ഞാൻ പറഞ്ഞത് സത്യം, എന്റെ ചോദ്യങ്ങൾക്കു പേളിക്കു മറുപടിയില്ല: തുറന്നു പറഞ്ഞ് മറീന മൈക്കിൾ
Mail This Article
ടെലിവിഷൻ ഷോയിൽ അതിഥിയായി ക്ഷണിക്കപ്പെട്ടപ്പോൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയ നടി മറീന മൈക്കിളിനെതിരെ സൈബറാക്രമണം. താനാണ് അതിഥിയെങ്കിൽ ആ ഷോ അവതരിപ്പിക്കില്ലെന്നു പറഞ്ഞ് അവതാരക പിൻവാങ്ങിയെന്നാണ് മറീന വെളിപ്പെടുത്തിയത്.അവതാരകയുടെ പേരു പരാമർശിക്കാതെയായിരുന്നു മറീനയുടെ തുറന്നു പറച്ചിൽ. താരം പറഞ്ഞത് നടിയും അവതാരകയും വ്ലോഗറുമായ പേളി മാണിയെക്കുറിച്ചാണെന്നു പ്രേക്ഷകർ കമന്റ് ചെയ്യാൻ തുടങ്ങിയതോടെ വിശദീകരണക്കുറിപ്പുമായി പേളി മാണിയും രംഗത്തെത്തി. തുടർന്നാണ് മറീനയ്ക്കെതിരെ സൈബറാക്രമണം രൂക്ഷമായത്.
രണ്ടു മാസം മുൻപ് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് മറീന വിവാദ വെളിപ്പെടുത്തൽ നടത്തിയത്. മറീനയുടെ വാക്കുകൾ ഇങ്ങനെ: ‘‘ഞാൻ എബി തുടങ്ങിയ സിനിമകൾ ചെയ്തു വരുന്ന ആ സമയത്ത് ഒരു ചാനലിലേക്ക് ഇന്റർവ്യൂവിന് വിളിച്ചു. രണ്ടു മൂന്നു തവണ അവർ വിളിച്ച് ക്യാൻസൽ ചെയ്തുകൊണ്ടേയിരുന്നു. ഗസ്റ്റ് ആയി പോകുന്നതു കൊണ്ട് മേക്കപ്പ് ആർടിസ്റ്റിനെയും കോസ്റ്റ്യൂമും ഒക്കെ സെറ്റ് ചെയ്യണമല്ലോ. രണ്ടു തവണ, മൂന്നു തവണ അവർ വിളിച്ച്, പിന്നീട് ക്യാൻസൽ ചെയ്യുന്ന അവസ്ഥ വന്നപ്പോൾ ഞാൻ പറഞ്ഞു, ചേട്ടാ... ഇനി ക്യാൻസൽ ചെയ്താൽ എനിക്കു നാണക്കേടാണ്. കാരണം, സ്റ്റൈലിസ്റ്റും കോസ്റ്റ്യൂമറും ഒക്കെ മിനക്കെടുകയല്ലേ ! എന്റെ ബുദ്ധിമുട്ടിനേക്കാൾ ആ ടീമിന് അത് നാണക്കേടാണ്. അതുകൊണ്ട് ഞാൻ പറഞ്ഞു, ഇനി ശരിക്ക് ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്ന് ! അങ്ങനെ ഓക്കെ എന്നു പറഞ്ഞ് പുള്ളി വിളിച്ചു.
