ADVERTISEMENT

കാനനത്തിന്റെ സുഖവും മണ്ഡലകാലത്തിന്റെ പരിശുദ്ധിയും ആവോളം. കറുപ്പണിഞ്ഞ് മാലയിട്ട് മല ചവിട്ടുമ്പോള്‍ അനുഭവിച്ചറിഞ്ഞ തത്ത്വമസിപ്പൊരുള്‍ പിന്നെയും പിന്നെയും ഓര്‍മപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍. ശബരിമല കാഴ്ചയും അനുഭവവുമായി മാറുകയാണ് വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറത്തിലൂടെ. ഉള്ളുരുകുന്ന കുഞ്ഞുഭക്തയുടെ നിഷ്‌കളങ്കമായ ഭക്തിയുടെ കഥ പറയുന്ന മാളികപ്പുറം തീര്‍ച്ചയായും പ്രേക്ഷകന്റെ കണ്ണു നിറയ്ക്കുന്നതിനൊപ്പം മനസ്സും നിറയ്ക്കും. ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലെ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് തീര്‍ത്തും പറയാനുള്ള എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്.

ഭക്തിയും അതിലെ നിഷ്‌കളങ്കതയുമാണ് മാളികപ്പുറത്തെ ആസ്വാദ്യമാക്കുന്നത്. കഥയിലെ പുതുവഴികളും സന്ദര്‍ഭങ്ങളുമൊക്കെ സിനിമയെ ഹൃദ്യമാക്കി മാറ്റുന്നുമുണ്ട്. ഒപ്പം സിനിമയുടെ അടിത്തറയായി ഭക്തി കൂടിയെത്തിയതോടെ പ്രേക്ഷകര്‍ മടുപ്പില്ലാതെ കണ്ടിരിക്കും. പൂര്‍ണമായും കുടുംബാന്തരീക്ഷത്തില്‍, കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രം കൂടിയാണിത്. മുന്‍പ് നന്ദനത്തിലും ആമേനിലുമൊക്കെ കണ്ട ഈശ്വരസങ്കല്‍പത്തിന്റെയും അതിന്റെ പുനര്‍വായനയുടെയും മറ്റൊരു അനുഭവം കൂടിയാണ് മാളികപ്പുറം.

കല്യാണി എന്ന എട്ടുവയസ്സുകാരി ശബരിമല അയ്യപ്പന്റെ വലിയ ഭക്തയാണ്. എന്നിട്ടും അവള്‍ക്കിതുവരെയും മല ചവിട്ടാനുള്ള ഭാഗ്യമുണ്ടാകുന്നില്ല. ഒടുവില്‍ അവള്‍ അച്ഛനൊപ്പം മല കയറാന്‍ തീരുമാനിക്കുന്നു. കറുപ്പണിഞ്ഞ് ഭസ്മമിട്ട് അവളും അങ്ങനെ മാളികപ്പുറമായി. തുടര്‍ന്ന് അവളുടെ ശബരിമലയാത്രയും ആ യാത്രയ്ക്കിടയില്‍ അവള്‍ കണ്ടുമുട്ടുന്ന സ്വാമിയായ ഉണ്ണി മുകുന്ദന്റെ കഥാപാത്രവും തമ്മിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആദ്യ പകുതി കല്യാണിയും അവളുടെ സൂപ്പര്‍ ഹീറോ അയ്യപ്പനുമായുള്ള ബന്ധവും കുടുംബവും സ്‌കൂളുമൊക്കെ വന്നു പോകുന്നതാണ്. വൈകാരിക രംഗങ്ങളും തമാശയുമൊക്കെ ഇവിടെ ആവോളമുണ്ട്. രണ്ടാം പകുതി അവളുടെ ശബരിമലയിലേക്കുള്ള യാത്രയാണ്. ഈ യാത്രയില്‍ അവള്‍ക്കൊപ്പം ആസ്വാദനത്തിന്റെ ഇരുമുടിയേന്തി പ്രേക്ഷകരും സഞ്ചരിക്കും.

