ADVERTISEMENT

കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ റബർ കൃഷി വഹിച്ച അല്ലെങ്കിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആർക്കും സംശയമുണ്ടാവില്ല. ഇന്ത്യയിൽ റബറിനൊരു തലസ്ഥാനമുണ്ടെങ്കിൽ അത് കേരളമായിരിക്കും. രാജ്യത്തെ റബറിന്റെ 75 ശതമാനവും കേരളമാണ് ഉൽപാദിപ്പിക്കുന്നത്. എന്നാൽ, കേരളത്തിൽ ആദ്യമായി ഒരു റബർ തൈ നട്ടത് എവിടെയാണെന്ന് നമുക്കറിയുമോ? പെരിയാറിന്റെ തീരത്തുള്ള തട്ടേക്കാട് എന്ന സ്ഥലത്ത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണത് സംഭവിച്ചത്. അവിടെ നിന്നും തുടങ്ങുന്നു കേരളത്തിലെ റബർ കൃഷിയുടെ ചരിത്രം. ഇങ്ങനെ ആഗോളതലത്തിൽ  ഇന്ത്യയിൽ കേരളത്തിൽ റബറിനൊരു മഹത്തായ എന്നാൽ രസകരമായ ചരിത്രമുണ്ട്. റബറിന്റെ ചരിത്രം, ‘റബർ ചരിത്രം’ എന്ന പേരിലുള്ള പുസ്തകമായി റബർ ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റബർ ഗവേഷകനായ ഡോ. വിനോദ് തോമസാണ് റബറിന്റെ ചരിത്രമെഴുതിയിരിക്കുന്നത്. നീണ്ട വർഷങ്ങളുടെ പഠനത്തിന്റെയും അന്വേഷണത്തിന്റെയും ഫലങ്ങളാണ് ഈ പുസ്തകത്തെ സമ്പന്നമാക്കിയിരിക്കുന്നത്. റബറിന്റെ ചരിത്രത്തെക്കുറിച്ചുള്ള ആധികാരികമായ ഗ്രന്ഥമാണിതെന്ന് അവതാരികയിൽ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ.രാഘവൻ ചൂണ്ടിക്കാട്ടുന്നു.

rubber-4

രസകരമായ റബർചരിതം

ഹീവിയ ബ്രസീലിയൻസിസ് എന്ന ശാസ്ത്രനാമമുള്ള റബർ തട്ടേക്കാടു നിന്ന് എത്തിയത് മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാർ എന്ന സ്ഥലത്താണ്. ജോൺ മർഫി എന്ന അയർലൻ‍ഡുകാരൻ സ്ഥാപിച്ച റബർ തോട്ടമായി അതു മാറി. മർഫിയുടെ ദീർഘദർശിത്വവും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും തിരുവിതാംകൂർ രാജാവിന്റെയും പ്രോത്സാഹനവും ഒത്തു ചേർന്നതോടെയാണ് കേരളത്തിൽ റബർ കൃഷിക്ക് നല്ല വേരോട്ടം കിട്ടിയത്. ഇവിടെ നിന്നുള്ള റബർ ബ്രിട്ടീഷുകാർക്ക് രണ്ടാം ലോകമഹായുദ്ധകാലത്ത് വലിയ സഹായമായതോടെ 1947ൽ ഒരു റബർ നിയമം ( Rubber Act-1947) തന്നെ നിലവിൽ വന്നു. പിന്നീട് റബറിന്റെ നാടായ കോട്ടയത്ത് റബർ ബോർഡും സ്ഥാപിക്കപ്പെട്ടതോടെ കൃഷിക്ക് കൂടുതൽ പിന്തുണ ലഭിച്ചു തുടങ്ങി. റബർ ബോർഡ് പുറത്തിറക്കിയ ഉൽപാദനക്ഷമത കൂടിയ ഇനങ്ങൾ കർഷകരുടെ വരുമാനവും വർധിപ്പിച്ചു. അത്രയേറെ ശോഭനനമല്ലാത്ത അവസ്ഥയിലാണ് വർത്തമാന കാലത്ത് കേരളത്തിലെ റബർ കർഷകരുടെ അവസ്ഥ. അപ്പോഴും അവഗണിക്കാൻ കഴിയാത്ത പ്രധാന്യം കേരളത്തിൽ റബർ കൃഷി നേടിയിട്ടുണ്ട് എന്നത് അവിതർക്കിതമാണ്.

