ADVERTISEMENT

സർക്കാർ രേഖകളിലില്ലാത്ത പേരാണ് മാന്തളിർ. പത്തനംതിട്ട കുളനട പഞ്ചായത്തിലെ ‘മാന്തുക’ എന്ന സ്ഥലത്തിന്റെ മറ്റൊരു പേരാണ് മാന്തളിർ. ഈ രണ്ടുപേരിലും അറിയപ്പെടുന്ന ഗ്രാമത്തിനിപ്പോൾ ബെന്യാമിൻ എന്നൊരു മേൽവിലാസം കൂടിയുണ്ട്. മാന്തളിരിനെ വായനക്കാരുടെ ഹൃദയത്തിൽ ഒരിക്കലും പൊട്ടാത്ത സുന്ദരമായ അക്ഷരനൂലുകൾ കൊണ്ടാണ് ബെന്യാമിൻ കൂട്ടിക്കെട്ടിയിരിക്കുന്നത്. 1970 മുതൽ 90 വരെയുണ്ടായ സാമൂഹിക മാറ്റം വരച്ചുകാട്ടിയ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന നോവൽ വയലാർ പുരസ്കാരത്തിൽ തിളങ്ങിനിൽക്കുന്നു. പ്രവാസിയായ നജീബിന്റെ ദുരിതജീവിതം വരച്ചുകാട്ടിയ നോവൽ ‘ആടുജീവിതം’ 2 ലക്ഷം കോപ്പി പിന്നിട്ട വേളയിൽതന്നെയാണ് മാന്തളിരിന്റെ നേട്ടവും.

കുളനട ഞെട്ടൂർ ഗ്രാമത്തിലെ മണ്ണിൽ പുത്തൻവീട്ടിലിരുന്നാണ് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ബെന്യാമിൻ എഴുതിയത്. ദേശത്തിന്റെ ചരിത്രം എന്ന ഒറ്റവാക്കിലാണ് നോവലിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. നോവലിൽ കഥപറയുന്ന മൂന്നു കുട്ടികളിലും തന്റെ ബാല്യത്തിന്റെ അംശമുണ്ടെന്നതു മാന്തളിരിനെ ബെന്യാമിനു കൂടുതൽ പ്രിയങ്കരമാക്കുന്നു. എഴുത്തു ജീവിതത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും അദ്ദേഹം ‘മനോരമ’യോടു സംസാരിക്കുന്നു...

കഥകളിൽ മാന്തളിർ ദേശം മുഖ്യ കഥാപാത്രമായതെങ്ങനെ?

പല ദേശങ്ങളെക്കുറിച്ചുള്ള നോവലുകളും കഥകളുമൊക്കെ വായിച്ചിട്ടുണ്ട്. സ്വന്തം നാടിനെക്കുറിച്ച് അങ്ങനെയൊന്നില്ല എന്ന ചിന്ത അലട്ടിയിരുന്നു. പിന്നീട് എഴുത്തുകാരനായപ്പോളാണ്, നാടിനു പറയപ്പെടാതെ പോയൊരു കഥയുണ്ടെന്നും എഴുത്തിലേക്കെത്തിക്കാൻ തക്ക മൂല്യമുള്ളതാണെന്നും കണ്ടെത്താനായത്. ഒരു ദേശത്തേയും അവിടുത്തെ മനുഷ്യരെയും സംസ്കാരത്തെയും ജീവിതഘട്ടങ്ങളെയും കോർത്തിണക്കി പുതിയ കഥകൾ പറയാനാണു ശ്രമിച്ചത്. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ജനിച്ചു വളർന്ന നാടാണ് ഏറ്റവും സുരക്ഷിത ഇടം. സ്വന്തം ദേശത്തെ അടയാളപ്പെടുത്തി കഥ പറയുന്നതാണു നല്ലതും എളുപ്പവും. മാന്തളിരിനെ അടയാളപ്പെടുത്തണമെന്ന് അതിയായി ആഗ്രഹിച്ചതിന്റെ ഫലമാണ് ഈ നോവലുകൾ. അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾ, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്നീ നോവലുകളിലൂടെ നാടിന്റെ നേർചരിത്രം പറഞ്ഞപ്പോൾ, ‘നിശബ്ദ സഞ്ചാരങ്ങൾ’ എന്ന മൂന്നാമത്തെ നോവൽ വിദേശത്തുപോയ ദേശക്കാരുടെ കഥയാണ്. പ്രവാസകാലത്തു നാടിനുണ്ടായ സാമൂഹികവും രാഷ്ട്രീയവും മതപരവുമായ മാറ്റങ്ങളും പുതിയ കാലത്തിന്റെ കഥയും ചരിത്രവുമൊക്കെ അടയാളപ്പെടുത്തുന്ന നാലാം നോവലിലൂടെ മാന്തളിർ പരമ്പര പൂർത്തിയാകുമെന്നാണു പ്രതീക്ഷ.

