ADVERTISEMENT

ഹാസ്യവേഷങ്ങളിൽ തിളങ്ങുന്ന അഭിനേതാക്കൾ മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ്. ന്യൂജൻ കാലത്ത് അവരുടെ പല പ്രശസ്തമായ സിനിമ ഡയലോഗുകളും സീനുകളുമൊക്കെ മീമുകളായും ട്രോളുകളായും പുനഃരവതരിക്കാറുമുണ്ട്. പക്ഷേ എല്ലാ കാലത്തും മലയാളത്തിലെ ഹാസ്യതാരങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം അവർ അത്തരം വേഷങ്ങളിലേക്ക് മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്നതാണ്. ജഗതി ശ്രീകുമാറും ഇന്നസന്റും ഒരു പരിധി വരെ ഈ ടൈപ്പ് കാസ്റ്റിങിനെ അതിജീവിച്ച് ശക്തമായ ക്യാരക്ടർ റോളുകളിലും നെഗറ്റീവ് റോളുകളിലും തിളങ്ങിയിട്ടുണ്ട്. 

 

പുതിയ കാലത്ത് അത്തരം ഇമേജ് ബ്രേക്കിങുകൾ നടക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്. ഒരു കാലത്ത് താരതമ്യേന ചെറു വേഷങ്ങളിലും കോമഡി വേഷങ്ങളിലും മാത്രം തളയ്ക്കപ്പെട്ടിരുന്ന സലിംകുമാറും ഇന്ദ്രൻസും സൂരാജ് വെഞ്ഞാറമൂടും ജോജുവുമൊക്കെ ആ വൃത്തത്തിനു പുറത്ത് കടക്കുകയും ശക്തമായ നായക വേഷങ്ങളിലൂടെയും ക്യാരക്ടർ റോളുകളിലൂടെയും പ്രേക്ഷകരെ നിരന്തരം അദ്ഭുതപ്പെടുത്തുന്നതാണ് സമകാലിക കാഴ്ച. 

 

അന്തരിച്ച ചലച്ചിത്രതാരം മാമുക്കോയയ്ക്കു ആദാരഞ്ജലികൾ അർപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്ററുകളുടെ എല്ലാ തലവാചകം സമാനമമായിരുന്നു. ‘മലയാളത്തിന്റെ ചിരി മാഞ്ഞു’, ‘മലബാറിന്റെ ചിരി ഇനി ഇല്ല’ എന്ന മട്ടിലായിരുന്നു ഏറെയും അനുശോചന കുറിപ്പുകൾ. കരിയറിൽ ഉടനീളം ഹാസ്യവേഷങ്ങളിൽ നിറഞ്ഞ് നിന്നതുകൊണ്ട് തന്നെയാണ് മാമുക്കോയയ്ക്കു യാത്രമൊഴി നൽകാൻ അത്തരം വിശേഷണങ്ങൾ നൽകിയത്. മാമുക്കോയയ്ക്കു അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ഒരു ശൈലിയുണ്ടായിരുന്നു അഭിനയത്തിലും ഡയലോഗ് ഡെലിവിറിയിലും. ഹാസ്യ താരമെന്ന നിലയിൽ അദ്ദേഹത്തിന്റെ ടൈമിങും പ്രകടനവും എടുത്തു പറയേണ്ടത് തന്നെയാണ്. അദ്ദേഹത്തിന്റെ പല സംഭാഷണ ശകലങ്ങളും ഇന്ന് പോപ്പുലർ മലയാളം കൾച്ചറിന്റെ ഭാഗവുമാണ്. എന്നിരുന്നാലും മാമുക്കോയ എന്ന നടന്റെ യഥാർഥ പൊട്ടൻഷ്യൽ പല സംവിധായകരും തിരിച്ചറിയാതെ പോയിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം തീർച്ചയായും ഏറെ ക്യാരക്ടർ റോളുകൾ അർഹിച്ചിരുന്നു. മാമുക്കോയയുടെ തികച്ചും വ്യത്യസ്തമായ മൂന്നു വേഷങ്ങളെ അനുസ്മരിക്കുകയാണ് ഈ ലേഖനത്തിൽ. 

