‘ലെന’ അല്ല ‘ലെനാ’; ട്രോൾ പങ്കുവച്ച് താരം

Mail This Article
ഔദ്യോഗിക പേരിൽ മാറ്റം വരുത്തിയതായി അറിയിച്ച് നടി ലെന പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് ഇടവച്ചിരുന്നു. ഈ ചെറിയ പേരിൽ എന്താണ് ഇത്ര മാറ്റമെന്നായിരുന്നു ആരാധകരുടെ അടക്കംപറച്ചിൽ. ഇപ്പോഴിതാ തന്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ ട്രോൾ പങ്കുവയ്ക്കുകയാണ് താരം.
ഇനി നടിയെ ലെന എന്നല്ല ‘ലെനാ’ എന്നു വിളിക്കണമെന്നാണ് ട്രോളിലൂടെ കാണാന്‍ കഴിയുക. നരസിംഹം സിനിമയിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഡയലോഗിന് സാദൃശ്യപ്പെടുത്തിയായിരുന്നു ഈ ട്രോൾ.
പേരിന്‍റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു 'എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. 'LENAA' എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു.
സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങൾ തങ്ങളുടെ പേരുകളിൽ മാറ്റംവരുത്തിയിട്ടുണ്ട്. ചിലർ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കിൽ മറ്റുചിലർ പേരുവരെയാണ് മാറ്റുന്നത്. അതിൽ പുതിയ ആളാണ് നടി ലെന. സംവിധായകന്‍ ജോഷിയാണ് ഇതില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖന്‍. തന്റെ പേരിനൊപ്പം ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ജോഷി ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരിൽ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. നടൻ ദിലീപും അടുത്തിടെ പേരിൽ മാറ്റം വരുത്തിയിരുന്നു. ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് എഴുതിയിരുന്നത്.