സഭാതർക്കം പോലും രസകരമായ കഥയാക്കിയതെന്തുകൊണ്ടാണ്?

‘അബീശഗിൻ’ എന്ന ആദ്യ നോവലിനു ശേഷമുണ്ടായ ആലോചനയിലാണു സഭാതർക്കത്തിന്റെ പശ്ചാത്തലത്തിൽ ദേശചരിത്രം നോവലാക്കാമെന്ന ചിന്തയുണ്ടായത്. ഓർമയുള്ള കാലംമുതൽ ഒപ്പമുള്ളതാണത്. കുഞ്ഞുകാലത്തിന്റേതായി മനസ്സിലിന്നും ഉടക്കിക്കിടക്കുന്ന ഓർമ പള്ളിയിൽ നടന്നൊരു വഴക്കാണ്. സഭാതർക്കം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിലുള്ളവർക്കപ്പുറം വലിയൊരു ജനവിഭാഗത്തിനും കാര്യമായ പിടിയില്ല. നോവലിലൂടെ അതു ലളിതമായി പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാക്കാനാകുമെന്ന ചിന്തയാണ് ‘അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾ’ എന്നതിലേക്കെത്തിച്ചത്. അക്കാലത്തെ ഒട്ടേറെ കുറിപ്പുകളും നോട്ടിസുകളും കോടതി വിധികളുടെ പകർപ്പുമൊക്കെ അതിനു വഴിതെളിച്ചു. 1950 മുതൽ 70 വരെയുള്ള കാലഘട്ടത്തെ കഥപറയാൻ തിരഞ്ഞെടുത്തെങ്കിലും നാടിന്റെ ചരിത്രം പറഞ്ഞുതീർക്കാൻ കഴിഞ്ഞില്ല. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങളും നിശ്ശബ്ദ സഞ്ചാരവും പിറന്നത് അങ്ങനെയാണ്. ഇതിനോടു ചേർന്നു നിൽക്കുന്നതാകും നാലാം നോവൽ.

literature-writer-benyamin-novelist
ബെന്യാമിൻ കുളനട ഞെട്ടൂരിലെ വീട്ടിൽ. ചിത്രം : അരവിന്ദ് വേണുഗോപാൽ ∙ മനോരമ

നാട്ടുകാരും ബന്ധുക്കളും സംഭവങ്ങളുമൊക്കെ നോവലിൽ നിറസാന്നിധ്യമായതു ബോധപൂർവം സൃഷ്ടിച്ചതാണോ ?

