കല്യാണമല്ല, എന്റെ പ്രായമാണ് ചിലരുടെ പ്രശ്നം: ആശിഷ് വിദ്യാർഥി അഭിമുഖം
Mail This Article
തൊണ്ണൂറുകളിൽ വളർന്നവരിൽ 'കാതൽ പിസാസ്, കാതൽ പിസാസ്' എന്ന പാട്ടു കേൾക്കുമ്പോൾ പേടിയുണ്ടായിരുന്ന കുട്ടിക്കാലമുണ്ടെങ്കിൽ അതിനു ഒരു മുഖമേയുള്ളു; ആശിഷ് വിദ്യാർഥിയുടേത്. ‘സിഐഡി മൂസ’യിലെ ഗൗരീശങ്കർ എന്ന വില്ലനെ ഒരുതരത്തിൽ നൊസ്റ്റാൾജിയ ആക്കിയത് ആ നടന്‍റെ പ്രതിഭയാണ്. നേരിട്ടു കാണുമ്പോൾ നിറഞ്ഞ ചിരിയും വലിയ പ്രതീക്ഷകളുമുള്ള സഹൃദയനായ മനുഷ്യൻ. മനോരമ ഓൺലൈൻ പരിപാടി മെമറികാർഡിൽ ആശിഷ് വിദ്യാർഥി സംസാരിക്കുന്നു.
ചിരിമഴ പെയ്യുന്നു
മഴ കണ്ടപ്പോളൊക്കെ ഇതെവിടേക്കാണ് പോകുന്നതെന്നും, എന്താണ് മഴയുടെ ദേശ കാല കഥകൾ എന്നും ചിന്തിക്കാത്ത കുട്ടികളുണ്ടാകുമോ? മഹാകവി കാളിദാസന്റെ മേഘദൂത് എന്ന ആശയം ഉൾക്കൊണ്ടാണ് 'റെയ്‌നിങ് സ്‌മൈൽസ്' എന്ന രാജ്യാന്തര പരിപാടിയുടെ ആശയം മനസിലുണ്ടാകുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ടൊർണാഡോ ചേയ്സേഴ്സിനെ പോലെ ഇന്ത്യമഹാരാജ്യത്തെ മഴയോടൊപ്പം നടന്നൊരു സ്റ്റാൻഡ് അപ് സംസാരപരിപാടിയുടെ ഒരുക്കത്തിലാണ് ഞാൻ. കന്യാകുമാരി മുതൽ കശ്മീർ വരെ ഓരോ മഴയത്തും ചില കഫെകളിലോ, ഭക്ഷണശാലകളിലോ എന്നെ കാണാം. ആ സമയത്തെ ആലോചിച്ച് എനിക്ക് ഇപ്പോൾത്തന്നെ സന്തോഷവും ആവേശവും തോന്നുന്നു.
‘ഫിഫ്റ്റി പ്ലസ് സിന്ദഗി’
അൻപതിയെയെട്ടാം വയസ്സിലാണ് ഞാൻ സ്റ്റാൻഡ് അപ്പ് കോമഡി തുടങ്ങാമെന്ന് കരുതുന്നത്. അങ്ങനെ ഒരു മാർച്ച് മാസത്തിൽ തുടങ്ങിയ പുതിയ പരിപാടി ഹിറ്റായി. ഒരുപാടുപേർ പുതിയ കൂട്ടുകാരായി. ഒരുപാടു ദേശങ്ങൾ സഞ്ചരിച്ചു. പുതിയ തരം ഭക്ഷണങ്ങൾ കഴിച്ചു. അതെല്ലാം എന്റെ ഗോപ്രോ ക്യാമറയിൽ പകർത്തി. ഈ പ്രായത്തിലും എങ്ങനെ ഇതെല്ലാം സാധിക്കുന്നു എന്ന് ചോദിക്കുന്ന പലരുമുണ്ട്. ഒറ്റ ഉത്തരമേയുള്ളൂ 'ഇഷ്ടങ്ങൾക്കു പ്രായമില്ല'. അൻപതു വയസ്സിനു ശേഷമാണ് ഞാൻ ക്യാമറ ഉപയോഗിക്കാൻ പഠിക്കുന്നത്. ഈ പ്രായത്തിൽ പുതിയ ടെക്‌നോളജി പഠിക്കുന്നതും കലയാണ്. അത് നമ്മളെ കൂടുതൽ ചെറുപ്പമാക്കും, വളരെ പുതിയ ലോകം നമുക്ക് മുൻപിൽ തുറന്നുകിട്ടും.
