ഏലത്തോട്ടത്തിൽ 3 കടുവകൾ പശുവിനെ തിന്നു
Mail This Article
കുമളി ∙ പെരിയാർ കടുവ സങ്കേതത്തോടു ചേർന്നു കിടക്കുന്ന ഏലത്തോട്ടത്തിൽ 3 കടുവകൾ ചേർന്ന് ഒരു പശുവിനെ കൊന്നു. വാളാർഡിക്കു സമീപം പി.എ. അലക്സാണ്ടറിന്റെ ഉടമസ്ഥതയിലുള്ള തൊണ്ടിയാർ എസ്റ്റേറ്റിലാണു സംഭവം. വീട്ടുകാർ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണു 3 കടുവകൾ ചേർന്നു പശുവിനെ തിന്നുന്നത് വ്യക്തമായത്.
വെള്ളിയാഴ്ച ഉച്ചയോടെയാണു കടുവകൾ പശുവിനെ കൊന്നത്. വനാതിർത്തിയോടു ചേർന്നുള്ള കാപ്പിത്തോട്ടത്തിൽ മേയാൻ വിട്ട 2 പശുക്കളിൽ ഒന്നു വിളറി പിടിച്ച് ഓടി എത്തിയതിനെ തുടർന്നു വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഒരു പശു വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
തുടർന്നു വനം വകുപ്പിനെ വിവരം അറിയിച്ചു. ഡോക്ടർ വന്നു പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പശുവിന്റെ മൃതശരീരം നീക്കം ചെയ്താൽ മതിയെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈകുന്നേരമായിട്ടും ഡോക്ടർ എത്താതെ വന്നതോടെ വീട്ടുകാർ ഇവിടെ ക്യാമറ സ്ഥാപിക്കുകയായിരുന്നു.
ഈ ക്യാമറയിൽ രാത്രി 9 നു ശേഷം 3 കടുവകൾ ചേർന്നു പശുവിനെ തിന്നുന്നതു പതിഞ്ഞത്. തള്ളക്കടുവയും 2 കുഞ്ഞുങ്ങളുമാകാം ഇതെന്നാണു നിഗമനം. കടുവകളെ കണ്ട പ്രദേശം മുഴുവൻ ഏലത്തോട്ടങ്ങളാണ്. തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയരുന്നു.
English Summary : Tiger killed cow in cardamom garden