സെറ്റു മുണ്ടുടുത്ത്, മുല്ലപ്പൂ ചൂടി ‘റാസ്പുടിൻ’ ഡാൻസ് വേർഷൻ; ഇത് പിന്തുണയുടെ മലയാളി മങ്ക മുഖം
Mail This Article
കോടിക്കണക്കിന് ആരാധകരുള്ള ‘റാ റാ റാസ്പുടിൻ’ പാട്ടിനൊത്ത് മലയാളി മങ്കയുടെ വേഷത്തിൽ ചുവടുവച്ചാൽ എങ്ങനെയുണ്ടാകും? കേൾക്കുമ്പോൾ അമ്പരപ്പ് തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. തൃശൂർ മെഡിക്കൽ കോളജ് വരാന്തയിലെ ചടുലമായ ചുവടുകൾക്കു പിന്നാലെ വിമർശനങ്ങൾ നേരിടേണ്ടി വന്ന നവീൻ കെ റസാഖിനും ജാനകി ഓംകുമാറിനും ഐക്യദാർഢ്യം പ്രഖ്യപിച്ചുകൊണ്ടാണ് ഈ വേറിട്ട ഡാൻസ് പതിപ്പ്.
സെറ്റും മുണ്ടും ധരിച്ച് മുടിയിൽ മുല്ലപ്പൂ ചൂടിയാണ് കലാകാരി റാ റാ റാസ്പുടിനൊപ്പം ചുവടുവച്ചത്. വേഷത്തിനനുയോജ്യമായ ആഭരണങ്ങളും ധരിച്ചാണ് നർത്തകി വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. അനായാസമായ ചുവടുകൾ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തി. സെറ്റും മുണ്ടും ധരിച്ചുള്ള ചടുലമായ ചുവടുകൾ ചുരുങ്ങിയ സമയത്തിനകം വൈറലായി. നവീന്റെയും ജാനകിയുടെയും ഡാൻസ് മുപ്പത് സെക്കൻഡുകൾ ആണെങ്കിൽ മലയാളി മങ്കയുടേത് ഒരു മിനിട്ടിലധികം ദൈർഘ്യമുള്ളതാണ്. കേരളത്തനിമയിൽ പിറന്ന റാസ്പുടിൻ വേർഷൻ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമലോകം. നിരവധി പേരാണ് ഈ വെറൈറ്റി ഡാൻസ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒപ്പം നർത്തകിയെക്കുറിച്ചുള്ള അന്വേഷണവും ചർച്ചയും സമൂഹമാധ്യമങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു.
തൃശൂര്‍ മെഡിക്കല്‍ കോളജിന്റെ ഹൗസ് സര്‍ജന്റ് ക്വാര്‍ട്ടേഴ്സ് വരാന്തയില്‍ നൃത്തം ചെയ്തു വൈറലായ നവീനും ജാനകിയും ആണ് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. പ്രശംസയ്ക്കൊപ്പം ഇരുവർക്കും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. നവീനിന്റേയും ജാനകിയുടേയും പേരിനോടു ചേർന്നുള്ള റസാഖ്, ഓം കുമാർ എന്നീ പേരുകൾ ചേർത്തു പിടിച്ച് മതത്തിന്റെ നിറം നൽകി ഈ വിദ്യാർഥികളെ ചിലർ അവഹേളിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചർച്ച ചൂടുപിടിച്ചതോടെ ജാനകിയ്ക്കും നവീനും പിന്തുണ പ്രഖ്യാപിച്ച് താരങ്ങളും നേതാക്കളും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഈ വ്യത്യസ്ത ഡാൻസ് വിഡിയോയും സമൂഹമാധ്യമലോകം ഏറ്റെടുത്തു കഴിഞ്ഞു.