15 വയസ്, 54 കീമോ; ആഷിക്കിന് ഇത് ജീവിതപ്പരീക്ഷ
Mail This Article
തൃശൂർ∙ പത്താംക്ലാസിലാണ് പഠനം. ക്ലാസ്മുറിയേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ആശുപത്രി മുറികളിൽ. അൻപത്തിനാലും പിന്നിട്ടു മുന്നോട്ടുപോകുന്ന കീമോതെറപ്പികൾ.. കടുത്തവേദന.എങ്കിലും ആഷിക്കിന്റെ മുഖത്ത് ഒരു ചെറിയ തിളക്കം ബാക്കി നിൽപ്പുണ്ട്. ഈ ജീവിതപ്പരീക്ഷയിൽ വിജയിക്കുമെന്നും പത്താംക്ലാസ് പരീക്ഷയെഴുതുമെന്നുമുള്ള പ്രതീക്ഷയുടെ തിളക്കം. അത് അണയാതിരിക്കണമെങ്കിൽ കടക്കാനുള്ളത് 30 ലക്ഷം രൂപയുടെ കടമ്പ.
തൃശൂർ കാൽഡിയൻ സ്കൂളിലെ വിദ്യാർഥിയായ ആഷിക് ഒൻപതിൽ പഠിക്കുമ്പോഴാണു കടുത്ത പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. രക്താർബുദമാണെന്നു തിരിച്ചറിയുമ്പോഴേക്കും വൈകി. ആർസിസിയിൽ കീമോതെറപ്പി തുടങ്ങി. അതിനിടെ പഠിച്ച് ഒൻപതാംക്ലാസ് പരീക്ഷ പാസായി. പത്തിലെത്തിയപ്പോഴേക്കും രോഗം വീണ്ടും മൂർചിച്ചു. മജ്ജ മാറ്റിവയ്ക്കലാണ് ഇനിയുള്ള പോംവഴിയെന്ന് ആർസിസിയിലെ ഡോക്ടർമാർ.
കുറച്ചുപണം കേന്ദ്രസർക്കാരിന്റെ ചികിൽസാ പദ്ധതിയിലൂടെ സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എങ്കിലും വലിയ തുകയിലെത്താൻ സുമനസുകളുടെ സഹായത്തിനുശ്രമിക്കുകയാണ് ഓട്ടോ ഡ്രൈവറായ അച്ഛൻ കണിമംഗലം അയ്യപ്പൻകാവ് പനയ്ക്കൽ പി.ടി. ബാബുവും കുടുംബവും.ഊർജസ്വലനായിരുന്ന ഈ വിദ്യാർഥി ഇപ്പോൾ കീമോതെറപ്പി തളർത്തി മെലിഞ്ഞ ശരീരവുമായി ആർസിസിയിൽ കഴിയുകയാണ്. കൗണ്ടിന്റെ പ്രശ്നങ്ങളും ധാരാളം.
ഉടൻ പണം കണ്ടെത്തുമെന്നും മജ്ജമാറ്റിവയ്ക്കുമെന്നും ബന്ധുക്കൾ നൽകിയ പ്രതീക്ഷയിലാണ് ആഷിക്.
ആഷിക്കിനെ സഹായിക്കാൻ സഹായസമിതി രൂപീകരിച്ച് പൊതുപ്രവർത്തകൻ ജോഷി ഡേവിഡിന്റെയും ആഷിക്കിന്റെ അച്ഛൻ പി.ടി. ബാബുവിന്റെയും നേത്വത്തിൽ കാനറാ ബാങ്ക് കൂർക്കഞ്ചേരി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
നമ്പർ – 5113101004732.
ഐഎഫ്എസ്കോഡ്- സിഎൻആർബി 0005113.
വിലാസം: ആഷിക് ബാബു, പനക്കൽ വീട്, അയ്യപ്പൻകാവ്, കണിമംഗലം തൃശൂർ. 680027. ഫോൺ: 9446722559.