ADVERTISEMENT

സ്വന്തമായി കമ്പോസ് ചെയ്യുന്ന പാട്ടുകളിൽ ഗായകനായും അനിരുദ്ധ് എത്തുന്നതിനെ വിമർശിച്ച് സമൂഹമാധ്യമലോകം. വിജയ് ചിത്രം ലിയോയില്‍ അനിരുദ്ധ് ഈണമൊരുക്കിയ ‘അൻപേനും’ എന്ന പാട്ട് പുറത്തിറങ്ങിയതിനു പിന്നാലെയാണ് അനിരുദ്ധിനെതിരെ വിമർശനങ്ങൾ തലപൊക്കിയത്. അനിരുദ്ധും ലോതികയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. 

സ്വന്തം ഈണങ്ങൾ സ്വയം ആലപിച്ച് അനിരുദ്ധ് മറ്റു ഗായകർക്കുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണെന്നും പാട്ട് കൊണ്ട് മാത്രം ജീവിക്കുന്ന നിരവധി ഗായകരുണ്ടെന്നും  അനിരുദ്ധിന്റെ ഈ രീതി ശരിയല്ലെന്നുമാണ് ഉയരുന്ന വിമർശനം. വിഷയത്തിൽ നിരവധി പേരാണ് അഭിപ്രായപ്രകടനങ്ങളുമായി എത്തിയത്. 

അനിരുദ്ധിന്റെ സംഗീതത്തിൽ അടുത്തിടെ ഇറങ്ങിയ ഭൂരിഭാഗം ഗാനങ്ങളിലും അദ്ദേഹം തന്നെയാണ് സ്വരമായത്. ലിയോയിൽ രണ്ട് ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. രജനികാന്ത് ചിത്രം ജയിലറിലെ വൈറലായ ‘കാവാലാ’ ഗാനത്തിൽ ശിൽപ റാവുവിന്റെ സഹഗായകനായെത്തിയത് അനിരുദ്ധ് ആണ്.

അതേസമയം, തനിക്ക് പാട്ട് പാടാൻ താൽപര്യമില്ലെന്നും താന്‍ വളരെ മോശം ഗായകനാണെന്നു സ്വയം വിശ്വസിക്കുന്നുണ്ടെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അനിരുദ്ധ് തന്നെ പറഞ്ഞിരുന്നു. ആളുകൾ തന്നെ അംഗീകരിക്കാൻ തുടങ്ങിയപ്പോഴാണ് സ്വയം ഒരു ഗായകനായി മാറിയതെന്ന് അദ്ദേഹം പറയുന്നു. ‘സിനിമയിൽ മാത്രമല്ല ആൽബങ്ങളിലും ഞാൻ പാടാറുണ്ട്. മറ്റു സംഗീത‍ജ്ഞർക്കു വേണ്ടി തികച്ചും സൗജന്യമായാണു പാട്ടുകൾ പാടുന്നത്. എനിക്ക് പണത്തേക്കാൾ വലുത് അവർക്കൊപ്പമുള്ള അനുഭവമാണ്’– അനിരുദ്ധ് രവിചന്ദർ പറഞ്ഞു. 

ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകൻ അനിരുദ്ധ് ആണെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. 10 കോടിയാണ് അനിരുദ്ധ് ഒരു ചിത്രത്തിനു വേണ്ടി വാങ്ങുന്ന പ്രതിഫലം. ഇതോടെ എ.ആർ.റഹ്മാന്റെ 8 കോടിയെന്ന റെക്കോർഡ് തിരുത്തി അനിരുദ്ധ് രാജ്യത്തെ ഏറ്റവും ‘വിലയുള്ള’ സംഗീതസംവിധായകനായി. എന്നാൽ ഗാനം ആലപിക്കുന്നതിന് അനിരുദ്ധിന്റെ പ്രതിഫലം എത്രയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

English Summary:

Fans criticise Anirudh Ravichander for singing most of his songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com