ADVERTISEMENT

പ്ലസ് ടുവിനു പഠിക്കുമ്പോഴാണ് സ്വാതി നായർ ഒരു ഫാന്റസി ഫിക്‌ഷൻ എഴുതിത്തുടങ്ങുന്നത്. അതും ഹാരി പോട്ടർ എന്ന ലോകോത്തര ഫാന്റസി കഥാ പരമ്പരയിൽനിന്നു പ്രചോദനമുൾക്കൊണ്ട്. അങ്ങനെ എഴുതാൻ പലരും ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വിജയിച്ച അപൂർവം പേരിലൊരാളാണ് സ്വാതി. ലോക്ഡൗൺ സമയത്ത് തുടങ്ങിയ എഴുത്ത് ഇപ്പോൾ പുസ്തകമായിരിക്കുന്നു. ലോകമെങ്ങുമുള്ള വായനക്കാർ ആവേശത്തോടെയാണ് ‘അർഗൻസ് - ദ ഡ്രീം നൈറ്റ്സ്’ എന്ന പുസ്തകം വാങ്ങുന്നതും വായിക്കുന്നതും. ആമസോണിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ആമസോണിന്റെ ഫിക്‌ഷൻ മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. ആമസോണിൽ സാഹസിക പുസ്തകങ്ങളുടെ വിഭാഗത്തിൽ ബെസ്റ്റ് സെല്ലറാണ് മികച്ച നിരൂപണങ്ങളും സ്റ്റാറുകളും ലഭിച്ച അർഗൻസ് - ദ ഡ്രീം നൈറ്റ്സ്. സ്വാതി നായർ പുസ്തകത്തെക്കുറിച്ച്

 

അർഗൻസ് - സ്വപ്നത്തിന്റെ കഥ

ഇവാൻ എന്ന 12 കാരന്റെ കഥയാണ് അർഗൻസ്. അനാഥനായ ഇവാൻ ചുറ്റുമുള്ള ഒന്നിലും സന്തോഷവാനായിരുന്നില്ല. വീർപ്പുമുട്ടിക്കുന്ന ഈ ലോകത്തുനിന്ന് എങ്ങയെങ്കിലും രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഇവാൻ ഒരു ദിവസം ഉറക്കമുണരുന്നത് ഡാൻഡലയൺ എന്ന സ്വപ്നലോകത്താണ്. അവിടെ ഇവാനും അവന്റെ കൂട്ടുകാരും ചുരുളഴിക്കുന്ന ഒരു രഹസ്യവും അത് ഒടുവിൽ അവരെ കൊണ്ടെത്തിക്കുന്ന അപ്രതീക്ഷിതവും രസകരവുമായ സാഹചര്യങ്ങളുമാണ് ഈ പുസ്തകം പറയുന്നത്.

 

ഞാൻ കോട്ടയത്തുണ്ട്

ഞാൻ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽനിന്ന് വരുന്നു. മാന്നാനം കെഇ കോളേജിൽ ബിഎ ഇക്കണോമിക്സ് ആദ്യ വർഷ വിദ്യാർഥിനിയാണ്. എഴുത്തിനു പുറമേ വായിക്കാനും യാത്രചെയ്യാനും ഇഷ്ടമാണ്

rgans

 

ഇവാന്റെ ഡാൻഡലയണിലെ 8‌ വർഷങ്ങൾ

കഥയെ കുറിച്ചുള്ള ആദ്യത്തെ ആശയം ‘ഇവാന്റെ ഡാൻഡലയണിലെ 8‌ വർഷങ്ങൾ’ എന്ന് മാത്രമായിരുന്നു. ഈ 8 വർഷങ്ങൾ ഒരു പുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിലും നല്ലത് 8 പുസ്തകങ്ങൾ ആക്കുന്നതാണെന്ന് തോന്നി. അങ്ങനെയാണ് സീരീസ് ഇത്രയും വലുതായത്. ഫാന്റസി ഫിക്‌ഷൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സാങ്കൽപിക ലോകങ്ങൾക്കും കഥാപാത്രങ്ങൾക്കും ജീവൻ വയ്പിക്കാനും അത് വിശ്വസനീയമായ രീതിയിൽ വായനക്കാരിലേക്ക് എത്തിക്കാനുമുള്ള ഫാന്റസി കഥകളുടെ കഴിവ് എന്നെ അതിശയപ്പെടുത്തിയിരുന്നു. അതാണ് ഫാന്റസി ഫിക്‌ഷൻ തിരഞ്ഞെടുക്കാൻ കാരണം. 

ഈ കഥ എങ്ങനെ വന്നുവെന്ന് എനിക്കും ഓർമയില്ല. മറന്നു പോകേണ്ട എന്നു കരുതി എഴുതിത്തുടങ്ങിയതാണ്. അത് പിന്നീട് വലിയ ഒരു കഥയായി.

