ADVERTISEMENT

പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) നിയമഭേദഗതിയുടെ കരടു വിജ്ഞാപനത്തെപ്പറ്റി പൊതുജനങ്ങൾക്കും വിവിധ സർക്കാരുകൾക്കും ഏജൻസികൾക്കും അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കുകയാണ്. നിലവിലെ പരിസ്ഥിതി ആഘാത പഠനരീതി കാലഹരണപ്പെട്ടതും ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റാത്ത വിധം നിഷ്ക്രിയവുമാണ്. 2020ലെ പുതുക്കിയ വിജ്ഞാപനവും രാജ്യത്തിന്റെ പരിസ്ഥിതിസുരക്ഷയെ അപകടത്തിലാക്കാനേ വഴിവയ്ക്കൂ.

പരിസ്ഥിതിയിൽ നാം ഏൽപിക്കുന്ന ആഘാതങ്ങളുടെ പ്രതിഫലനമാണ് കേരളത്തിലെ തീവ്രമഴയും പ്രളയവും മണ്ണിടിച്ചിലും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റ വകുപ്പ് നിയമത്തിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നതുതന്നെ യാഥാർഥ്യബോധമില്ലാത്ത നടപടിയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ഭേദഗതി തള്ളിക്കളയണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. 2006ലെ നിയമം മാറ്റിയാണ് പുതിയ ചട്ടം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്നത്. ഒരു പദ്ധതി ആരംഭിക്കുമ്പോൾ പ്രദേശത്തെ ജനങ്ങളുടെ സമ്മതം ചോദിക്കുക പോലും വേണ്ടെന്നാണ് പുതിയ ചട്ടം പറയുന്നത്. പിഴ അടച്ച് ഏതു ലംഘനത്തെയും സാധൂകരിക്കാം.

ഏറ്റവുമധികം ഭേദഗതി വരുത്തിയ ചട്ടങ്ങളിലൊന്നാണ് 2006ലെ ഇഐഎ; 14 വർഷത്തിനിടെ 43 തവണ. 50 ഉത്തരവുകളാണ് ഈ കാലയളവിൽ ഇറങ്ങിയത്. ചേർത്തുവച്ചാൽ 350 പേജ് വരും. 2006 ലെ ഉത്തരവിനോടൊപ്പം, 14 വർഷത്തിനിടെ പുറപ്പെടുവിച്ച ഭേദഗതികളും കൂടി ചേർത്തതാണ് പുതിയ കരടു നിയമം. പ്രതിഷേധം മാനിച്ച് 2006ലെ നിയമം നിലനിർത്താൻ കേന്ദ്രം സമ്മതിച്ചാൽപോലും രാജ്യത്തെ പരിസ്ഥിതിയെ രക്ഷിക്കാനാവില്ലെന്നു ചുരുക്കം.

ആഘാത പഠനത്തിന് അപ്പുറം, ജീവനും ജൈവവൈവിധ്യത്തിനും വരുത്തുന്ന ദൂരവ്യാപക വിപത്തുകൾ സമഗ്രമായും ദീർഘവീക്ഷണത്തോടെയും പഠിച്ചു മനസ്സിലാക്കി തീരുമാനമെടുക്കുകയാണു വേണ്ടത്. ഇപ്പോഴത്തെ ഇഐഎ രീതി ഒട്ടും ശാസ്ത്രീയമല്ല. കൺസൽറ്റന്റുമാരാണ് പഠനം തയാറാക്കുന്നത്. പണം നൽകുന്ന കമ്പനിക്കെതിരെ അവർ ഒന്നും എഴുതില്ല. ഒരു എതിർ റിപ്പോർട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല. പദ്ധതിബാധിതരായ നാട്ടുകാരുടെ വികാരം ഉൾക്കൊണ്ട് ഒരു പദ്ധതിയും ഉപേക്ഷിച്ചിട്ടില്ല. കനത്ത സുരക്ഷയിലാവും ജനങ്ങളുടെ പരാതി കേൾക്കാനുള്ള യോഗങ്ങൾ നടക്കുക. ഒരു വിദ്യാലയമോ ജലസേചന പദ്ധതിയോ തുടങ്ങാൻ തീരുമാനമാകുന്നതോടെ എല്ലാ പ്രതിഷേധങ്ങളും കെട്ടടങ്ങും. വരുമാനത്തിന്റെ രണ്ടു ശതമാനം വരെ വനവൽക്കരണത്തിനും മറ്റും നീക്കിവച്ചെന്നുമിരിക്കും.

