വേഡ്സ്വര്‍ത്തും സഹോദരിയും തമ്മിലുള്ള അസാധാരണ അടുപ്പം; വിവാദം, വെളിപ്പെടുത്തൽ
Mail This Article
ഇംഗ്ലിഷ് കവി വേഡ്സ്വര്‍ത്തും സഹോദരിയും തമ്മിലുള്ള ബന്ധം യഥാര്‍ഥത്തില്‍ എങ്ങനെയായിരുന്നു ? കവി ജീവിച്ചിരുന്ന കാലത്തുതന്നെ ഈ ചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങളാണ് ലഭിച്ചിരുന്നത്. സഹോദരീ സഹോദരന്മാര് തമ്മില്‍ ഉണ്ടായിരുന്നതിനേക്കാളും അടുത്ത ബന്ധം ഇരുവരും തമ്മിലുണ്ടായിരുന്നു എന്നതാണ് ബന്ധത്തെ വിവാദത്തിലാക്കിയത്.
ഇവരുടെ അടുത്ത ബന്ധം നിലനില്ക്കുമ്പോള് തന്നെ കവി വിവാഹിതനായതോടെ അവരുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടായി എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും ദുരൂഹത മാറാത്ത ബന്ധത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ ക്കൊരുങ്ങി ഒരു പ്രദര്‍ശനം അണിയറയില്‍ ഒരുങ്ങുന്നു. ബ്രിട്ടനിലെ കോക്കര്മൗത്തിലെ വേഡ്സ്വര്‍ത്ത് ഹൗസില്‍ നടക്കുന്ന പ്രദര്‍ശനമാണ് കവിയുടെ ജീവിതത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാന്‍ ശ്രമിക്കുന്നത്.
ഇപ്പോഴും ആ കിംവദന്തി പടരുന്നുണ്ട്. തീര്‍ച്ചയായും ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കേണ്ടിയിരി ക്കുന്നു- പ്രദര്‍ശനത്തിന്റെ വിസിറ്റര്‍ എക്സ്പീരിയന്‍സ് മാനേജരായ സോ ഗില്‍ബര്‍ട്ട് അഭിപ്രായപ്പെട്ടു.
പ്രകൃതിയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പാടിയ വില്യം വേഡ്സ്വര്‍ത്തും സഹോദരി ഡൊറോത്തിയും തമ്മിലുള്ള ബന്ധം അസാധാരണമായിരുന്നെങ്കിലും ഇരുവരും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെ ന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ട്. കുട്ടിക്കാലത്ത് കുടുംബത്തില്‍ സംഭവിച്ച ക്രൂരമായ അനുഭവങ്ങളാണ് സഹോദരീ സഹോദരന്മാരെ തമ്മില്‍ അടുപ്പിച്ചതെന്നാണ് കവിയെക്കുറിച്ച് ഒട്ടേറെ ഗവേഷണം നടത്തിയ കാത്ലീന് ജോണ്‍സ് പറയുന്നത്.
അമ്മയുടെ അകാലത്തിലുള്ള മരണത്തെത്തുടര്‍ന്ന് വേഡ്സ്വര്‍ത്തും ഡൊറോത്തിയും 9 വര്‍ഷം വേര്‍പിരിഞ്ഞു കഴിഞ്ഞെന്നും പിന്നീട് ഒരിക്കലും പിരിയാതെ ഒത്തുചേര്‍ന്നുവെന്നും കാത്ലീന് ചൂണ്ടിക്കാട്ടുന്നു. ഭാര്യയുടെ മരണം വേഡ്സ്വര്‍ത്തിന്റെ അച്ഛനെ പൂര്‍ണമായി ഉലച്ചിരുന്നു. ഹൃദയം തകര്‍ന്ന അദ്ദേഹം മക്കളെ നോക്കുന്ന ചുമതല ബന്ധുക്കളെ ഏല്പിക്കുകയായിരുന്നു. അമ്മ മരിക്കുമ്പോള്‍ വേഡ്സ്വര്‍ത്തിന് 8 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഡൊറോത്തിക്ക് 7 ഉം. കുടുംബം വേര്‍പിരിഞ്ഞതോടെ സ്നേഹത്തിനും സന്തോഷത്തിനു സമാധാനത്തിനുമെല്ലാം ഡൊറോത്തിക്ക് ആശ്രയിക്കാനുണ്ടായിരുന്നത് സഹോദരനെ മാത്രമായിരുന്നു. അങ്ങനെയാണ് അവര്‍ തമ്മിലുള്ള അടുപ്പം തീവ്രമാകുന്നതും.
അകല്‍ച്ചയ്ക്കുശേഷം കവിയും ഡൊറോത്തിയും കൂടിക്കണ്ടപ്പോള്‍ അവര്‍ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. കണ്ണുകളില്‍ അവര്‍ കണ്ടത് അവരുമായി സമാനതയുള്ള വ്യക്തികളെയായിരുന്നു. ഒരേ വികാരങ്ങള്‍. ഒരേ വിചാരങ്ങള്‍. ഇങ്ങനെയൊരു അനുഭൂതി പ്രണയത്തില്‍ സംഭവിക്കാറുണ്ട്. ഒരു വ്യക്തിയെ കാണുമ്പോള്‍ ഇതാ എന്നെപ്പോലെ ഒരു വ്യക്തി എന്നു തോന്നുന്നതാണ് പ്രണയത്തിന്റെ തുടക്കം. ഞാന്‍ കാത്തിരുന്ന വ്യക്തി, എനിക്കായി ജനിച്ച വ്യക്തി എന്ന തോന്നല്‍ പ്രണയ ത്തിന്റെ വികാര വിചാരങ്ങളാണ്. 9 വര്‍ഷത്തെ വേര്‍പാടിനു ശേഷം പരസ്പരം കാണുമ്പോള്‍ കവിയും സഹോദരിയും അനുഭവിച്ചതും ഇതേ വികാരങ്ങള്‍ തന്നെയായിരുന്നത്രേ. ഒടുവില്‍ കവി വിവാഹതനായതോടെ അവരുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടായി. എങ്കിലും മൂന്നുപേരും ഒരുമിച്ച് ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നത്.
ചൈല്‍ഡ് ഈസ് ദ് ഫാദര്‍ ഓഫ് മാന്‍ എന്നാണ് വേഡ്സ്വര്ത്തിനെക്കുറിച്ചുള്ള പ്രദര്‍ശനത്തിന് പേരിട്ടിരിക്കുന്നത്. വേഡ്സ്വര്‍ത്തും ഡൊറോത്തിയും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് പല കാലത്തായി പല കഥകള്‍ പുറത്തുവന്നിരുന്നു. ഇരുവരുടെയും ജീവചരിത്രങ്ങളിലും ദുരൂഹമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു യാത്രയില്‍ ‘ വേഡ്സ്വര്‍ത്തിന്റെ കരവലയത്തില്‍ ഒതുങ്ങിനിന്നപ്പോള്‍ താന്‍ വടക്കന്‍ ശീതക്കാറ്റിന്റെ തണുപ്പറിഞ്ഞില്ല’ എന്ന ഡൊറോത്തിയുടെ വാക്കുകളും ഏറെ തെറ്റിധരിക്കപ്പെട്ടിരുന്നു.
English Summary: New exhibition will explore William Wordsworth and his sister’s relationship