കാർത്തിക് ശങ്കർ ഇനി സിനിമയിൽ; സമം ചിത്രീകരണം തുടങ്ങി

Mail This Article
വെബ് സീരീസുകളിലൂടെ ശ്രദ്ധനേടിയ നടൻ കാർത്തിക് ശങ്കർ സിനിമയിലേക്ക്. പ്രശസ്ത സംവിധായകൻ ബാബു തിരുവല്ല ഒരുക്കുന്ന സമം എന്ന ചിത്രത്തിലൂടെയാണ് കാർത്തിക് മലയാളസിനിമയിൽ അരങ്ങേറുന്നത്. അമ്മയും മകളും തമ്മിലുള്ള അസാധാരണമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണ് സമം.

സിംഫണി ക്രിയേഷൻസ് നിർമിക്കുന്ന സിനിമയുടെ രചനയും ബാബു തിരുവല്ലയാണ്. ചിത്രീകരണം തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിച്ചു. ഷീലു ഏബ്രഹാമും കൃതിക പ്രദീപുമാണ് മറ്റു പ്രധാന താരങ്ങൾ. മനോജ് കെ.ജയൻ, അശോകൻ, പുത്തില്ലം ഭാസി, ഡോ.ആസിഫ് ഷാ, രാധിക, ഇന്ദു ഹരിപ്പാട് എന്നിവരും മുഖ്യവേഷങ്ങളിൽ എത്തുന്നു.

നിമ്മി ജോർജിനും (ഷീലു ഏബ്രഹാം) മകൾ അന്നയ്ക്കും (കൃതിക പ്രദീപ്) ഒരു അമ്മയ്ക്കും മകൾക്കും ഉണ്ടാകാത്തത്ര ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് മുമ്പേ മരിച്ചു പോയിരുന്നതുകൊണ്ട് അന്നയെ പൊന്നുപോലെയാണ് നിമ്മി പരിപാലിച്ചത്. ഇവരുടെ ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ആണ് സമത്തിലൂടെ ബാബു തിരുവല്ല അവതരിപ്പിക്കുന്നത്.
യോഗയിൽ പൂർണമായി സമർപ്പിച്ച ജീവിതമായിരുന്നു നിമ്മിയുടേത്. എല്ലാ മതവും ഒന്നാണെന്ന് വിശ്വസിച്ചിരുന്ന നിമ്മി യോഗ മറ്റുള്ളവരിലേക്ക് പകർന്നു നൽകാനും ശ്രമിച്ചു. ഷീലു ഏബ്രഹാമിന്റെ ശക്തമായ കഥാപാത്രമാണ് നിമ്മി. ഇന്ത്യൻ സിനിമയിലെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെല്ലുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ വളരെ സംതൃപ്തിയുണ്ടെന്ന് ഷീലു എബ്രഹാം പറഞ്ഞു. ഇന്ത്യയിൽ തന്നെ അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസം പ്രേക്ഷകരിൽ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നിയതോടെയാണ് സമം ചെയ്യാൻ തീരുമാനിച്ചതെന്ന് ബാബു തിരുവല്ല പറയുന്നു.
ക്യാമറ ഉണ്ണി മടവൂർ, എഡിറ്റിങ് വിപിൻ മണ്ണൂർ, സംഗീതം അശോകൻ, പശ്ചാത്തല സംഗീതം ഇഷാൻ ദേവ് ,കല പ്രദീപ് പത്മനാഭൻ, മേക്കപ്പ് സുജിൻ, കോസ്റ്റ്യൂംസ് വാഹീദ്, പ്രൊഡക്‌ഷൻ കൺട്രോളർ സേതു അടൂർ, പ്രൊജക്റ്റ് ഡിസൈനർ ഹരികൃഷ്ണൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ സനീഷ് സാമുവേൽ, അസോസിയേറ്റ് ഡയറക്ടർ അരുൺരാജ്, പിആർഒ അയ്മനം സാജൻ.