങ്ങിൽ ഉടനീളം തടി ഉപയോഗിച്ചു. സ്ട്രക്ചറും ഫർണിഷിങ്ങും അടക്കം ഏകദേശം 70 ലക്ഷം രൂപയാണ് ചെലവ്. എന്നാൽ ഇതേ പ്ലാൻ ചെലവുകുറച്ചും ചെയ്യാനാകും എന്നിടത്താണ് പ്രസക്തി.