‘നല്ല മനുഷ്യൻ’
പ്രതീക്ഷ ഉണ്ടെങ്കിൽ ചെയ്തു തീർക്കാൻ ഒരുപാടുകാര്യങ്ങൾ നമ്മുടെ ജീവിതത്തിൽത്തന്നെ ഉണ്ട്. 'ഹോപ്' ആണ് നല്ല മനുഷ്യരെ നയിക്കുന്നത്. അപ്പുറത്തും ഇപ്പുറത്തും ജീവിക്കുന്നവരെക്കുറിച്ച് ചിന്തിച്ച് സമയം കളയേണ്ടതില്ലല്ലോ. എല്ലാത്തരം സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടാകും. അതെല്ലാം ചിരിയോടെ അതിജീവിച്ച് കടന്നുപോകുമ്പോൾ നമ്മൾ കൂടുതൽ നന്മയുള്ള നല്ല മനുഷ്യരാകും.
പ്രായത്തെ മാനിക്കേണ്ട!
എന്റെ കൂട്ടുകാരി രൂപാലിയും ഞാനും കല്യാണം കഴിച്ചപ്പോൾ, ഒരുപാടുപേർ മോശം വാക്കുകളിൽ അവരുടെ അനിഷ്ടവും വെറുപ്പും കമന്റുകളായൊക്കെ എഴുതിയിരുന്നു. ആ കല്യാണമല്ല ആരുടേയും പ്രശ്നം, എന്റെ പ്രായമാണ് എന്നാണ് എനിക്ക് മനസിലായത്. ഈ പ്രായത്തിൽ അടങ്ങി ഒതുങ്ങി 'അയ്യോ, വയ്യേ' എന്നുപറഞ്ഞിരിക്കാതെ ജീവിതം ആസ്വദിക്കുന്നത് എന്തിനാണ് എന്നതാണ് ചിലരുടെ 'പ്രശ്നം'.
അപ്പോളും വളരെ വ്യക്തിപരമായി ചിലർ ''ഇത് വലിയ പ്രതീക്ഷയാണ് ഞങ്ങൾക്ക് തരുന്നത്'', ''എന്റെ പ്രണയകഥയും ഇതുപോലെ ഒരുനാൾ പൂവണിയുമല്ലോ'' എന്നൊക്കെ സന്തോഷം പറഞ്ഞു. അവരിലാണ് എന്റെ പ്രതീക്ഷ.
എന്റെ കാൽമുട്ടുകൾക്കു വേദനയുണ്ട്. തോൾ എല്ലിന് പരുക്കുണ്ട്. പക്ഷേ അതിലൊന്നും എനിക്ക് ഒരു പരാതിയുമില്ല. അതിനുമൊക്കെ ഒരുപാട് അപ്പുറത്താണ് എന്റെ ജീവിതത്തോടുള്ള പ്രണയം. ഒരു പ്രായമെത്തുമ്പോൾ അകാരണമായ വിഷമവും ക്ഷീണവുമെല്ലാം പിടികൂടും. അത് ഒഴിവാക്കാൻ എപ്പോളും ഉത്സാഹിയായിരിക്കാൻ ശ്രദ്ധിച്ചാൽ മതി. അതാണ് എന്റെ ജീവിതപാഠം.
