ഒരു കാറിന് ഫാൻസി നമ്പർ പ്ലേറ്റ്, ഒരെണ്ണം ഹരിയാന റജിസ്ട്രേഷൻ: ജോജുവിനെതിരെ പരാതി
Mail This Article
കൊച്ചി∙ നടൻ ജോജു ജോർജ് നിയമം പാലിക്കാതെയാണു 2 കാറുകൾ ഉപയോഗിക്കുന്നതെന്ന് ആരോപിച്ചു കളമശേരി സ്വദേശി മനാഫ് പുതുവായിൽ എറണാകുളം ആർടിഒയ്ക്കു പരാതി നൽകി. അതിസുരക്ഷാ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി ഫാൻസി നമ്പർ പ്ലേറ്റാണു ജോജുവിന്റെ ഒരു കാറിൽ ഘടിപ്പിച്ചിട്ടുള്ളതെന്നു പരാതിയിൽ പറയുന്നു.
മറ്റൊരു കാർ ഹരിയാന റജിസ്ട്രേഷനിലുള്ളതാണ്. കേരളത്തിൽ തുടർച്ചയായി ഉപയോഗിക്കണമെങ്കിൽ ഇവിടുത്തെ റജിസ്ട്രേഷൻ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാൻ അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയതായി ആർടിഒ പി.എം.ഷെബീർ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആർടിഒയ്ക്കു കൈമാറി.
കോൺഗ്രസ് ഉപരോധത്തിൽ പ്രതിഷേധിച്ചു റോഡിലിറങ്ങിയ നടൻ ജോജു ജോർജ് മാസ്ക് ധരിക്കാതെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാനും പരാതി നൽകിയിട്ടുണ്ട്. ജോജുവിനെതിരെയുള്ള പരാതികളും പരിശോധിക്കുമെന്നും തെളിവു ലഭിച്ചാൽ നടപടിയെടുക്കുമെന്നും ഡിസിപി ഐശ്വര്യ ഡോംഗ്രെ പറഞ്ഞു.
അതേസമയം, ജോജുവിന്റെ കാർ തല്ലിപ്പൊളിച്ച സംഭവത്തിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ തൈക്കൂടം സ്വദേശി പി.ജി.ജോസഫിനെ (47) റിമാൻഡ് ചെയ്തു. ജാമ്യമില്ലാത്ത വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. കൊച്ചി മുൻ മേയർ ടോണി ചമ്മിണിയടക്കം 15 നേതാക്കൾക്കും കണ്ടാൽ തിരിച്ചറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിരുന്നു. ജോജുവിനെതിരെ കോൺഗ്രസ് വനിതാ നേതാവ് നൽകിയ പരാതിയിൽ ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.
Content Highlights: Congress member arrested for breaking glass of Actor Joju George's car remanded