ആ എപ്പിസോഡിന്റെ അവതാരക വേറെ ഒരാളായിരുന്നു. അന്ന് ഷൂട്ട് ചെയ്യുന്ന ദിവസം ഉച്ചയ്ക്ക് ബ്രേക്കിന്റെ സമയത്ത് അപ്പോഴുള്ള അവതാരകയും ബാക്കി ടീമിലെ അംഗങ്ങളും നിൽക്കുമ്പോഴാണ് പ്രോഗ്രാം പ്രൊഡ്യൂസർ പറയുന്നത്, മുൻപ് പരിപാടി അവതരിപ്പിച്ചിരുന്ന കുട്ടിക്ക് ഞാനാണ് അതിഥി എന്നു പറഞ്ഞപ്പോൾ അവർക്ക് പരിപാടി അവതരിപ്പിക്കാൻ താൽപര്യമില്ലെന്നു പറഞ്ഞെന്ന്! പുള്ളിക്കാരിക്ക് താൽപര്യമില്ല. ഗസ്റ്റ് ലിസ്റ്റ് നോക്കുമ്പോൾ ചെയ്യാൻ പറ്റില്ലെന്നു പറയും. ഞങ്ങളെ കാണാനും ഏകദേശം ഒരുപോലെയാണ്. അവർ ഇപ്പോൾ മോട്ടിവേഷൻ ഒക്കെ പറഞ്ഞു നടക്കുന്നുണ്ട്. എനിക്ക് ആ സമയത്ത് കിട്ടേണ്ട വിസിബിലിറ്റിയെ കട്ട് ഓഫ് ചെയ്തത് ഒരു തരത്തിൽ ജോലി നിഷേധിക്കൽ തന്നെയല്ലേ ? നേരിട്ടു കാണുമ്പോൾ അവർ സൗഹൃദത്തോടെയാണ് സംസാരിക്കുക. അതിനു പിന്നിലുള്ള കാര്യം എനിക്ക് മനസ്സിലാകുന്നില്ല.’’
മറീന പരാമർശിച്ചത് പേളി മാണിയെക്കുറിച്ചാണെന്ന കമന്റുകൾ വൈറലായപ്പോൾ വിശദീകരണവുമായി പേളി തന്നെ രംഗത്തെത്തി. മറീന പറഞ്ഞത് സത്യമല്ലെന്നും ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പേളിയുടെ കുറിപ്പ്.പരിപാടിയിൽ പങ്കെടുക്കുന്ന അതിഥികളെ തീരുമാനിക്കാൻ അവതാരകർക്ക് അധികാരമില്ലെന്നും അതെല്ലാം പ്രോഗ്രാം പ്രൊഡ്യൂസറുടെ തീരുമാനങ്ങളാണെന്നും പേളി പറയുന്നു. ഇക്കാര്യം വിശദീകരിക്കാൻ ആ നടിയെ വിളിച്ചിരുന്നെന്നും അവർ നടത്തിയ പരാമർശം തന്നെക്കുറിച്ചായിരുന്നുവെന്ന് അവർ പറഞ്ഞെന്നും പേളി വെളിപ്പെടുത്തി. എന്നാൽ തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ അവർ അത് കേൾക്കാൻ തയാറായില്ല. അതുകൊണ്ടാണ് സമൂഹമാധ്യമത്തിൽ ഇക്കാര്യം പറയേണ്ടി വന്നതെന്നും പേളി വ്യക്തമാക്കി. പ്രതിഫലത്തെക്കുറിച്ചുള്ള പ്രശ്നങ്ങൾ മൂലമാണ് ആ ചാനലിൽ നിന്ന്് പോരേണ്ടി വന്നതെന്നും പേളി പറയുന്നു.
പേളിയുടെ കുറിപ്പ് വൈറലായതോടെ മറീനയ്ക്കെതിരെ സൈബറാക്രമണം രൂക്ഷമായി. എന്നാൽ ഇക്കാര്യങ്ങൾ സത്യമാണെന്നു ബോധ്യമുള്ളതുകൊണ്ടാണ് തുറന്നു പറഞ്ഞതെന്ന് മറീന മൈക്കിൾ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. മറീനയുടെ വാക്കുകൾ: ‘‘അവർ നേരിട്ട് അല്ല എന്നെ വിളിച്ചത്. വേറെ ഒരാളുടെ നമ്പറിൽ നിന്നാണ് എന്നോട് സംസാരിച്ചത്. അവരുടെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചു. പക്ഷേ, ഞാൻ ചോദിച്ച ചില കാര്യങ്ങൾക്ക് അവർക്ക് മറുപടി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഫോൺ വച്ചത്. എനിക്കുണ്ടായ അനുഭവം ആണ് ഞാൻ പറഞ്ഞത്. അതിൽ അത്രയും ബോധ്യമുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞതും. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ താൽപര്യമില്ല. തെറിവിളികൾ എനിക്ക് പുതിയതൊന്നുമല്ല. പലതും തുറന്നു പറയുമ്പോൾ ഇതു സംഭവിക്കാറുള്ളതാണ്. ഞാൻ പറഞ്ഞതിൽ സത്യം ഉള്ളതുകൊണ്ട് എനിക്ക് പേടിയില്ല.’’