 

ലോക്ഡൗണിൽ തുടങ്ങി 

കഥ എഴുതിത്തുടങ്ങുന്നത് ലോക്ഡൗണിനിടക്കാണ്. ദിവസവും ഞാൻ എന്തോ എഴുതുണ്ടെന്നല്ലാതെ കൂടുതലൊന്നും ആർക്കും അറിയില്ലായിരുന്നു. പക്ഷേ പ്രസിദ്ധീകരിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോഴാണ് എല്ലാവരും ത്രില്ലടിച്ചത്. വീട്ടിൽ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് അനിയനാണ്. കഥയിലെ പല പേരുകളും സ്ഥലങ്ങളും അവനുണ്ടാക്കിയതാണ്. ടൈപ്പ് ചെയ്യുമ്പോൾ കഥ വായിച്ചു തന്നതും അവൻ തന്നെയാണ്. പിന്നെ എന്റെ കൂട്ടുകാരും ഒരുപാട് സഹായിച്ചിരുന്നു. ടൈപ്പ് ചെയ്ത കഥ ആദ്യം വായിച്ചതും തിരുത്തുകൾ പറഞ്ഞുതന്നതും കൂട്ടുകാരിയാണ്.

 

ആമസോൺ വഴി

ആർഗൻസ് സെൽഫ് പബ്ലിഷിങ് ആണ് ചെയ്തത്. ആമസോണിന്റെ കിൻഡിൽ ഡയറക്ട് പബ്ലിഷിങ്ങിലൂടെ ഇ-ബുക്ക് ആയാണ് പ്രസിദ്ധീകരിച്ചത്. ഇത് ആമസോണിന്റെ എല്ലാ രാജ്യത്തെയും വെബ്സൈറ്റുകളിലും ലഭ്യമാണ്. യുകെ, യുഎസ്, ജർമനി, ഫ്രാൻസ്, ഇറ്റലി, കാനഡ, ജപ്പാൻ, സ്പെയിൻ എന്നിവിടങ്ങളിൽ പുസ്തകമായും ലഭിക്കും.

 

എഴുത്തുകാരല്ല പുസ്തകങ്ങളാണ് പ്രിയം

എഴുത്തുകാരേക്കാൾ അവരുടെ പുസ്തകങ്ങളാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്. ജെ. കെ റൗളിങ്ങിന്റെ ഹാരി പോട്ടർ സീരീസും സി. എസ്. ലൂയിസിന്റെ ക്രോണിക്കിൾസ് ഓഫ് നാർനിയയുമാണ് ഫാന്റസി ഫിക്‌ഷനോടുള്ള എന്റെ ഇഷ്ടം കൂട്ടിയത്. ‌എന്നിരുന്നാലും ഒരു ഇന്ത്യൻ എഴുത്തുകാരനായിട്ടും തന്റെ ഇംഗ്ലിഷ് പുസ്തകങ്ങൾ ലോകമെമ്പാടും വൻവിജയമാക്കി മാറ്റിയ അമീഷ് ത്രിപാഠി എനിക്കു വലിയ പ്രചോദനമാണ്.

 

കഥകളെല്ലാം മനസ്സിലുണ്ട്...

സീരീസിന്റെ രണ്ടാം ഭാഗം ഇപ്പോൾ പകുതിയോളം എഴുതി. ഈ വർഷം തന്നെ അത് പ്രസിദ്ധീകരിക്കും. ആദ്യം ഇ ബുക്ക് ആകും. ‌ആദ്യത്തെ പുസ്തകത്തിൽ, യുദ്ധത്തിൽനിന്ന് പിൻതിരിഞ്ഞ ശത്രുരാജ്യക്കാർ തിരിച്ചു വരുമോ... വരുമെങ്കിൽ എന്ത് ഉദ്ദേശ്യത്തോടെയാണ് എന്നു രണ്ടാം പുസ്തകത്തിൽ അറിയാം. ഇവാനും കൂട്ടുകാരും കടന്നുപോകുന്ന സാഹസികത നിറഞ്ഞ ഒരുപാട് സന്ദർഭങ്ങൾ രണ്ടാമത്തെ പുസ്തകത്തിൽ ഉണ്ടാവും. ‌ബാക്കിയുള്ള പുസ്തകങ്ങളുടെ കഥ അറിയാം. എങ്കിലും ഒന്നു കഴിഞ്ഞതിനു ശേഷം അടുത്തത് എഴുതിത്തുടങ്ങാമെന്ന് വിചാരിക്കുന്നു.

 

മലയാളമല്ല ഇംഗ്ലിഷ്...

അർഗെൻസ് ഇംഗ്ലിഷിൽ എഴുതാനുള്ള പ്രധാന കാരണം, മലയാളത്തിൽ എഴുതിയിരുന്നെങ്കിൽ അത് മലയാളി വായനക്കാർക്ക് ഇടയിൽ ഒതുങ്ങിപ്പോയേനേ. ഇത്തരമൊരു കഥ ഇഷ്ടപ്പെടുന്ന, മലയാളം വായിക്കാൻ അറിയാത്ത വായനക്കാരിലേക്ക് ആർഗൻസ് എത്തില്ലായിരുന്നു.‌ പിന്നെ ഇംഗ്ലിഷിൽ എഴുതുന്നത് കൂടുതൽ എളുപ്പമായി തോന്നി. അതുകൊണ്ടൊക്കെയാണ് ഇംഗ്ലിഷ് തിരഞ്ഞെടുത്തത്.

English Summary: Talk with writer Swathi Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com