സിഐഡി മൂസയുടെ വില്ലൻ പൊലീസ്
ഇരുപത്തിയൊന്ന് വർഷമായി ആ സിനിമ പുറത്തിറങ്ങിയിട്ട്. അന്നൊക്കെ സിനിമ ചെയ്യുന്നു, പോകുന്നു എന്നേ കരുതിയിട്ടുള്ളു. ചിലപ്പോൾ സിനിമയുടെ മാജിക് പ്രവർത്തിക്കുന്നത് ഇങ്ങനെ കാലങ്ങൾക്കു ശേഷം ഓർമിക്കപ്പെട്ടിട്ടാകും. പതിനൊന്നു ഭാഷകളിലായി മുന്നൂറിലധികം സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ആവേശം എന്ന സിനിമയടക്കം ഈ വർഷവും ആറോളം നല്ല സിനിമകളുടെ ഭാഗമായി. പ്രതീക്ഷിക്കാത്ത സിനിമകളാണ് ചിലപ്പോളൊക്കെ ഇങ്ങനെ ഓര്മിക്കപ്പെടുക.
നല്ല ബന്ധങ്ങളുടെ കാതൽ ബഹുമാനമാണ്
ഏതു ബന്ധങ്ങളായാലും അതിൽ പരസ്പര ബഹുമാനം ഉണ്ടായിരിക്കണം. പല തരത്തിലുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോയാലും, എന്തൊക്കെത്തരം വേദന ഉണ്ടായാലും കൂടെ ജീവിക്കുന്നവരോടുള്ള സ്നേഹവും ബഹുമാനവും വിട്ടുകളയരുത്. എന്റെ പങ്കാളി രൂപാലിയുമായി പുതിയ ജീവിതം തുടങ്ങിയപ്പോളും പലരും പലതും പറഞ്ഞില്ലേ. അവരോടും എനിക്ക് ബഹുമാനമേയുള്ളൂ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിനെ ദേഷ്യത്തോടെ കണ്ടാൽ പിന്നെയും നമുക്ക് ടെൻഷൻ കൂടുകയല്ലേയുള്ളു. എല്ലാത്തിനെയും ചെറിയ ചിരിയോടെ സ്വീകരിക്കുക. സ്വന്തം,ജീവിതം നന്നായി ജീവിക്കുക.
'കണ്ണൂരുകാരൻ'
ജനിച്ചത് കണ്ണൂരിലെ ധർമ്മടത്താണ്. പക്ഷേ വളർന്നത് പല നാടുകളിലായാണ്. മലയാളം ഞാൻ പഠിച്ചിട്ടില്ല. കേട്ടാൽ മനസിലാകും എന്നേയുള്ളു. ഹിന്ദിയും ഇംഗ്ളീഷും ബംഗ്ലയുമാണ് എനിക്ക് ആകെ സംസാരിക്കാൻ അറിയാവുന്ന ഭാഷ. പക്ഷേ, ഭാഷയ്ക്ക് അതീതമാണ് മനുഷ്യരുടെ സ്നേഹം.
എന്റെ അച്ഛൻ കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തന്നെ നാടുവിട്ടയാളാണ്. വേനലവധിക്കാന് ഡൽഹിയിൽ നിന്നും ഞങ്ങൾ നാട്ടിലേക്കു വരാറുള്ളത്. ആ ചെറിയ സമയങ്ങൾ സമ്മാനിച്ച ചിരികളാണ് ഇപ്പോളും എനിക്ക് കേരളമെന്നു കേട്ടാൽ പെട്ടെന്ന് ഓർമ വരുന്നത്. ഇവിടുത്തെ വെയിലിനും മഴയ്ക്കും പല കഥകൾ എന്നോട് പറയാനുണ്ട്. ആ കഥകളാണ് ഞാൻ എന്റെ യാത്രയിൽ പറയാറുള്ളത്.