വന്യമൃഗശല്യം നേരിടാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകി കേന്ദ്രം; പക്ഷേ...
Mail This Article
2021 ജനുവരി 5ന് നടന്ന കേന്ദ്ര വൈൽഡ്‌ലൈഫ് ബോർഡിന്റെ 60–ാം യോഗത്തിലാണ് വന്യമൃഗശല്യം നേരിടാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകുന്ന തീരുമാനം എടുത്തത്. ദൗർഭാഗ്യവശാൽ ഈ തീരുമാനം വന്നു രണ്ടര മാസം കഴിഞ്ഞിട്ടും കേരളത്തിൽ ഈ തീരുമാനം നടപ്പാക്കാൻ ശ്രമിച്ചില്ല എന്ന് മാത്രമല്ല ഇങ്ങനെ ഒരു തീരുമാനം വന്നതായി പോലും സംസ്ഥാന സർക്കാർ അറിഞ്ഞ മട്ടില്ല.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5C(2a) പ്രകാരം കേന്ദ്ര വന്യജീവി ബോർഡിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. (F. No. 8-60/2020 WL ). അതോടൊപ്പം തന്നെ വന്യമൃഗശല്യം മൂലം പരിക്കേൽക്കുകയോ , മരണപ്പെടുകയോ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ ആദ്യ ഗഡു ആശ്വാസ ധനം നൽകണം എന്നും നിർദേശവും വന്നിട്ടുണ്ട്.
വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വളരെയധികം ആശ്വാസം നൽകുന്ന ഈ ഒരു തീരുമാനം നൂറു ശതമാനം സ്വാഗതാർഹമാണ്.
പ്രാദേശിക വികസനത്തിൽ ഗ്രാമപഞ്ചായത്തുകൾ നിർവഹിക്കുന്ന റോളിനെ അടിസ്ഥാനപ്പെടുത്തി വന്യമൃഗശല്യം പരിഹരിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളെ അധികാരപ്പെടുത്താൻ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11(1b) പ്രകാരം സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം ഉണ്ടായിരിക്കും എന്നാണ് പുതിയ നിർദേശം.
നിലവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് മാത്രമുള്ള അധികാരം പഞ്ചായത്തു ഭരണസമിതിക്കു ലഭിച്ചാൽ വന്യ ജീവി സംരക്ഷണ നിയമത്തിലെ 2, 3, 4 പട്ടികയിലുള്ള ഏതു മൃഗത്തെയും കൊല്ലാനുള്ള ഉത്തരവിടാൻ പഞ്ചായത്തുകൾക്ക് കഴിയുകയും വന്യമൃഗശല്യത്താൽ പൊറുതി മുട്ടുന്ന ജനങ്ങൾക്ക് വളരെയധികം ആശ്വാസം ആകുകയും ചെയ്യും. നിലവിൽ കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയിൽ, മാൻ മുതലായവയെല്ലാം ഈ പട്ടികയിലുള്ളവയാണ്.
പക്ഷേ ഉദ്യോഗസ്ഥ മേധാവിത്തത്തിൽ നിന്നും പഞ്ചായത്തു പോലുള്ള ജനകീയ വേദികളിലേക്ക് ഈ അധികാരം കൈമാറാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇവിടുത്തെ ഭരണാധികാരികൾക്ക് ഉണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.
കേന്ദ്രം ഇങ്ങനെ ഒരു തീരുമാനം എടുത്ത സ്ഥിതിക്ക്, എല്ലാം കേന്ദ്ര നിയമങ്ങളാണ്, കേന്ദ്രം അനുവദിക്കാത്തത് കൊണ്ടാണ് ഞങ്ങൾ ചെയ്യാത്തത് എന്ന പതിവ് പല്ലവി കേരളത്തിലെ ഭരണാധികാരികൾ അവസാനിപ്പിക്കും എന്ന് കരുതുന്നു. രണ്ടര മാസം മുൻപ് വന്ന ഈ നിർദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്ന് കിഫ വളരെ ശക്തമായി സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെടുകയാണ്.
അതോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് സമയം ആയതുകൊണ്ട് വോട്ടു ചോദിച്ചു വരുന്ന സ്ഥാനാർഥികളോടും ഈ ആവശ്യം ഉന്നയിക്കുകയും നിങ്ങൾ അധികാരത്തിൽ വന്നാൽ ഉടൻ തന്നെ പഞ്ചായത്തുകളിലേക്ക് ഈ അധികാരം കൈമാറുമോ എന്ന ചോദ്യം കൂടി ചോദിക്കണമെന്നും അഭ്യർഥിക്കുന്നു.
English summary: State Cheif Wildlife Wardens may utilise the Panchayat for dealing with problematic wild animals