മുൻ മാനേജരെ വധിച്ച കേസിൽ ബാബാ ഗുർമീത് കുറ്റവിമുക്തൻ
Mail This Article
ചണ്ഡിഗഡ് ∙ മുൻ മാനേജരെ കൊലപ്പെടുത്തിയ കേസിൽ ദേര സച്ച സൗധ മേധാവി ബാബാ ഗുർമീത് റാം റഹിം സിങ് ഉൾപ്പെടെ 5 പേരെ പഞ്ചാബ്–ഹരിയാന ഹൈക്കോടതി കുറ്റവിമുക്തരാക്കി. രഞ്ജിത് സിങ്ങിനെ 2002 ൽ കൊലപ്പെടുത്തിയ കേസിൽ പഞ്ച്കുളയിലെ സിബിഐ പ്രത്യേക കോടതി ശിക്ഷിച്ച റാം റഹീമും കൂട്ടരും സമർപ്പിച്ച അപ്പീലുകളിൽ ജസ്റ്റിസ് സുരേശ്വർ താക്കൂറും ജസ്റ്റിസ് ലളിത് ബത്രയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്.
ഹരിയാനയിലെ കുരുക്ഷേത്രയിലെ ഖാൻപുർ കോളിയൻ ഗ്രാമത്തിൽ 2002 ജൂലൈ 10 ന് രഞ്ജിത് സിങ് വെടിയേറ്റു മരിക്കുകയായിരുന്നു. ദേര ആസ്ഥാനത്ത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതു വിവരിക്കുന്ന കത്ത് പ്രചരിപ്പിച്ചതിന്റെ പേരിലാണു കൊലപാതകം എന്ന കണ്ടെത്തലിനെ തുടർന്ന് 2021 ഒക്ടോബറിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
ആശ്രമത്തിലെ 2 ശിഷ്യകളെ പീഡിപ്പിച്ചതിന് 2017 മുതൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ബാബാ ഗുർമീത് ഇപ്പോൾ ഹരിയാനയിൽ റോഹ്തക്കിലുള്ള സുനാരിയ ജയിലിലാണ്. മാധ്യമപ്രവർത്തകൻ റാം ഛത്രപതിയെ വധിച്ച കേസിലും ദേര മേധാവിയും കൂട്ടരും 2019 ൽ ശിക്ഷിക്കപ്പെട്ടിരുന്നു.