നടന്ന സംഭവങ്ങൾ അതേപോലെ പകർത്തുന്നതിനു പകരം കഥകൾ രൂപപ്പെടുത്തുകയായിരുന്നു. സംഭവങ്ങളിലേക്കു കഥാപാത്രങ്ങളെ ഇറക്കിവയ്ക്കുകയോ കഥാപാത്രങ്ങളിലേക്കു ചില സന്ദർഭങ്ങളെ ചേർത്തുകെട്ടുകയോ ആയിരുന്നു. അതു മാന്തളിരിൽതന്നെ നടന്നതാകണമെന്നില്ല. മധ്യതിരുവിതാംകൂറിൽ പല ദേശങ്ങളിലായി പലകാലങ്ങളിൽ നടന്ന കാര്യങ്ങൾ കഥയിലേക്കെത്തിച്ചു. ചരിത്രം അതുപോലെ പറഞ്ഞാൽ വായനാ വിരസത ഉണ്ടാകുമെന്നതിനാൽ ഭാവനയുടെ സാധ്യതകൾ നന്നായി ഉപയോഗിച്ചിട്ടുണ്ട്. നാടിനും നാട്ടുകാർക്കും കാലാകാലങ്ങളിലുണ്ടായ മാറ്റങ്ങളും സഭാ, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളും വിശദമായി പഠിച്ച ശേഷമാണ് കഥയും കഥാപാത്രങ്ങളും രൂപപ്പെടുത്തിയത്. യാഥാർഥ സംഭവങ്ങളും വ്യക്തികളുമുണ്ടെന്നതുപോലെ തന്നെ ഭാവനയിൽ രൂപപ്പെട്ട സന്ദർഭങ്ങളും കഥാപാത്രങ്ങളുമുണ്ട്. അവ തമ്മിൽ കൂട്ടിച്ചേർക്കുകയായിരുന്നു. അക്കപ്പോര് പുറത്തുവന്നപ്പോൾ കഥാപാത്രങ്ങളിൽ ചിലർ വിഷമം പറഞ്ഞിട്ടുണ്ട്. പക്ഷേ, അവരോടുള്ള സ്നേഹംകൊണ്ടാണു കഥാപാത്രങ്ങളെ അതുപോലെ തന്നെയെടുക്കാൻ കാരണം. വേണമെങ്കിൽ ‌വേറെ പേരിട്ട് അവതരിപ്പിക്കാമായിരുന്നു. അവർ ഹൃദയത്തോടു ചേർന്നു നിൽക്കുന്നവരും പ്രിയരുമായതിനാലാണ് ആ സ്വാതന്ത്ര്യം എടുത്തത്.

അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങളും മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങളുമൊക്കെ പറയുന്ന കാലഘട്ടത്തിൽനിന്ന് 2021ൽ എത്തി നിൽക്കുമ്പോഴുള്ള സാമൂഹികമാറ്റം എത്രത്തോളമാണ് ?

എല്ലാ മേഖലയിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. നോവലുകളിൽ പറയുന്ന കാലഘട്ടം സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും കാലമായിരുന്നു. ദേവാലയങ്ങളിൽ ഒരാവശ്യമുണ്ടായാൽ വിശ്വാസികളിൽനിന്നു പിരിച്ചും ലേലം നടത്തിയുമൊക്കെയാണു പണം കണ്ടെത്തിയിരുന്നത്. നാടിന്റെ പൊതുവായ ആവശ്യങ്ങൾ നേടിയെടുക്കാനും ഇതേ സഹകരണമുണ്ടായിരുന്നു. ആ കൂട്ടായ്മയയുടെ കാലം ഇന്ന് ‘സപോൺസർഷിപ്’ എന്ന ഒറ്റയാൾ വിപ്ലവത്തിലെത്തി നിൽക്കുന്നു. ഒരു ധനികൻ പള്ളിക്കായി പുതിയ കൊടിമരം പണിതു നൽകുകയും അതിൽ പേരു പ്രദർശിപ്പിക്കുകയും ചെയ്യുന്നു. സമൂഹം ഇതിനെ അംഗീകരിക്കുന്നതിലേക്കു കാലം ചുരുങ്ങി. സഹകരണത്തിൽനിന്നു സ്വരൂപിക്കുന്ന, എല്ലാവർക്കും പങ്കാളിത്തമുള്ള ഒന്നിൽനിന്ന്, മത, രാഷ്ട്രീയ, സാമൂഹിക സ്ഥാപനങ്ങൾ ഒരാളുടേതായി മാറു‌ന്നതിലേക്കു കാലമെത്തി. നമുക്കിടയിൽ വലിയ ഉൾവലിയലുകൾ ഉണ്ടാകുന്നു. ‘അവനവനിസം’ എന്നതിലേക്കാണു കാലത്തിന്റെ പോക്ക്. ജാതികൾ, മതങ്ങൾ, കക്ഷികൾ തമ്മിൽ സ്ഥിരം പ്രശ്നങ്ങളാണ്. സ്ഥാപനങ്ങളും കെട്ടിടങ്ങളും മാത്രമാണു വലുതാകുന്നത്. മനുഷ്യമനസ്സുകൾ അവനിലേക്കു ചുരുങ്ങുകയാണ്. ആ കെട്ടിടങ്ങൾക്കൊപ്പം രാഷ്ട്രീയമായും ആത്മീയമായും സാമൂഹികമായും മനുഷ്യനും വളർന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു.

പഴയകാലത്തിലേക്കു മടങ്ങിവരവ് ഇനിയുണ്ടാകുമോ ?

