അതിപ്രകാശ സൂപ്പർനോവയെ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ

Mail This Article
ന്യൂഡൽഹി ∙ അമിതമായ അളവിൽ പ്രകാശം പുറപ്പെടുവിക്കുന്ന സൂപ്പർനോവ വിസ്ഫോടനം ഇന്ത്യൻ ഗവേഷകർ കണ്ടെത്തി. തൊട്ടടുത്തുള്ള ഒരു ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നു കൂടി ഊർജം സ്വീകരിച്ചാണ് സൂപ്പർനോവ പ്രകാശിക്കുന്നത്. സൂപ്പർലൂമിനസ് സൂപ്പർനോവ എന്ന ഗണത്തിൽ ഉൾപ്പെട്ടതാണ് ഇതെന്നു ശാസ്ത്രജ്ഞർ പറഞ്ഞു.
പിണ്ഡമേറിയ നക്ഷത്രങ്ങൾ അന്ത്യദശയിൽ പൊട്ടിത്തെറിക്കുന്നതാണ് സൂപ്പർനോവ സ്ഫോടനങ്ങൾ. പ്രപഞ്ചത്തിലെ ഏറ്റവും ശക്തിയേറിയ സ്ഫോടനങ്ങളാണ് ഇവ. ഇതിനു ശേഷം ഇവ ന്യൂട്രോൺ നക്ഷത്രങ്ങളായി മാറും. സൂര്യന്റെ 25 മടങ്ങിലധികം പിണ്ഡമുള്ള നക്ഷത്രങ്ങളാണ് സൂപ്പർലൂമിനസ് സൂപ്പർനോവയ്ക്കു വഴിവയ്ക്കുന്നത്. ഇത്തരം നക്ഷത്രങ്ങൾ എണ്ണത്തിൽ കുറവായതിനാൽ സൂപ്പർലൂമിനസ് സൂപ്പർനോവകളും അപൂർവമാണ്. 150 ൽ താഴെ മാത്രമാണ് ഇത്തരത്തിൽ കണ്ടെത്തിയ സൂപ്പർനോവകളുടെ എണ്ണം.
കലിഫോർണിയയിലെ സ്വിക്കി ട്രാൻസിയന്റ് ഫസിലിറ്റി ഒബ്സർവേറ്ററിയാണ് SN 2020ank എന്നു പേരിട്ടിരിക്കുന്ന സൂപ്പർനോവ ആദ്യം കണ്ടെത്തിയത്.
പിന്നീട് ഡിഎസ്ടിക്കു കീഴിലുള്ള നൈനിറ്റാൾ ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ഇന്ത്യയുടെ ദേവസ്ഥൽ, സംപൂർണാനന്ദ്, ഹിമാലയൻ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് കൂടുതൽ പഠനം നടത്തി. അമിത് കുമാർ എന്ന ഗവേഷണ വിദ്യാർഥിയാണ് പഠനത്തിൽ പ്രധാനപങ്കു വഹിച്ചത്.