ചുറ്റിക ഇന്ത്യയിലും തോക്ക് അമേരിക്കയിലും: ‘റമ്പാനെ’ക്കുറിച്ച് മോഹൻലാൽ
Mail This Article
‘റമ്പാൻ’ പാൻ ഇന്ത്യൻ ചിത്രമെന്ന് മോഹൻലാൽ. ആക്‌ഷന് വളരെയേറെ പ്രധാന്യമുള്ള സിനിമയാണിതെന്നും ഇത്രയും വലിയൊരു കഥയ്ക്ക് ജോഷി പോലുള്ള സംവിധായകന്റെ ക്രാഫ്റ്റ് ആവശ്യമാണെന്നും ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങിൽ മോഹൻലാൽ പറഞ്ഞു.
‘‘എപ്പോഴും ഒരു സിനിമ തുടങ്ങുമ്പോൾ, അതേറ്റവും വലിയ സിനിമ ആകണമെന്ന് പ്രാർഥിക്കും. അതുപോലെ തന്നെയാണ് റമ്പാനും. ജോഷി സാറുമായി ഒരു സിനിമ ചെയ്യുക എന്ന് പറയുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. എനിക്ക് മാത്രമല്ല എല്ലാ അഭിനേതാക്കൾക്കും. ഒരുപാട് നല്ല സിനിമകൾ എനിക്ക് അദ്ദേഹവുമായി ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഈ കഥ ചെയ്യുന്നതിന് ജോഷി സാറിന്റെ ക്രാഫ്റ്റ് ആവശ്യമാണ്.
ഇന്ത്യയിൽ മാത്രമല്ല പുറത്തും ഷൂട്ട് ചെയ്യേണ്ട സിനിമയാണ് റമ്പാൻ. ഇന്ത്യയിൽനിന്നു തുടങ്ങുന്ന സിനിമയുടെ ഒരു വലിയ ഭാഗം യുഎസിൽ ആണ് നടക്കുന്നത്. വലിയൊരു പ്രൊഡക്‌ഷൻ ആണിത്. വളരെയധികം സൂക്ഷിച്ച് ചെയ്യേണ്ട സിനിമ. ആക്‌ഷന് പ്രാധാന്യം ഉള്ള സിനിമയാണ്. അത്രയും വലിയൊരു ക്രാഫ്റ്റ് ആവശ്യമാണ്. ഇതൊരു മലയാള സിനിമ മാത്രമല്ല, പാൻ ഇന്ത്യൻ ചിത്രം കൂടിയാണ്. മറ്റു താരങ്ങൾ ഇതിൽ അണിനിരക്കാനുണ്ട്. ചെമ്പൻ ഈ കഥ പറഞ്ഞപ്പോൾ തന്നെ ആകർഷണം തോന്നി. ഒരു ആക്ടർ എന്ന നിലയിൽ എനിക്കൊരുപാട് സാധ്യതകള്‍ ഉള്ളൊരു ചിത്രം കൂടിയാണിത്.’’ –മോഹൻലാൽ പറയുന്നു.
പോസ്റ്ററിലെ തന്റെ ലുക്കിനെ പറ്റിയുള്ള ചോദ്യത്തിന്, ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലും എന്നാണ് തമാശ രൂപേണ മോഹൻലാൽ പറഞ്ഞത്. തരികിടയിലേക്ക് പോകാൻ സാധ്യതയുള്ള കഥാപാത്രമാണ് റമ്പാൻ എന്നും മോഹൻലാൽ പറയുന്നു. അതേസമയം, റമ്പാന്റെ ആയുധം തോക്കോ ചുറ്റികയോ അല്ല, ബുള്ളറ്റിന്റെ ചെയ്ൻ ആണെന്നാണ് തിരക്കഥാകൃത്ത് ചെമ്പൻ വിനോദ് പറയുന്നത്. ടൈറ്റിലിന്റെ മുകളില്‍ തന്നെ ബുള്ളറ്റ് ചെയിൻ കാണിക്കുന്നുണ്ടെന്നും ചെമ്പൻ പറഞ്ഞു.