ഒടുവിൽ ബിജെപി പറഞ്ഞു, ‘മതി’യൂരപ്പാ...; ആശങ്ക വിട്ടൊഴിയാതെ നേതാക്കൾ

Mail This Article
ന്യൂഡൽഹി ∙ ബിജെപിക്കു ദക്ഷിണേന്ത്യയിൽ ആദ്യമായി ഭരണം നേടിക്കൊടുത്തതിന്റെ പേരിൽ ബി.എസ്. യെഡിയൂരപ്പയെ ഇനിയും സംരക്ഷിക്കാൻ പാർട്ടി കേന്ദ്രനേതൃത്വം തയാറല്ലായിരുന്നു. കോൺഗ്രസ്–ജെഡിഎസ് സർക്കാരിനെ വീഴ്ത്തി സർക്കാരുണ്ടാക്കി 2 വർഷം തികയുന്ന ദിവസം തന്നെ രാജിവയ്ക്കേണ്ടി വന്നതും അതു കൊണ്ടുതന്നെ. കർണാടകയിൽ സമുദായ രാഷ്ട്രീയം നോക്കി മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന രീതിക്കു മെല്ലെ അന്ത്യം കുറിക്കാൻ പാർട്ടി തീരുമാനിച്ചതിന്റെ സൂചന കൂടിയാണ് യെഡിയൂരപ്പയുടെ പടിയിറക്കം.
രാജിക്കു മുൻപ് മകൻ ബി.വൈ. വിജയേന്ദ്രയ്ക്കു സർക്കാരിൽ ഇടമുറപ്പിക്കാൻ നടത്തിയ ശ്രമങ്ങളോടും പാർട്ടി അനുകൂലമായല്ല പ്രതികരിച്ചതെന്നറിയുന്നു. പരിഗണിക്കാം എന്നുമാത്രമാണ് അമിത്ഷാ പറഞ്ഞതത്രേ. യെഡിയൂരപ്പയ്ക്കെതിരെയുണ്ടായ പടയൊരുക്കത്തിൽ ബിജെപി കർണാടക വൈസ് പ്രസിഡന്റായ വിജയേന്ദ്ര ഭരണത്തിൽ നടത്തിയ കൈകടത്തലുകൾക്കു വലിയ പങ്കുണ്ട്.
75 വയസ്സ് എന്ന പാർട്ടി കൽപിക്കുന്ന പ്രായപരിധി കഴിഞ്ഞും മുഖ്യമന്ത്രിസ്ഥാനം നൽകി ഇത്രനാളും സംരക്ഷിച്ചത് യെഡിയൂരപ്പയുടെ സേവനങ്ങൾക്കു മതിയായ അംഗീകാരമാണെന്നു നേതൃത്വം വിലയിരുത്തുന്നു. 2019ൽ അധികാരത്തിലേറുമ്പോഴേ രണ്ടോ മൂന്നോ വർഷത്തിനകം ഒഴിയേണ്ടി വരുമെന്ന മുന്നറിയിപ്പു നൽകിയിരുന്നുവെന്നാണു വിവരം. കർണാടകയിൽ പുതിയ നേതാക്കൾക്ക് ഉയർന്നുവരാൻ സാധ്യത കുറയുന്നതും പാർട്ടിയിൽ കുടുംബാധിപത്യ ആരോപണമുയരുന്നതും നേതൃത്വം കണക്കിലെടുത്തു.
കെ.ആർ.പേട്ട, സിറ ഉപതിരഞ്ഞെടുപ്പുകളിൽ വിജയമൊരുക്കിയ ശേഷം വിജയേന്ദ്ര പതിയെ പിതാവിന്റെ നിഴലിൽനിന്നു പുറത്തുവരാൻ ശ്രമം തുടങ്ങിയതോടെ പാർട്ടിയിൽ അസ്വസ്ഥതകൾ മൂർഛിച്ചു. എതിർപക്ഷത്തുനിന്നു വന്ന 17 പേരിൽ 13 പേരെയും മന്ത്രിമാരാക്കിയപ്പോൾ ഉണ്ടായതിനെക്കാൾ വലിയ എതിർപ്പാണു മകനെ വാഴിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഉയർന്നത്. ഈ മാസമാദ്യം യെഡിയൂരപ്പ ഡൽഹിയിലെത്തിയപ്പോൾ, പ്രധാനമന്ത്രിയടക്കമുള്ളവർ വ്യക്തമായ സൂചന നൽകിയതായാണു വിവരം.
ലിംഗായത്ത് സമുദായ പിന്തുണയുടെ ബലത്തിൽ കസേരയിൽ തുടരാമെന്ന് അതിനുശേഷവും യെഡിയൂരപ്പ പ്രതീക്ഷിച്ചു. എന്നാൽ 17 % വരുന്ന ലിംഗായത്തുകൾക്കൊപ്പം മറ്റു സമുദായങ്ങളിലേക്കു കൂടി ബിജെപിക്കു വളരേണ്ടതുണ്ടെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തിയത്. 2013 ൽ ബിജെപി വിട്ടു കർണാടക ജനതാ പക്ഷയ്ക്കു രൂപം നൽകി യെഡിയൂരപ്പ പോയതും പാർട്ടിയുടെ കണക്കിലുണ്ട്.
മാറ്റിയെന്ന പേരുദോഷമില്ലാതെ, അദ്ദേഹത്തെക്കൊണ്ടുതന്നെ രാജിപ്രഖ്യാപനം നടത്തിച്ചതു ദേശീയ നേതൃത്വത്തിന്റെ വിജയമാണ്. പാർട്ടി ജനറൽ സെക്രട്ടറി അരുൺസിങ്, മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളിൽ കേന്ദ്രനിരീക്ഷകരായി എത്തുന്നുണ്ട്. അതേസമയം, യെഡിയൂരപ്പ ഇനി എന്തുചെയ്യുമെന്നതിനെക്കുറിച്ച് ചില നേതാക്കൾക്കെങ്കിലും ആശങ്കയില്ലാതെയില്ല.

English Summary: Fall of Karnataka Chief Minister BS Yediyurappa