ആ ഉണ്ണികൾ ഇവിടെയുണ്ട്: മനോരമ ഓൺലൈൻ ഇംപാക്ട്
Mail This Article
'ഉണ്ണികളെ ഒരു കഥ പറയാം'– എന്ന കമൽ സിനിമയുടെ തലക്കെട്ട് മലയാളികൾ വായിക്കുന്നതു പോലും ആ വരിയിൽ തുടങ്ങുന്ന പാട്ടിന്റെ ഈണം മനസിൽ മൂളിക്കൊണ്ടായിരിക്കും. അത്രമേൽ മലയാളികളുടെ ഓർമകളുടെ ഭാഗമാണ് മോഹൻലാലിന്റെ എബിയും അയാളുടെ ജീവിതത്തോടും ഹൃദയത്തോടും ചേർന്നു നിൽക്കുന്ന ഉണ്ണികളും. ചിത്രത്തിൽ അഭിനയിച്ച ബാലതാരങ്ങളിൽ മൂന്നു പേരെ തേടി മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്കു പിന്നാലെ മാസ്റ്റർ വിമലിനെയും ബേബി വിദ്യയേയും കണ്ടെത്തിയിരിക്കുകയാണ്. വർഷങ്ങൾക്കു ശേഷം തങ്ങളെക്കുറിച്ചുള്ള വാർത്ത കണ്ടതിലുള്ള കൗതുകത്തിലും സന്തോഷത്തിലുമാണ് അന്നത്തെ ‘കുട്ടിത്താരങ്ങൾ’.
ഇവർ സംവിധായകൻ കമലിനെ ബന്ധപ്പെടുകയും ജീവിത വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. 37 വർഷങ്ങൾക്കുശേഷം പ്രിയപ്പെട്ട എബിയെയും ചങ്ങാതിമാരെയും വീണ്ടും കാണാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് വിമലും വിദ്യയും.
സിനിമയിലെ കുട്ടിത്താരങ്ങളെ നേരിൽ കണ്ട് വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് അവരുടെ പ്രിയപ്പെട്ട എബി. സിനിമ പുറത്തിറങ്ങി 37 വർഷം പൂർത്തിയാകുന്ന വേളയിൽ ആ ഒത്തുചേരലിന് വേദിയൊരുക്കുന്നത് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയുമാണ്. മോഹൻലാൽ, കാർത്തിക, സംവിധായകൻ കമൽ എന്നിവർക്കൊപ്പം അന്നത്തെ ബാലതാരങ്ങളും ഒന്നിക്കുന്ന അതിഗംഭീര പരിപാടി അണിയറയിൽ ഒരുങ്ങുകയാണ്.
അന്നത്തെ ബാലതാരങ്ങളിൽ മൂന്നുപേരെക്കൂടിയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. അതിൽ വിമലിനെയും വിദ്യയേയും മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെ കണ്ടെത്തിക്കഴിഞ്ഞു. വിമൽ ഇപ്പോൾ ബെംഗളൂരുവിലാണ്. വിദ്യ കൊച്ചിയിലും. ഒരിക്കലും മറക്കാത്ത ഒരുപാടു നല്ല ഓർമകൾ സമ്മാനിച്ച ആ സിനിമയുടെ മേൽവിലാസം വീണ്ടും വാർത്താപ്രാധാന്യം നേടുന്നതിലെ അദ്ഭുതത്തിലാണ് ഇരുവരും.
എബിയുടെ ഉണ്ണികളിൽ ഇനി കണ്ടെത്താനുള്ളത് മാസ്റ്റർ അമിത്തിനെയാണ്. മനു അങ്കിൾ, ദശരഥം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച കുട്ടിത്താരമാണ് മാസ്റ്റർ അമിത്. അന്ന് ഷൂട്ടിന് വന്നിരുന്നത് ബെംഗളൂരുവിൽ നിന്നായിരുന്നുവെന്നാണ് സംവിധായകൻ കമലിന്റെ ഓർമ. വിമലിനെയും വിദ്യയേയും കണ്ടെത്തിയ പോലെ, അധികം വൈകാതെ അമിത്തിനെയും കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് മോഹൻലാലും കമലും.
ജെയിൻ യൂണിവേഴ്സിറ്റുമായി ചേർന്ന് സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം ഗോകുലം പാർക്കിൽവച്ചാണ് ‘ഉണ്ണികളേ ഒരു കഥപറയാം’ ഒത്തുചേരൽ സംഘടിപ്പിക്കുക. ഈ വാർത്ത വായിക്കുന്ന അമിത്തിന് നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തെ അറിയുന്നവർക്കോ 9995811111 എന്ന് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.