തിരികെ ജോലിയിൽ ചേരാത്തതിന് കണ്ണൻ ഗോപിനാഥന് എതിരെ കേസ്

Mail This Article
ദമൻ ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ ആവശ്യപ്പെട്ടുള്ള കേന്ദ്ര ഉത്തരവ് നിരസിച്ച മുൻ ഐഎഎസ് ഓഫിസർ കണ്ണൻ ഗോപിനാഥനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പകർച്ചവ്യാധി പ്രതിരോധ നിയമം, ദുരന്ത നിവാരണ നിയമം എന്നിവയും സർക്കാർ ഉത്തരവ് ധിക്കരിച്ചതിന് ഐപിസി 188 വകുപ്പും അനുസരിച്ചാണു കേസ്. കശ്മീർ വിഷയത്തിലെ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൻ രാജി വച്ചിരുന്നു.
ഇതു സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർവീസിൽ തിരികെ പ്രവേശിക്കാൻ ഏപ്രിൽ 9നു യൂണിയൻ ടെറിറ്ററി അഡ്മിനിസ്ട്രേഷൻ കണ്ണനോടു രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. സർവീസിൽ പ്രവേശിക്കാതെ, സാധാരണ പൗരനെന്ന നിലയിൽ കോവിഡ് പ്രതിരോധത്തിൽ ഏർപ്പെടുമെന്നുമായിരുന്നു കണ്ണന്റെ മറുപടി.
English Summary: Case registered against Kannan Gopinathan