‘ചോല’യുടെ കഥ കാലിക പ്രധാന്യമുള്ളത്

Mail This Article
സനൽകുമാർ ശശിധരന്റെ പുതിയ ചിത്രം ‘ചോല’ അവാർഡുകളുടെ അകമ്പടിയോടെ ആറിന് റിലീസ് ചെയ്യുന്നു. ഒരാൾപ്പൊക്കം, ഒഴിവുദിവസത്തെ കളി, എസ് ദുർഗ തുടങ്ങിയ സിനിമകളുടെ സംവിധായകനായ അദ്ദേഹത്തിന്റെ വൈഡ് റിലീസ് ചെയ്യുന്ന ആദ്യ സിനിമയാണിത്.
കൊമേഴ്സ്യൽ സാധ്യത?
എന്റെ മറ്റു സിനിമകളിൽനിന്നു വ്യത്യസ്തമാണ് ചോല. ആദ്യത്തെ 20 മിനിറ്റ് കഴിഞ്ഞാൽ ഒന്നിനു പുറകെ ഒന്നായി സംഭവങ്ങൾ ഉണ്ടാവുകയാണ്. അതേസമയം, കലാപരമായ അംശങ്ങൾ നഷ്ടപ്പെടുന്നുമില്ല എന്നാണ് എന്റെ വിശ്വാസം. ജോജുവിന് ഈ സിനിമയിലുള്ള ആത്മവിശ്വാസം കൊണ്ടാണ് വൈഡ് റിലീസ് സാധ്യമാകുന്നത്. ഇതു കൊമേഴ്സ്യലായും വിജയിച്ചാൽ സിനിമാരംഗത്ത് അതു വലിയ മാറ്റത്തിനു കാരണമാകാം.
എന്താണ് ചോല?
ചോല മൂന്നു പേരുടെ കഥയാണ്. പ്രധാന കഥാപാത്രം എട്ടാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിലെ പെൺകുട്ടിയാണ്. മലമ്പ്രദേശത്തു ജീവിക്കുന്ന, നഗരം കണ്ടിട്ടില്ലാത്ത പെൺകുട്ടി. യഥാർഥ സംഭവമാണ് ചോലയുടെ പ്രചോദനം. സൂര്യനെല്ലി കേസ് നടക്കുമ്പോഴാണെന്നു തോന്നുന്നു, കമലാ സുരയ്യ എഴുതിയതു ഞാനോർക്കുന്നു, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾ എന്തിനാണ് സമൂഹത്തിൽനിന്ന് ഒറ്റപ്പെടുന്നത്, ജീവിതം എറിഞ്ഞുടയ്ക്കുന്നത്. സിനിമയുടെ ത്രഡ് ഇതിൽ നിന്നാണു കിട്ടുന്നത്. ഞാനും നോവലിസ്റ്റ് കെ.വി. മണികണ്ഠനും ചേർന്ന് 2010ലാണ് ‘ചോല’ എഴുതുന്നത്. അന്ന് എഴുതിയതിൽനിന്നു വളരെയേറെ മാറി. കാഴ്ചപ്പാട് തന്നെ മാറി. നാലു പടങ്ങൾ ചെയ്തു കഴിഞ്ഞപ്പോൾ കിട്ടിയ പക്വത ഗുണം ചെയ്തു.
ഹൈലൈറ്റ്?
അഭിനേതാക്കളുടെ പ്രകടനവും കാടിന്റെ വന്യഭംഗിയും. ജോജുവിനും നിമിഷ സജയനുമാണ് അവാർഡ് കിട്ടിയത്. പക്ഷേ, അഖിലിന്റെ പ്രകടനവും ഗംഭീരമാണ്.