സാധിക്കുമെന്നോ ഇല്ലെന്നോ പറയാൻ കഴിയില്ല. പുതുതലമുറയിൽ പ്രതീക്ഷയുണ്ട്. ഇപ്പോൾ നടക്കുന്ന ഏതു സംഭവത്തെയും വിമർശന ബുദ്ധിയോടെയാണവർ സമീപിക്കുന്നത്. നമ്മൾ ഇങ്ങനെയല്ല ജീവിക്കേണ്ടതെന്നും ഒരു കാര്യത്തോടുള്ള സമീപനമെങ്ങനെയാണ് വേണ്ടതെന്നുമൊക്കെ കൃത്യമായി മനസ്സിലാക്കുന്നവരാണവർ. പക്ഷേ, അതിനെ സമൂഹം എത്രത്തോളം വിലമതിക്കുമെന്നാണ് പ്രശ്നം.

യൂറോപ്പാണ് ഏറ്റവും നല്ല ഉദാഹരണം. അവർക്കിടയിലുണ്ടായ ഭിന്നിപ്പ് ലോകമഹായുദ്ധങ്ങളിലാണു കലാശിച്ചത്. അതുകൊണ്ടൊന്നും വലിയ കാര്യമില്ലെന്ന തിരിച്ചറിവുണ്ടാകാൻ അവർക്കു വർഷങ്ങൾ പിന്നിടേണ്ടിവന്നു. ഈ ചരിത്രംകൊണ്ടൊന്നും പഠിക്കാത്ത നമ്മൾ ഇപ്പോഴും ഭിന്നിപ്പിന്റെ പാതയിലാണ്. ഇന്ത്യയിൽ എന്തു സംഭവിച്ചാലാണ് ആ തിരിച്ചറിവുണ്ടാകുകയെന്ന ഭീതി മനസ്സിനെ പൊതിയുന്നുണ്ട്. അങ്ങനെയല്ലാതെ തന്നെ സമൂഹം അതിന്റെ ദുരിതവശം തിരിച്ചറിയട്ടെയെന്നാണു പ്രാർഥന.

കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ നോവലുകളും കഥകളുമൊക്കെ വരുമ്പോൾ പലവിധ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ബെന്യാമിൻ എന്ന എഴുത്തുകാരൻ അതുപോലെ വിമർശിക്കപ്പെട്ടിട്ടില്ലെന്നു തോന്നുന്നു?

ഇങ്ങനെയല്ല ചരിത്രം വ്യാഖ്യാനിക്കേണ്ടതെന്ന് പാർട്ടിതലത്തിലും മറ്റും ചിലർ ചൂണ്ടിക്കാട്ടി എന്നതൊഴിച്ചാൽ അത്ര ഗൗരവമായ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലെന്നതു വസ്തുതയാണ്. കമ്യൂണിസ്റ്റ് പാർട്ടി കൂടുതൽ ജനകീയമായതിന്റെ പ്രതിഫലനമായിട്ടാണ് അതിനെ കാണുന്നത്. ഒരുപക്ഷേ 30 വർഷം മുൻപാണ് ഇതേ നോവൽ എഴുതിയിരുന്നതെങ്കിൽ കുറച്ചുകൂടി വിമർശനമുണ്ടായേനെ. സഭയെ സംബന്ധിച്ചാണെങ്കിലും അങ്ങനെതന്നെയാണ്. കമ്യൂണിസ്റ്റുകാരനാണെങ്കിൽ തെമ്മാടിക്കുഴിയിലേ അടക്കൂ എന്ന കാലഘട്ടത്തിൽനിന്നു നാടിനു കാലം വരുത്തിയ മാറ്റം വളരെ വലുതാണ്. സഭയായാലും രാഷ്ട്രീയമായാലും, എല്ലാവരും കുറച്ചുകൂടി സ്വതന്ത്രരായിട്ടുണ്ടെന്നാണു വിശ്വസിക്കുന്നത്.

സാധാരണ വായനക്കാർക്കിപ്പോഴും ബെന്യാമിൻ എന്നാൽ ‘ആടുജീവിത’ത്തിന്റെ കഥാകാരനാണ്. അത്രയേറെ അതു വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയുമുണ്ടായി‌. അങ്ങനെതന്നെ അറിയപ്പെടാനാണോ താൽപര്യം ?

