ബാർ കേസിനും ഇനി തിരശ്ശീല
Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ യുഡിഎഫ് സർക്കാരിനെയും കെ.എം. മാണിയെയും ഒരുപോലെ വട്ടം ചുറ്റിച്ച ബാർ കേസിനും ഇനി അന്ത്യമായേക്കും. യുഡിഎഫ് ഭരണകാലത്തു പൂട്ടിയ ബാറുകൾ തുറക്കാൻ ബാർ ഉടമകളിൽ നിന്ന് കെ.എം. മാണി ഒരുകോടി രൂപ വാങ്ങിയെന്ന ആരോപണം ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്ന ബിജു രമേശാണ് ഉന്നയിച്ചത്. യുഡിഎഫ് സർക്കാരിന്റ കാലത്തു ജേക്കബ് തോമസ് വിജിലൻസ് എഡിജിപി ആയിരിക്കെയാണ് അന്നത്തെ ധനമന്ത്രിയായിരുന്ന മാണിക്കെതിരെ കേസ് വന്നത്.
പരാതി അന്വേഷിച്ച എസ്പി: ആർ.സുകേശൻ മാണിക്കെതിരെ സാഹചര്യത്തെളിവുണ്ടെന്നു റിപ്പോർട്ട് നൽകി. എന്നാൽ ജേക്കബ് തോമസിനെ മാറ്റി പകരം എഡിജിപി എൻ. ശങ്കർ റെഡ്ഡിയെ ഡയറക്ടറാക്കിയ ശേഷം സുകേശൻ സമർപ്പിച്ച റിപ്പോർട്ടിൽ മാണിക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി. ഹർജിക്കാർ തടസ്സം ഉന്നയിച്ചതോടെ തുടരന്വേഷണത്തിനു കോടതി ഉത്തരവിട്ടു. ഇതോടൊപ്പം ഹൈക്കോടതി നടത്തിയ പരാമർശം– സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം– മാണിയുടെ രാജിയിലാണു കലാശിച്ചത്. 2015 നവംബർ 10 ന് അദ്ദേഹം മന്ത്രിസഭയിൽ നിന്നു രാജിവച്ചു.
യുഡിഎഫ് ഭരണം മാറുന്നതിനു തൊട്ടു മുൻപ് 2016 ഫെബ്രുവരിയിൽ മാണിക്കെതിരെ തെളിവില്ലെന്ന രണ്ടാമത്തെ റിപ്പോർട്ടും സുകേശൻ കോടതിയിൽ നൽകി. എന്നാൽ, ഇടതു സർക്കാർ വന്നതോടെ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കി. അദ്ദേഹം വീണ്ടും റിപ്പോർട്ട് തേടി. ഇത്തവണ മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു സുകേശന്റെ റിപ്പോർട്ട്. ഇതു കോടതിയിലും സമർപ്പിച്ചതോടെ തുടരന്വേഷണത്തിന് ഉത്തരവായി. അതിനിടെ ജേക്കബ് തോമസിന്റെ കസേര തെറിച്ചു.
ഈ സമയം ഒരു മുന്നണിയിലും പെടാതെ നിന്ന മാണിയെ ചാക്കിലാക്കാൻ സിപിഎം അണിയറ നീക്കം നടത്തി. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കായിരുന്നു വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല. അപ്പോഴേക്കും മാണി യുഡിഎഫിൽ തിരിച്ചെത്തി. എങ്കിലും ആരോപണത്തിനു തെളിവില്ലെന്ന മൂന്നാമത്തെ റിപ്പോർട്ടും 2018 സെപ്റ്റംബറിൽ വിജിലൻസ് നൽകി.
ഇതും തള്ളിയ കോടതി സർക്കാരിന്റെയും ഗവർണറുടെയും പ്രോസിക്യൂഷൻ അനുമതി ലഭ്യമാക്കാൻ ഹർജിക്കാരനായ ബിജു രമേശിനോടു നിർദേശിച്ചു. അതിനിടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു മാണി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ തീർപ്പുണ്ടായ ശേഷം അപേക്ഷ പരിഗണിക്കാമെന്ന നിലപാടു ഗവർണർ പി. സദാശിവം സ്വീകരിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസ് ഇപ്പോഴും.