 

kuruthi-movie-2

പെരുമഴക്കാലത്തിലെ അബ്ദു എന്ന നിസ്സഹായനായ പിതാവ് 

 

2004-ൽ ടി.എ. റസാഖിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് പെരുമഴക്കാലം. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സുഹൃത്തുകൾക്കിടയിലുണ്ടാകുന്ന ഒരു കലഹം. അതിനിടയിൽ കൈ അബദ്ധത്തിൽ രഘുരാമൻ എന്ന വ്യക്തി സുഹൃത്ത് അക്ബറാൽ കൊല്ലപ്പെടുന്നു. രഘുരാമന്റെ കുടുംബം മാപ്പ് നൽകിയില്ലെങ്കിൽ സൗദി നിയമപ്രകാരം അക്ബറിനു തൂക്കുകയർ ഉറപ്പാണ്. ഇതിനിടയിൽ ഇതൊരു സാമുദായിക പ്രശ്നമാക്കി മാധ്യമങ്ങളും മാറ്റുന്നു. ഈ നിസ്സഹായ അവസ്ഥയിലൂടെ കടന്നു പോകുന്ന രണ്ടു കുടുംബങ്ങളുടെ അവസ്ഥയെയാണ് കമലും റസാക്കും ചേർന്നു ചിത്രത്തിൽ പ്രശ്നവത്ക്കരിക്കുന്നത്. 

 

സൗദിയിൽ മരണം കാത്തുകിടക്കുന്ന അക്ബറിന്റെ നിസ്സഹായനായ പിതാവിന്റെ വേഷത്തിലാണ് മാമുക്കോയ ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തിന്റെ പേര് അബ്ദു. മാമുക്കോയയുടെ സിഗ്നേച്ചർ ചിരി നിങ്ങൾക്ക് ഈ സിനിമയിൽ കാണാൻ കഴിയില്ല. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു വയോധികനായ പിതാവിന്റെ ഉൾപെരുക്കങ്ങളെ അത്രമേൽ തീവ്രതയോടെ അദ്ദേഹം സ്ക്രീനിലേക്ക് പകർത്തിവയ്ക്കുന്നുണ്ട്. 

 

മാധ്യമ പ്രവർത്തകരുടെ മുനവെച്ചുള്ള ചോദ്യങ്ങൾക്കു മുമ്പിൽ പതറി പോകുന്ന അബ്ദുവിന്റെ “ഞാനൊരു പാവപ്പെട്ട മനുഷ്യനാണ്, ഇങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ എന്നെ കൊണ്ടാവില്ല.’’ എന്ന ഒറ്റ മറുപടിയിൽ മാമുക്കോയ ആ കഥാപാത്രത്തെ അടയാളപ്പെടുത്തുന്നുണ്ട്. ചിത്രത്തിലെ പ്രകടനത്തിനു മാമുക്കോയ തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരവും എത്തി. പ്രത്യേക ജ്യൂറി പരാമർശമാണ് മാമുക്കോയയ്ക്കു ലഭിച്ചത്. സലിം കുമാറും ക്യാരക്ടർ റോളുകളിലേക്കുള്ള യൂ ടേണെടുക്കുന്നത് പെരുമഴക്കാലത്തിലൂടെയാണെന്ന പ്രത്യേകതയുണ്ട്. 

 

ഇന്ത്യൻ റുപ്പിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ റാഹിനിക്കാ

 

ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ തന്ത്രവും കുന്ത്രവുമൊക്കെയുള്ള നെഗറ്റീവ് ഛായയുള്ള കഥാപാത്രത്തെയാണ് രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പി സിനിമയിൽ മാമുക്കോയ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പതിവ് കോമഡി വേഷങ്ങളിൽ നിന്ന് വിഭിന്നമായിരുന്നു റാഹിനെന്ന ഈ കഥാപാത്രവും. റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ താരതമ്യേന തുടക്കകാരായ ജെപി, സിഎച്ച് എന്നീ യുവാക്കളെ പലപ്പോഴും ചൂഷണം ചെയ്യുന്നുണ്ട് മാമുക്കോയയുടെ കഥാപാത്രം. പൃഥ്വിരാജ് അവതരിപ്പിച്ച ജയപ്രകാശ് എന്ന കഥാപാത്രത്തിന്റെ സംഭാഷണം കടമെടുത്തു പറഞ്ഞാൽ “ബിരിയാണി മൊത്തം കഴിച്ചിട്ട് എല്ലിൻ കഷ്ണം പട്ടിക്കു ഇട്ടുകൊടുത്തിട്ട് നിന്റെ ബെസ്റ്റ് ടൈം” എന്നു പറയുന്ന അഡാർ ഐറ്റമാണ് റാഹിൻ എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രം. ഏറെ മികവോടെ ഈ കഥാപാത്രത്തെയും മാമുക്കോയ സ്ക്രീനിലേക്കു പകർത്തുന്നു. 

 

കുരുതിയിലെ മാസ് ഹീറോ മൂസ ഖാദർ 

 

മനു വാരിയർ സംവിധാനം ചെയ്ത കുരുതിയിലൂടെ മാമുക്കോയയുടെ മറ്റൊരു വേഷപകർച്ചക്കും പ്രേക്ഷകർ സാക്ഷിയായി. മൂസ ഖാദർ എന്ന വേഷത്തിലൂടെ അക്ഷരാർത്ഥത്തിൽ മാമുക്കോയ പ്രേക്ഷകരെ ഞെട്ടിച്ചു. ചിത്രത്തിന്റെ ആദ്യ പകുതിയിൽ വീട്ടുകാർക്കും പ്രേക്ഷകർക്കും ഒരുപോലെ അലോസരമുണ്ടാക്കുന്ന അല്പം മൂശേട്ടയുള്ള കഥാപാത്രമാണ് മൂസ ഖാദർ എന്ന വയോധികൻ. എന്നാൽ ചിത്രം ക്ലൈമാക്സിനോട് അടുക്കുമ്പോൾ മൂസ ഖാദർ വിശ്വരൂപം പുറത്തെടുക്കുന്നു. മൂസ ഖാദറിന്റെ ക്യാരക്ടർ ട്രാൻസ്ഫോർമേഷൻ രോമഞ്ചത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. 

 

‘രാത്രിയിൽ കാട്ടിൽ ഇല്ലാത്ത വഴിയിലൂടെ നിനക്ക്  ജീപ്പ് ഓടിക്കാൻ ഒരാള് വേണമെങ്കിൽ ഈ സംസാരിക്കേണ്ടത് എന്നോടാണ്. മൂസ ഖാദറിനോട്’ എന്ന ഒറ്റ ഡയലോഗിൽ മാമുക്കോയ മാസ് ഹീറോയായി ഗിയർ മാറ്റുന്നു. മാമുക്കോയ അനുസ്മരിച്ചുള്ള പൃഥ്വിരാജിന്റെ കുറിപ്പിലും നിറഞ്ഞു നിൽക്കുന്നത് മൂസ ഖാദർ എന്ന കഥാപാത്രം തന്നെ. ‘കുരുതിയിൽ മൂസ എന്ന കഥാപാത്രമായി അങ്ങ് 'അഴിഞ്ഞാടു'ന്നത് ഏറ്റവും അടുത്തു നിന്നു കാണാൻ കഴിഞ്ഞതിന്റെ ഓർമ ഞാനെന്നും മനസോടു ചേർത്തുവെയ്ക്കും’ എന്നാണ് രാജു കുറിച്ചത്. 

 

ജീവിതഗന്ധിയായ ഒട്ടേറെ കഥാപാത്രങ്ങൾ ബാക്കിയാക്കി മാമുക്കോയ യാത്രയാകുമ്പോൾ അദ്ദേഹത്തിലെ നടനെ വേണ്ടാവിധത്തിൽ ഇനിയും പരീക്ഷണ വിധേയമാക്കിയില്ല എന്ന സങ്കടം ബാക്കിയാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com