ഏതെങ്കിലുമൊരു കഥയുടെ എഴുത്തുകാരനായിട്ടല്ല, മറിച്ച് മലയാള സാഹിത്യത്തിൽ എന്തെങ്കിലുമൊക്കെ രേഖപ്പെടുത്തിയിട്ടുള്ളയാൾ എന്നറിയപ്പെടാണ് ഇഷ്ടം. മറിച്ചായിരുന്നെങ്കിൽ പിന്നീടുള്ള നോവലുകളൊക്കെ ആടുജീവിതത്തിന്റെ രീതിയിൽതന്നെ എഴുതാമായിരുന്നു. ഓരോ കഥയ്ക്കും വ്യത്യസ്തമായ രൂപവും ഭാവവും ശൈലിയിലും വേണമെന്നാണ് ആഗ്രഹം. വിഷയ വ്യത്യസ്തത വേണമെന്നു നിർബന്ധമാണ്. ‘ആടുജീവിതവും’ ‘മഞ്ഞവെയിൽ മരണങ്ങളും’ തമ്മിൽ യാതൊരു ബന്ധവുമില്ല. ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ മറ്റൊരു തലമാണ്. മാന്തളിരും നിശബ്ദ സഞ്ചാരവുമൊക്കെ വ്യത്യസ്ത രീതിയിൽ കഥപറഞ്ഞവയാണ്. ആടുജീവിതത്തിന്റെ വിജയം എത്രയായാൽ പോലും അതിനെ അനുകരിക്കാതെ പോകാനാണു ശ്രമം.

‘ആടുജീവിതം’ ഇത്രയേറെ വിറ്റഴിയപ്പെട്ടതിനെ, വായനക്കാരൻ എന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു ?

നോവലിന്റെ പാരായണക്ഷമത തന്നെയാണ് മുഖ്യകാരണം. ഏതൊരു സാധാരണക്കാരനും സുഖമായി വായിച്ചുപോകാവുന്ന രീതിയിലാണതിനെ ചിട്ടപ്പെടുത്തിയത്. വലിയ സാഹിത്യ അഭിരുചിയോ താൽപര്യമോ വേണമെന്നില്ല. നോവൽ പകരുന്ന പ്രത്യാശയാണ് രണ്ടാം ഘടകം. മലയാളി വിചാരിക്കുന്നത് താനാണ് ജീവിതത്തിൽ ഏറ്റവും പ്രതിസന്ധിയും സംഘർഷവും അനുഭവിക്കുന്നതെന്നാണ്. ആടുജീവിതത്തിലെ നായകനായ നജീബിന്റെ ജീവിതവും പ്രതിസന്ധികളുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ പ്രശ്നങ്ങൾ ഒന്നുമല്ലെന്നു മലയാളിക്കു മനസ്സിലാക്കാനായി. അതു പലർക്കും വലിയ ആശ്വാസമായി. ഏതു പ്രതിസന്ധിയിലായാലും ജീവിതം അതിനെ മറികടന്നു പോകേണ്ടതുണ്ടെന്നും നല്ല ജീവിതത്തിനുവേണ്ടി ഏതറ്റംവരെയും പിടിച്ചു നിൽക്കണമെന്നുമുള്ള ആശയം നോവലിലുണ്ട്. ഏതുജോലി ചെയ്യുന്നയാളുമായും നജീബിന്റെ ജീവിതം ചേർത്തുവായിക്കാമെന്നതാണ് മറ്റൊരു കാര്യം.ജീവിതത്തിൽ എപ്പോഴെങ്കിലും ആടുജീവിതത്തിന്റെ ഒരംശമെങ്കിലും അനുഭവിച്ചിട്ടുള്ളവരാണ് നാം. വലിയ ജോലിയെന്നോ ചെറുതെന്നോ അതിനു വ്യത്യാസമില്ല.

ഇരട്ടനോവൽ എന്ന ചിന്തയിലേക്ക് എത്തിയതെങ്ങനെ ?