കമ്പനികൾ 6 മാസത്തിലൊരിക്കൽ നൽകുന്ന റിപ്പോർട്ട് ഇനി മുതൽ വർഷത്തിലൊരിക്കൽ മതിയെന്നു 2020ലെ കരടിൽ വ്യവസ്ഥ ചെയ്യുന്നു. അപേക്ഷിക്കുന്ന 99.9% പദ്ധതികൾക്കും അനുമതി ലഭിക്കുന്ന സ്ഥിതിയാണു നമ്മുടെ രാജ്യത്ത്. പരിസ്ഥിതി അനുമതി നേടുന്ന പ്രക്രിയ കമ്പനികളെ സംബന്ധിച്ചു വലിയൊരു പാഴ്ച്ചെലവായതിനാൽ ഉൽപാദനം ആരംഭിച്ച ശേഷം അവർ കൂടുതൽ ഇളവുകൾക്കായി മന്ത്രാലയത്തെ സമീപിക്കുന്നതു സ്വാഭാവികം.

അതിനാൽ, പരിസ്ഥിതി ആഘാത വിലയിരുത്തൽ ശാസ്ത്രീയമായി പരിഷ്കരിക്കണം. തദ്ദേശീയ സമൂഹങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെ തീരുമാനങ്ങൾ കൂടുതൽ സുതാര്യമാകണം. കമ്പനികളുടെ മുടക്കുമുതൽ പരിസ്ഥിതിയുടെ പേരിൽ നഷ്ടപ്പെടാനും പാടില്ല.

പല വികസിത രാജ്യങ്ങളും ദീർഘവീക്ഷണത്തോടെ മുൻകൂട്ടി പരിസ്ഥിതിനയങ്ങൾ നിശ്ചയിച്ചുറപ്പിച്ചാണു തീരുമാനങ്ങളെടുക്കുന്നത്. ഇതു പിന്നീടുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കും. രാജ്യത്തെ ഓരോ ഇഞ്ച് ഭൂമിയും മുൻകൂട്ടി ഇനംതിരിച്ചു വേർതിരിക്കുന്ന ജിയോ മാപ്പിങ്ങാണു മറ്റൊന്ന്. ഓരോ കമ്പനിക്കും ഇതനുസരിച്ചു പരിസ്ഥിതി പ്രശ്നം ഇല്ലാത്ത അനുയോജ്യ മേഖല തിര‍ഞ്ഞെടുക്കാം. സർക്കാർ വികസന പദ്ധതികൾക്കും ഇതു ബാധകമാക്കണം. നന്നായി വിളവുണ്ടാകുന്ന സ്ഥലം കൃഷിക്കായി വേർതിരിക്കുക. അധികം ജനവാസമില്ലാത്ത സ്ഥലം ഫാക്ടറി സ്ഥാപിക്കാൻ കൈമാറുക.

ഓരോ പ്രദേശത്തിന്റെയും പരിസ്ഥിതി പ്രത്യേകതകളും ചരിത്രവും ലഭ്യമാക്കുന്ന പാരിസ്ഥിതിക നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചാൽ ആഘാത പഠനത്തിനു മുൻപ് അവിടത്തെ പ്രത്യേകതകൾ മനസ്സിലാക്കാം. ഒരു രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന പ്രധാന ആധാരരേഖയാണ് പരിസ്ഥിതി ആഘാത പഠനം. എന്നാൽ, ഈ സുപ്രധാന രേഖ ഇന്നുവരെയും പാർലമെന്റിൽ ചർച്ച ചെയ്യാതെയാണ് പരിസ്ഥിതി മന്ത്രാലയം നടപ്പാക്കുന്നത്. ഈ രീതി മാറണം. 21–ാം നൂറ്റാണ്ടിനു യോജ്യമായ പുതിയ ആഘാത പഠനം തയാറാക്കുന്നതിനു പാർലമെന്റിനെ ചുമതലപ്പെടുത്തുക. ഈ കരടുരേഖ തൽക്കാലം ചവറ്റുകുട്ടയിലെറിയുക.

‌ന്യൂഡൽഹി ആസ്ഥാനമായ ഇന്റർനാഷനൽ ഫോറം ഫോർ എൻവയൺമെന്റ്, സസ്റ്റെയ്നബിലിറ്റി ആൻഡ് ടെക്നോളജി (ഐഫോറസ്റ്റ്) എന്ന സംഘടനയുടെ സിഇഒ ആണ് ലേഖകൻ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com