ADVERTISEMENT

നിവിൻ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എഴുതി സംവിധാനം ചെയ്ത  ‘കനകം കാമിനി കലഹം’ ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദർശനത്തിനെത്തി. ഈ പ്ലാറ്റ്ഫോമിലൂടെ നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ മലയാള സിനിമയാണ് ‘കനകം കാമിനി കലഹം’. നിവിൻ പോളിക്കൊപ്പം വിനയ് ഫോർട്ടും, ഗ്രേസ് ആന്റണിയും മുഖ്യകഥാപാത്രങ്ങളായെത്തുന്നു.

 

നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ച്ചേഴ്സ് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, സുധീഷ്, ജഫാർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, സുധീർ പറവൂർ തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നുണ്ട്. ഡിസ്നിയുടെ വാർഷിക ദിനമായ (ഡിസ്നി ഡേ) നവംബർ 12ന് അർദ്ധരാത്രി 12 മണിക്കാണ് സിനിമ റിലീസ് ചെയ്തത്.

 

തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് ‘കനകം കാമിനി കലഹ’മെന്ന് പ്രേക്ഷകർ പറയുന്നു. തിയറ്ററുകളിൽ എന്നും ആഘോഷിക്കപ്പെട്ടിട്ടുള്ള നിവിൻ പോളി ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർത്തു വയ്ക്കാനാകുന്ന മറ്റൊരു സിനിമയായി ചിത്രം മാറുമെന്നും പ്രേക്ഷകർ അവകാശപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോർട്ടിൽ എത്തുന്ന ദമ്പതികളും അവിടെ അവർക്ക് സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. മലയാളി മങ്കമാരുടെ കനകത്തോടുള്ള താല്പര്യവും അതുമൂലം കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു കലഹങ്ങളും നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ.  മികച്ച ഛായാഗ്രണവും സംഗീതവും ചിത്രത്തിന്റെ പ്രത്യേകതയാണ്. 

 

കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു സിനിമയുടെ ചിത്രീകരണം.  ഏകദേശം 40 ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. യാക്‌സെൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടി. ഷാബു പുല്ലാപ്പള്ളി മേക്കപ്പും കൾട്ട് റെവല്യൂഷൻ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com