റബർ ജനിച്ചതെവിടെ?

തെക്കേ അമേരിക്കയിലെ ആമസോൺ കാടുകളിലാണ് റബറിന്റെ ഉത്ഭവം. റബർമരത്തിൽ നിന്നും വരുന്ന ലാറ്റക്സിന് പലതരത്തിലുള്ള ഉപയോഗങ്ങൾ ഉണ്ടെന്ന് അവിടുത്തെ മനുഷ്യർ തിരിച്ചറിയുന്നിടത്ത് റബറിന്റെ ചരിത്രം തുടങ്ങുന്നു. രൂക്ഷഗന്ധവും ചൂടിൽ ഉറച്ചുപോകുന്ന പ്രകൃതവും കാരണം കാര്യമായ ഉപയോഗം നടന്നില്ല. എന്നാൽ ചാൾസ് ഗുഡ്ഇയർ എന്ന അമേരിക്കൻ സ്വദേശി, റബറിനെ സൾഫർ ചേർത്ത് തിളപ്പിച്ച് കടുത്ത ചൂടും തണുപ്പും ബാധിക്കാതെയാക്കുന്ന വൾക്കനൈസേഷൻ എന്ന പ്രക്രിയ കണ്ടെത്തിയതോടെ റബറിന്റെ ചരിത്രഗതി മാറിമറഞ്ഞു. ജോൺ ഡൺലപ്പ് എന്നയാൾ ടയർ നിർമാണത്തിന് റബർ ഉപയോഗിക്കാം എന്നു കൂടി കണ്ടെത്തിയതോടെ റബറിന്റെ രാശി തെളിയുകയായിരുന്നു. റബർ വാങ്ങാൻ തെക്കേ അമേരിക്കയിൽ പോകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഹെൻറി വിക്കാം എന്ന ബ്രിട്ടീഷുകാരൻ അവയുടെ വിത്തുകൾ രഹസ്യമായി കൊണ്ടുവന്ന് മലയായിൽ കൃഷി തുടങ്ങി. പിന്നീടത് മറ്റു രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധകാലത്ത് റബറിന്റെ ആവശ്യകതയും വിലയും കുത്തനെ ഉയർന്നത് കൃഷിക്ക് പ്രോത്സാഹനമായി.

മായൻസ് കുട്ടികളുടെ പന്തുതട്ടിക്കളി  മുതൽ റബർ ബോർഡിന്റെ ആവിർഭാവം വരെ

500 വർഷങ്ങൾക്കു മുൻപ് യൂറോപ്പിൽനിന്ന് തെക്കേ അമേരിക്കയിലെത്തിയവർ ഒരു കാഴ്ച കണ്ടു. ആമസോൺ കാടുകളിലെ റബർമരങ്ങളിൽ കല്ലുകൊണ്ടിടിച്ച് മുറിവുണ്ടാക്കി ഒഴുകി വരുന്ന പാൽ കൊണ്ട് പന്തുണ്ടാക്കി കുട്ടികൾ കാൽ കൊണ്ട് തട്ടിക്കളിക്കുന്നത്. ഈ കാഴ്ചയാണ് റബർ കൃഷി, വ്യവസായം എന്നിവയുടെ പിന്നീടുള്ള വളർച്ചയ്ക്ക് തുടക്കമിട്ടത്. 1500 കാലത്തെ മായൻസ് കുട്ടികളുടെ ആ പന്തുതട്ടിക്കളി മുതൽ 1947ലെ റബർ ബോർഡിന്റെ സ്ഥാപനം വരെയുള്ള റബർ ചരിത്രത്തിന്റെ നെടുംതൂണായ ഏതാനും ഏടുകളാണ് ഡോ. വിനോദ് തോമസിന്റെ 17 അധ്യായങ്ങളുള്ള പുസ്തകത്തിൽ വിവരിക്കപ്പെടുന്നത്. കർഷകർക്കു മാത്രമല്ല റബറിനോടും കൃഷിയോടും താൽപര്യമുള്ള ആരും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

വിശദവിവരങ്ങൾക്ക്: റബർ ബോർഡ്, കോട്ടയം. ഫോൺ: 0481 230 1231

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com