പരിമിതികൾ മറന്ന് ഹൗവ്വ പാടി; ചെറിയ പെരുന്നാളിനു സംഗീതസമ്മാനവുമായി അഫ്സൽ യൂസഫ്, വിഡിയോ
Mail This Article
റംസാനോട് അനുബന്ധിച്ച് സംഗീതസംവിധായകന്‍ അഫ്സൽ യൂസഫ് ഒരുക്കിയ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. ‘അരുമപ്പൂമൊട്ട്’ എന്നു തുടങ്ങുന്ന ഗാനം ഹൗവ്വ ഫാത്തിമ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കാഴ്ചപരിമിതിയുണ്ടെങ്കിലും സംഗീതത്തിലൂടെ അവയെ എല്ലാം തരണം ചെയ്ത് ജീവിതം മുന്നോട്ടു നയിക്കുന്ന കലാകാരിയാണ് ഹൗവ്വ ഫാത്തിമ. മലയാളിയല്ലെങ്കിലും ദീർഘകാലമായി ഹൗവ്വ കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത്. പുതിയ പാട്ടിനു പിന്നണിയിൽ സ്വരമായ ഈ ഗായികയിലേയ്ക്ക് എത്തിയതിന്റെ കഥ അഫ്സൽ യൂസഫ് വിശദീകരിക്കുന്നത് ഇങ്ങനെ.
‘കോവിഡ് എന്ന മഹാമാരി അവതരിച്ച കഴിഞ്ഞ വർഷത്തെ ഓണക്കാലം. ഫോണിൽ എന്റെ സുഹൃത്തായ നിസ്സാറിന്റെ ഒരു വാട്സ്ആപ് സന്ദേശം. തുറന്നു നോക്കിയപ്പോൾ മനസ്സിലായി അതൊരു വീഡിയോ ആണെന്ന്. ഒരു പെൺകുട്ടി മനോഹരമായി പാടുന്നു. "മൈലാഞ്ചി മൊഞ്ചുള്ള വീട് " എന്ന ചിത്രത്തിനു വേണ്ടി ഞാൻ സംഗീതം ചെയ്ത് ശ്രേയ ഘോഷാൽ ആലപിച്ച "വാഹിദ" എന്ന ഗാനമാണ് ആ വീഡിയോയിൽ അവൾ പാടിയത്. വീഡിയോ അവസാനിച്ച ശേഷം ഞാൻ നിസ്സാറിനെ വിളിച്ചു.
"ആ പെൺകുട്ടി നന്നായി പാടിയിരിക്കുന്നു...." ഹൗവ്വ എന്നാണ് ആ പെൺകുട്ടിയുടെ പേര്. ജന്മം കൊണ്ട് അവൾ മലയാളിയല്ല മറിച്ച് ബംഗാൾ സ്വദേശിയാണവൾ എന്ന കാര്യം ഞാൻ കൗതുകത്തോടെ നിസ്സാറിൽ നിന്നും അറിഞ്ഞു. "പക്ഷെ ഞാൻ ഈ വീഡിയോ ഇപ്പോൾ നിനക്കയക്കാൻ ഒരു കാരണം ഉണ്ട് ".
"എന്താണത് "? നിസ്സാറിന്റെ ആ വാക്കുകൾ എന്നിൽ അല്പം ആകാംക്ഷയുളവാക്കി.
"അവൾ ജന്മനാ കാഴ്ചവൈകല്യമുള്ള ഒരു കുട്ടിയാണ് "
നിസ്സാറിൽ നിന്നും ഹൗവ്വയുടെ കഥ ഞാൻ കേട്ടുകൊണ്ടേയിരുന്നു....
സാമ്പത്തികമായി നല്ലൊരു ചുറ്റുപാടിൽ ജനിച്ച ഹൗവ്വയ്ക്ക് അവളുടെ ജനനത്തിനു ശേഷം കുറച്ചു നാളുകൾ കഴിയവേ തന്റെ അമ്മയെയും ഇരട്ട സഹോദരനെയും നഷ്ടപ്പെട്ടു. തുടർന്ന് ഹൗവ്വയുടെ പിതാവ് അബ്‌ദുല്ലയോട് അദ്ദേഹത്തിന്റെ മാതാപിതാക്കളും, സഹോദരങ്ങളും, മറ്റു ബന്ധു മിത്രാദികളും കാഴ്ചയില്ലാത്ത ആ പെൺകുട്ടിയെ ഏതെങ്കിലും അനാഥാലയം പോലുള്ള അഗതിമന്ദിരങ്ങളിലോ, അല്ലെങ്കിൽ അതുപോലുള്ള മറ്റേതെങ്കിലും ഇടങ്ങളിലോ ഉപേക്ഷിക്കുവാനും, മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുവാനും നിരന്തരം സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു.
