അനധികൃത ഉത്തരവുകൾ; അസിസ്റ്റന്റ് കലക്ടറുടെ പിതാവും വിവാദത്തിൽ

Mail This Article
മുംബൈ ∙ സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതുൾപ്പെടെയുള്ള അച്ചടക്കലംഘനത്തിന് സ്ഥലം മാറ്റപ്പെട്ട പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ പിതാവ് ദിലീപ് ഖേദ്കറിനെതിരെ മഹാരാഷ്ട്ര സർക്കാർ നിയമനടപടിക്ക് ഒരുങ്ങുന്നു. പൂജ അസിസ്റ്റന്റ് കലക്ടറായിരിക്കെ, കലക്ടറേറ്റിൽ എത്തിയ മുൻ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ ദിലീപ് അനാവശ്യ ഇടപെടലുകൾ നടത്തിയതിന് എതിരെയാണു നടപടി. മകൾക്ക് ഓഫിസിൽ റെസ്റ്റ് റൂം വേണമെന്ന് ആവശ്യപ്പെട്ട പിതാവ്, ഇലക്ട്രിക് സംവിധാനങ്ങൾ നവീകരിക്കണമെന്നും ജീവനക്കാരോട് നിർദേശിച്ചിരുന്നു. ജോലികൾ തീർത്ത ശേഷം മാത്രം വീട്ടിൽ പോയാൽ മതിയെന്ന് ഉത്തരവിട്ടതായും ആരോപണമുണ്ട്.
-
Also Read
Garima Jain
പുജ ഉപയോഗിച്ചിരുന്ന ബീക്കൺ ലൈറ്റ് ഘടിപ്പിച്ച ആഡംബരക്കാർ സ്വകാര്യ എൻജിനീയറിങ് കമ്പനിയുടേതാണെന്നു കണ്ടെത്തിയതിനു പിന്നാലെ കാറുടമയ്ക്ക് പുണെ ആർടിഒ നോട്ടിസ് അയച്ചു. ഗതാഗത നിയമലംഘനങ്ങൾക്ക് ഇൗ വാഹനത്തിന് 21 തവണയായി 26,000 രൂപയുടെ ചലാൻ ലഭിച്ചെങ്കിലും പിഴ അടച്ചിട്ടില്ല. കാറിൽ ‘മഹാരാഷ്ട്ര സർക്കാർ’ എന്ന സ്റ്റിക്കറും ഒട്ടിച്ചിരുന്നു. കാർ ഉടൻ ഹാജരാക്കാനാണ് ആർടിഒ നോട്ടിസ് നൽകിയിരിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ നിന്നുള്ളയാൾ എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി യുപിഎസ്‌സി പരീക്ഷ എഴുതിയ പൂജയ്ക്കു മാത്രമായി 22 കോടിയുടെ സ്വത്തുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കോടികൾ വിലമതിക്കുന്ന ഭൂമിയും ഫ്ലാറ്റുകളും സ്വന്തമായുണ്ട്. കാഴ്ചയ്ക്കു വൈകല്യം ഉണ്ടെന്നു തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്നും ആരോ പണമുണ്ട്.