ശബരിമലയും അയ്യപ്പനും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ഈ ഇടങ്ങളെ കൃത്യമായി അടയാളപ്പെടുത്താനും സിനിമയില്‍ കഴിഞ്ഞിട്ടുണ്ട്. ശബരിമല ഇതുവരെ അറിയാത്തവര്‍ക്കും അറിഞ്ഞവര്‍ക്കും സിനിമ സമ്മാനിക്കുന്നത് വലിയ അനുഭവങ്ങള്‍ തന്നെയാണ്. തിരക്കഥയിലെ ചേരുവകളെ കൃത്യമായി അടയാളപ്പെടുത്താനും അത് പ്രേക്ഷകരിലേക്ക് കൃത്യമായ അളവില്‍ എത്തിക്കുവാനും സംവിധായകനായ വിഷ്ണു ശശിശങ്കറിന് കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ രസച്ചരട് കൊണ്ടുപോകുന്നത് സംവിധാനത്തിലെ ഈ സവിശേഷത കൊണ്ടു കൂടിയാണ്. കഥയിലെ പുതുമയും തിരക്കഥയിലെ തെളിമയുമാണ് മാളികപ്പുറത്തിന്റെ നട്ടെല്ല്. അഭിലാഷ്പിള്ള എന്ന തിരക്കഥാകൃത്ത് പ്രേക്ഷകർക്കു വലിയ പ്രതീക്ഷ നല്‍കുകയാണ് ഈ ചിത്രത്തിലൂടെ. സിനിമയെ തുടക്കം മുതല്‍ പിടിച്ചു നിര്‍ത്തുന്നതും ആസ്വാദ്യമാക്കുന്നതും അഭിലാഷിന്റെ തിരക്കഥയാണ്.

മല ചവിട്ടാനെത്തുന്ന വെറുമൊരു സ്വാമി മാത്രമല്ല ഉണ്ണി മുകുന്ദന്റെ കഥാപാത്രം. ചിത്രത്തിലെ ഏറ്റവും സവിശേഷമായ സാന്നിധ്യം ഉണ്ണി മുകുന്ദന്റെതാണ്. പ്രേക്ഷകനെ രസിപ്പിച്ചും ചിരിപ്പിച്ചുമൊക്കെ ഉണ്ണി സിനിമയില്‍ നിറഞ്ഞാടുകയാണ്. സവിശേഷതകള്‍ ഏറെയുള്ള ഈ കഥാപാത്രത്തിന്റെ ഗൗരവം ചോര്‍ന്നു പോകാതെ അഭിനയിക്കാന്‍ താരത്തിനായി എന്നത് എടുത്തു പറയണം. കല്യാണിയെന്ന കുഞ്ഞുമാളികപ്പുറമായി നിറഞ്ഞാടിയ ദേവനന്ദന തിയറ്റര്‍ വിട്ടറിങ്ങുന്ന പ്രേക്ഷകരുടെ മനസ്സുകൂടിയാണ് കവര്‍ന്നെടുക്കുന്നത്. നിഷ്‌കളങ്കമായ ബാല്യവും അവളുടെ ഭക്തിയുമൊക്കെ ഹൃദ്യമായി അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ ഈ കൊച്ചുമിടുക്കിക്കായി. കല്യാണിയുടെ കൂട്ടുകാരൻ പീയുഷായി എത്തിയ ശ്രീപദ് യാനാണ് ചിത്രത്തില്‍ കൂടുതല്‍ കയ്യടി നേടുന്ന മറ്റൊരു താരം. പ്രേക്ഷകനെ ഈ കൊച്ചുമിടുക്കന്‍ കുറച്ചൊന്നുമല്ല ചിരിപ്പിക്കുന്നത്. സൈജു കുറുപ്പിന്റെ അച്ഛന്‍ കഥാപാത്രവും ചിത്രത്തിന്റെ ജീവനാണ്.

വിഷ്ണു നാരായണന്റെ ഛായാഗ്രഹണം സിനിമയെ കാഴ്ചാനുഭവം ആക്കി മാറ്റുന്നുണ്ട്. ഓരോ ഫ്രെയ്മും സിനിമയ്‌ക്കൊപ്പം തന്നെ സഞ്ചരിച്ചു. രഞ്ജിന്‍ രാജിന്റെ സംഗീതവും പശ്ചാത്തലസംഗീതവും മാളികപ്പുറത്തെ ജീവസുറ്റതാക്കി മാറ്റി. സിനിമയുടെ വ്യത്യസ്തമായ രംഗങ്ങളില്‍ പശ്ചാത്തലസംഗീതത്തിനും പ്രേക്ഷകര്‍ കൈയടി നല്‍കുന്നുണ്ട്. സിനിമയെ കൃത്യമായി ചേര്‍ത്തുവച്ച എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്റെ കൂടിയാണ് ഈ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com