ഹരിമുരളീരവം മുതൽ മൂവന്തി താഴ്വര വരെ; മലയാളി മറക്കാത്ത ഈണങ്ങൾക്കു പിന്നിലെ ഇതിഹാസത്തിന് ഇന്ന് ജന്മവാർഷികം
Mail This Article
കുളത്തുപ്പുഴ രവി എന്ന രവീന്ദ്രന്‍ മാസ്റ്റര്‍. ആമുഖങ്ങളാവശ്യമില്ലാത്ത, മണ്‍മറഞ്ഞുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്റെ 79–ാം ജൻമദിനം പിന്നിടുമ്പോൾ മലയാള ചലച്ചിത്ര സംഗീതരംഗത്ത് അദ്ദേഹം ഒഴിച്ചിട്ട ഇരിപ്പിടം ഇന്നും ശൂന്യമാണ്. രവീന്ദ്രൻ മാസ്റ്ററുടെ പേര് പറഞ്ഞു സംഗീതപ്രേമികൾ കാസറ്റുകൾ ചോദിച്ചു വാങ്ങിയ ഒരു കാലമുണ്ടായിരുന്നു. സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയില്‍ പാടുവാന്‍ രവീന്ദ്രന് അവസരം നല്‍കിയത്. ‘വെള്ളിയാഴ്ച’ എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. പിന്നീട് മുപ്പതോളം സിനിമകളില്‍ പാടി. അവയില്‍ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു.
ഗായകനെന്ന നിലയില്‍ അവസരം കുറഞ്ഞതോടെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചു. 1970കളില്‍ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നല്‍കിയത് രവീന്ദ്രനായിരുന്നു.ഗായകനെന്ന നിലയില്‍നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് യേശുദാസാണ്. രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങള്‍ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകന്‍ ശശികുമാറിനു പരിചയപ്പെടുത്തുകയായിരുന്നു. അങ്ങനെ 1979ല്‍ ‘ചൂള’ എന്ന ചിത്രത്തിലൂടെ രവീന്ദ്രന്‍ സംഗീതസംവിധായകനായി. സത്യന്‍ അന്തിക്കാട് രചിച്ച ‘താരകേ മിഴിയിതളില്‍ കണ്ണീരുമായി’ എന്ന ഗാനം ചിട്ടപ്പെടുത്തി സംഗീത സംവിധാനത്തിലേക്കു പ്രവേശിച്ച കുളത്തുപ്പുഴ രവി അങ്ങനെ രവീന്ദ്രന്‍ മാസ്റ്ററായി.
ക്ലാസിക്‌സ് എന്ന തലക്കെട്ടില്‍ മലയാളികള്‍ പാടിനടക്കുന്ന പാട്ടുകളിലേറെയും മാസ്റ്ററുടെ സംഗീതമാണ്. പ്രമദവനം, സുഖമോ ദേവി, ഏഴുസ്വരങ്ങളും, രാമകഥാഗാനലയം, ദേവസഭാതലം, ഹരിമുരളീരവം, ഗംഗേ, ഘനശ്യാമമോഹന കൃഷ്ണാ തുടങ്ങി ഒരുപിടി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അതേ മാസ്റ്ററാണ് അഴകേ നിന്‍, മൂവന്തി താഴ്‌വരയില്‍, തേനും വയമ്പും, ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന, പത്തുവെളുപ്പിന്, ഒറ്റക്കമ്പിനാദം മാത്രം, ഒളിക്കുന്നുവോ തുടങ്ങിയ മെലഡികളും ഒരുക്കിയത്.
ആല്‍ബത്തിനായി ഒരുക്കിയ മാമാങ്കം പലകുറി കൊണ്ടാടി എന്ന ഗാനവും മലയാളികള്‍ നെഞ്ചോടു ചേർത്തു. ‘ബട്ടര്‍ഫ്ലൈസ്’ എന്ന മോഹൻലാല്‍ ചിത്രത്തിലെ വാവാ മനോരഞ്ജിനി എന്ന ഗാനം രചിച്ചത് മാസ്റ്ററായിരുന്നു. യേശുദാസുമായുള്ള ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങ്ങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ് ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത്. യേശുദാസിന്റെ കാലം കഴിഞ്ഞുവെന്നും അദ്ദേഹത്തിനു ശ്വാസം നില്‍ക്കുന്നില്ല എന്നും പറഞ്ഞ് വിമര്‍ശിച്ചവര്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ നല്‍കിയ മറുപടിയായിരുന്നു ആറാം തമ്പുരാനിലെ ഹരിമുരളീരവം എന്ന ഗാനം. താന്‍ മനപ്പൂര്‍വമാണ് ഹരിമുരളീരവം ഒരുക്കിയതെന്ന് പിന്നീട് മാസ്റ്റര്‍ തന്നെ പറഞ്ഞിരുന്നു.
അവസാന കാലത്ത് അർബുദ ബാധയെത്തുടർന്ന് അവശനായിരുന്നെങ്കിലും സംഗീത ലോകത്തും ടിവി ചാനലുകളിലും സജീവ സാന്നിധ്യമായിരുന്നു രവീന്ദ്രൻ മാസ്റ്റർ. തികച്ചും അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തേടിയെത്തിയത്. 2005 മാർച്ച് 3ന് വൈകിട്ട് 3:30ന് ചെന്നൈയിലെ വീട്ടിൽ വച്ച് ആ സംഗീതജ്ഞൻ ആന്തരിച്ചു; ഒപ്പം ഒരു സംഗീത യുഗവും. മരണത്തിന് ഏതാനും ദിവസം മുമ്പ് അർബുദ ചികിത്സയ്ക്കായി ചെന്നൈയിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളായ വടക്കുംനാഥൻ, കളഭം എന്നിവ മരണാനന്തരമാണ് പുറത്തിറങ്ങിയത്.