പക്ഷെ ഹൗവ്വ ഒരു നല്ല പിതാവിനാൽ പിറന്ന, ഭാഗ്യം ചെയ്ത ഒരു കുട്ടിയായിരുന്നു. ആ മനുഷ്യൻ ആരുടേയും ഉപദേശ വാക്കുകൾ കേൾക്കാതെ അകാലത്തിൽ പൊലിഞ്ഞു പോയ ഭാര്യയുടെയും മകന്റെയും ഓർമ്മകൾ നിറഞ്ഞ ആ നാട്ടിൽ നിന്നും തന്റെ മകളുടെ കയ്യും പിടിച്ചു നിശബ്‌ദനായി നടന്നു നീങ്ങി.. അറിയാത്ത പല നാടുകളിലും ചുറ്റിത്തിരിഞ്ഞു ജീവിച്ചു. ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിലെ മനോഹരമായ കോഴിക്കോട് എത്തിപ്പെട്ടു. ദിവസക്കൂലിക്ക് പല പല ജോലികളിൽ ഏർപ്പെട്ട് അദ്ദേഹം തന്റെ മകളെ ഒരു അന്ധവിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ ആരംഭിച്ചു...
അന്ധ വിദ്യാലയത്തിലെ വാർഡൻ ഫെബിന എന്ന സ്ത്രീ ആയിരുന്നു. അവർ ഹൗവ്വയെ സ്വന്തം മകളെപ്പോലെ കണ്ടു പരിചരിച്ചു. ഫെബിനയ്ക്ക് മകളോടുള്ള സ്നേഹം അബ്‌ദുല്ലയെ ഒരുപാട് സന്തോഷിപ്പിച്ചു. കാലം ഫെബിനയെ അബ്‌ദുല്ലയുടെ ജീവിത സഖിയാക്കി മാറ്റി.സന്തോഷകരമായ ഹൗവ്വയുടെ ജീവിതത്തിലേക്കു വൈകാതെ ഫെബിനയിലൂടെ രണ്ട് സഹോദരങ്ങളെക്കൂടി പടച്ചവൻ സമ്മാനിച്ചു.
ഒരു നിമിഷം ഞാൻ എന്നെയും, ഞാൻ അറിഞ്ഞ കാഴ്ചയില്ലാത്ത എന്റെ സൗഹൃദവലയത്തിൽ ഉള്ളവരെക്കുറിച്ചും ഓർത്തു. ഞാനും വിധിയാൽ കാഴ്ചയുടെ ലോകം നിഷേധിക്കപ്പെട്ട ഒരാളാണല്ലോ. എങ്കിലും ഞാൻ വളർന്നു വന്ന ചുറ്റുപാടും, എനിക്കറിയാവുന്ന കാഴ്ചയുടെ ലോകം നഷ്ടപ്പെട്ട സുഹൃത്തുക്കളുടെയും ചുറ്റുപാടുകൾ വച്ച് നോക്കുമ്പോൾ ഹൗവ്വയുടെ ജീവിത സാഹചര്യങ്ങൾ, പ്രത്യേകിച്ച് ചെറു പ്രായത്തിലേ സ്വന്തം അമ്മയും കൂടപ്പിറപ്പും നഷ്ട്ടപ്പെട്ട ഒരു പെൺകുട്ടി എന്ന നിലയിൽ കൂടി നോക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ടേറിയതാണ് എന്ന വസ്തുത ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു..
ഹൗവ്വയുടെ ജീവിതാനുഭവങ്ങൾ അപേക്ഷിച്ച് അവൾ അനുഭവിച്ചതിന്റെ ഒരംശം ബുദ്ധിമുട്ടുപോലും പടച്ചവൻ എനിക്ക് നൽകിയിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിപ്പെട്ട ഹൗവ്വയെക്കുറിച്ചു നിസ്സാർ മുഖേന എന്റെ ശ്രദ്ധയിൽപ്പെട്ടത് ഒരു നിമിത്തമായി എനിക്ക് അനുഭവപ്പെട്ടു. ഗൂഗിൾ ചെയ്തപ്പോൾ പല ചാനലുകളിൽ ഹൗവ്വയെക്കുറിച്ചുള്ള വാർത്തകൾ മുൻപ് വന്നിട്ടുണ്ടെന്ന് ഞാൻ മനസിലാക്കി..
ദിവസങ്ങൾ കഴിഞ്ഞിട്ടും ഹൗവ്വയുടെയും, ആ പിതാവിന്റെയും കഥകൾ എന്നെ പിന്തുടർന്നുകൊണ്ടിരുന്നു. ഒരു ദിവസം ഒരു ഫോൺ കോളിനിടയിൽ എന്റെ പ്രിയസുഹൃത്തും, ഗാനരചയിതാവുമായ ശ്രീ കവിപ്രസാദ് ഗോപിനാഥുമായി ഹൗവ്വയുടെ ജീവിത കഥ ഞാൻ പങ്കുവെച്ചു..
"അവൾക്കു വേണ്ടി എനിക്കെന്താണ് ചെയ്യാൻ സാധിക്കുക"? ഞാൻ ചോദിച്ചു.
അൽപനിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം എന്നോട് പറഞ്ഞു:-
"നീ ഒരു ഗാനം സൃഷ്ടിക്കുക.. അതായിരിക്കും അവൾക്കു വേണ്ടി നിനക്കു ചെയ്യാനാകുന്ന ഏറ്റവും മനോഹരമായ കാര്യം"..!!!
"അരുമപ്പൂമൊട്ടായ പെണ്ണൊരുത്തി
ദുനിയാവിൽ വിരിയേണ്ട ചെമ്പരത്തി...
അതിനുള്ള സമയമായ്
അവളെ പടച്ചവൻ
അലിവുള്ളോരുദരത്തിൽ കൊണ്ടിരുത്തി"
"വരികൾ ഇഷ്ടമായെങ്കിൽ അവളെക്കുറിച്ചുള്ള ഗാനം ഞാൻ എഴുതി പൂർണ്ണമാക്കാം"...
അടുത്ത ദിവസം തന്നെ ഗാനരചന പൂർണ്ണമാക്കി എന്നറിയിച്ചുകൊണ്ട് കവിപ്രസാദ് ഗോപിനാഥിന്റെ വാട്സ്ആപ് സന്ദേശം എന്റെ ഫോണിലേക്ക് എത്തി...
അദ്ദേഹത്തിന്റെ വരികൾക്ക് അനുസരിച്ചു ഈണം നൽകുകയാണ് ഞാൻ ചെയ്തത്. ശേഷം ഞാൻ ഹൗവ്വയെ വിളിച്ചു.. ഒരു ഗാനം ആലപിക്കാൻ പോകുന്നതിന്റെ സന്തോഷം അവളുടെ വാക്കുകളിലൂടെ ഞാൻ അറിഞ്ഞു..
മൂന്നു ദിവസങ്ങൾക്കു ശേഷം റെക്കോർഡിങ് നടത്തേണ്ട ദിവസം അറിയിക്കാൻ ഞാൻ ഹൗവ്വയെ വീണ്ടും വിളിച്ചു.
"ഇനി കുറച്ചു നാളുകൾ കഴിയാതെ തനിക്ക് പാടാൻ ആകില്ല",
അത് പറയുമ്പോൾ അവൾ വിതുമ്പുന്നുണ്ടായിരുന്നു.
അവളുടെ സ്നേഹനിധിയായ പിതാവ് അബ്‌ദുല്ല ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞ് മറ്റൊരു ലോകത്തേക്ക് യാത്രയായിരിക്കുന്നു. പിന്നീട് ഏകദേശം നൂറു ദിവസങ്ങൾ കഴിഞ്ഞ് കൊച്ചിയിലെ സീറോ ഡീ ബി സ്റ്റുഡിയോയിൽ എന്റെ ഗാനം ആലപിക്കാനായി ഹൗവ്വ അവളുടെ രണ്ടാനമ്മയായ ഫെബിനയ്ക്കൊപ്പമായിരുന്നു ഞങ്ങൾക്കരികിലെത്തിയത്.
റെക്കോർഡിങ് വേളകളിൽ മാതാപിതാക്കൾ നഷ്ട്ടപ്പെട്ട ഹൗവ്വയെ സ്വന്തം മകളായിത്തന്നെ കണ്ട് കൊണ്ട് സ്നേഹലാളനകളോടെ കരുതുന്ന നല്ലൊരുമ്മയായിത്തന്നെയാണ് ഫെബിന എന്ന ആ മാതാവിൽ ഞങ്ങൾക്ക് ദർശിക്കാൻ സാധിച്ചത്. ഹൗവ്വയെപ്പോലൊരു കുട്ടിക്ക് പടച്ചവൻ ഇതിലും സന്തോഷമുള്ള മറ്റെന്തു സമ്മാനം നൽകണം.
മലയാളിയല്ലാത്ത ഹൗവ്വ മലയാളത്തനിമയോടെ മനോഹരമായി ഈ ഗാനം പാടുന്ന നേരം ഞാൻ അബ്‌ദുല്ലയെക്കുറിച്ച് ആലോചിച്ചു. ആ പിതാവ് സ്വർഗത്തിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിക്കുന്നത് അകകണ്ണിലൂടെ കാണാൻ എനിക്ക് സാധിച്ചു.
ഒരു ഗാനം എന്നതിലുപരി ഹൗവ്വയെപ്പോലുള്ള കഴിവുള്ള പ്രതിഭകളെ നിങ്ങളുടെ മുന്നിലേക്ക് പരിചയപ്പെടുത്തേണ്ടത് എന്റെ ഉത്തരവാദിത്തമായി ഞാൻ കണക്കാക്കുന്നു. നിങ്ങളെല്ലാവരെയും പോലെ കോവിഡ് എന്ന മഹാമാരി ഈ ഭൂമുഖത്ത് നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമാകാൻ ഞാനും ആഗ്രഹിക്കുന്നു..പ്രാർത്ഥിക്കുന്നു.. ഹൗവ്വയുടെ കഥ പറയുന്ന ഈ ഗാനം നിങ്ങൾക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്നു. എല്ലാവർക്കും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ’, അഫ്സൽ യൂസഫ് പറഞ്ഞു നിർത്തി.