എഴുത്തിന്റെ ഒരു ഘട്ടത്തിൽവച്ചാണ് ഇരട്ടനോവൽ എന്ന ആശയത്തിലേക്കെത്തിയത്. അറബ് ദേശത്തു സംഭവിച്ചിട്ടുള്ള വിപ്ലവങ്ങൾ, അവരുമായുള്ള സംസാരങ്ങൾ, രാഷ്ട്രീയ വിശകലനങ്ങൾ, ഏകാധിപത്യത്തിന്റെ അനുഭവങ്ങൾ എന്നിവയൊക്കെ അറിയാൻ കഴിഞ്ഞിട്ടുണ്ട്. അന്ന് അതൊന്നും ചിത്രീകരിക്കാനുള്ള അവസരമില്ലായിരുന്നു. പിന്നീടു വിപ്ലവമുണ്ടായ ശേഷമാണ് അതെല്ലാം അടയാളപ്പെടുത്തണമെന്ന ചിന്തയുണ്ടാകുന്നത്. എഴുത്തുവിഭവങ്ങൾ ശേഖരിച്ചു വന്നപ്പോളാണ് അവ ഒരു നോവലിൽ പൂർത്തിയാകില്ലെന്ന് അറിഞ്ഞത്. അതുകൊണ്ടാണ് മുല്ലപ്പൂ വിപ്ലവം നടന്ന അറബ് വസന്തത്തിന്റെ ആദ്യഘട്ടം ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന നോവലും അതിനുശേഷമുള്ളവ ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ എന്നതുമാക്കിയത്. പിന്നീട് ഇതിനെ കൂട്ടിയിണക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.

രാഷ്ട്രീയ വിമർശനങ്ങൾ സൗഹൃദങ്ങൾ ഇല്ലാതാക്കുന്നുണ്ടോ ?

അഭിപ്രായങ്ങൾ പറയുന്നതും നിലപാടുകൾ വ്യക്തമാക്കുന്നതും എഴുത്തുകാരൻ എന്ന നിലയിലല്ല. പൗരനെന്ന നിലയിൽ ഏതൊരു മനുഷ്യനും പറയുന്ന അഭിപ്രായങ്ങൾ മാത്രമാണു പങ്കുവയ്ക്കുന്നത്. എല്ലാവർക്കും അതിനുള്ള സ്വതന്ത്ര്യമുണ്ടെന്ന് തെളിയിക്കുന്നതിനു കൂടിയാണത്. എഴുത്തുകാരനായിപ്പോയതുകൊണ്ട് അഭിപ്രായം പറയരുതെന്നും അതിനു സ്വാതന്ത്ര്യമില്ലെന്നും പറയാൻ പറ്റില്ല. പ്രതികരിക്കാനുള്ള അവകാശം വിമർശിക്കപ്പെടുന്നവർക്കുമുണ്ട്. സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കുമപ്പുറം നിലപാടുകൾ അങ്ങനെതന്നെ കാണാൻ കഴിയണം. നിലപാടുകൾ ബെന്യാമിൻ എന്ന എഴുത്തുകാരന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന പേടിയുമില്ല.

novelist-benyamin-writer-malayalam
ബെന്യാമിൻ കുളനട ഞെട്ടൂരിലെ വീട്ടിൽ. ചിത്രം : അരവിന്ദ് വേണുഗോപാൽ ∙ മനോരമ

എഴുത്തിലെ പരീക്ഷണങ്ങളാണു തന്റെ ശക്തിയെന്നാണു ബെന്യാമിന്റെ പക്ഷം. ഇംഗ്ലിഷ് നോവലിന്റെ വിവർത്തനത്തിലാണിപ്പോൾ. അതിനു കഴിയുമോ എന്നറിയാനുള്ള പരീക്ഷണത്തിന്റെ ഭാഗം കൂടിയാണത്. സിനിമയെഴുത്ത് തന്റെയിടമായി ഇതുവരെ തോന്നിയിട്ടില്ലെങ്കിലും ആ മേഖലയും പരീക്ഷിച്ചു നോക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ബെന്യാമിൻ. തിരക്കഥയെഴുതാൻ അവസരം കിട്ടിയാൽ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം പറയുന്നു. വിശാലമായ കാൻവാസിൽ ചെയ്താൽ ‘മഞ്ഞവെയിൽ മരണങ്ങളും’ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങളും’ മികച്ച സിനിമകളാക്കാമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്. എഴുത്തിനു പൂർണ പിന്തുണയുമായി വിദേശത്തു നഴ്സായ ഭാര്യ ആശയും മക്കളായ രോഹനും കെസിയയുമുണ്ട്.

Content Summary : Novelist Benyamin on bagging the Vayalar Award for 'Manthalirile 20 Communist Varshangal'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com