കുഞ്ഞൂഞ്ഞുകാലം; സൈക്കിൾ ചവിട്ടി മുൻപേ പോയി, നേതാവായി

Mail This Article
ജനങ്ങൾ പൂർണമായി അവകാശം സ്ഥാപിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഏതു പാതിരാവിലും ആർക്കുവേണമെങ്കിലും ചെന്നുകയറാവുന്ന ഒരിടം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന പ്രയോഗത്തിന്റെ നേരുദാഹരണം. എങ്ങനെയാണ് ഉമ്മൻ ചാണ്ടി ഇതു യാഥാർഥ്യമാക്കിയത്? അതിലേക്കു വെളിച്ചം വീശുന്ന ചില നുറുങ്ങുകൾ...
കുഞ്ഞൂഞ്ഞിന് കുമരകത്ത് എന്തുകാര്യം?
ഉമ്മൻ ചാണ്ടി ജനിച്ചതു കുമരകം അട്ടിപ്പീടികയ്ക്കു സമീപം ഒരുവെട്ടിത്തറ വീട്ടിലാണ്. അമ്മ ബേബി ചാണ്ടിയുടെ തറവാടു വീടാണ് ഒരുവെട്ടിത്തറ. 200 വർഷത്തോളം പഴക്കമുള്ള തറവാടുവീട് ഇപ്പോഴുമുണ്ട്. സ്കൂൾ അവധിക്കാലങ്ങളിൽ അമ്മയ്ക്കൊപ്പം ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്നു കുമരകത്ത് എത്തിയിരുന്നു. വീടിനു സമീപത്തെ തോട്ടിലെ കുളിയായിരുന്നു പ്രധാന വിനോദം. ഒരുപ്രാവശ്യം കുളിക്കാനിറങ്ങിയപ്പോൾ ഉമ്മൻ ചാണ്ടി വെള്ളത്തിൽ മുങ്ങിപ്പോയി. ബന്ധുക്കളിലൊരാളാണു രക്ഷിച്ചത്.
ജനുവരി 26 – ചങ്ങനാശേരി എസ്ബി
‘ജനുവരി 26 – ചങ്ങനാശേരി എസ്ബി കോളജ്’. പുതുവർഷത്തിൽ ഡയറിയിൽ ഉമ്മൻ ചാണ്ടി ആദ്യം രേഖപ്പെടുത്തുന്ന പരിപാടികളിൽ ഒന്നാണു റിപ്പബ്ലിക് ദിനത്തിലെ എസ്ബി കോളജിലെ പൂർവവിദ്യാർഥി സംഗമം. എത്ര തിരക്കായാലും ഈ പരിപാടിക്ക് എത്തുമായിരുന്നു.
അഡ്മിഷൻ തരാം, പക്ഷേ വിദ്യാർഥി സമരങ്ങൾ ഉണ്ടാക്കരുത് എന്ന നിബന്ധനയോടെയാണ് അന്നത്തെ പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കാളാശേരി 1963ൽ ബിഎ ഇക്കണോമിക്സിന് ഉമ്മൻ ചാണ്ടിക്ക് എസ്ബിയിൽ പ്രവേശനം കൊടുത്തത്. സിറോ മലബാർ സഭാ മേജർ ആർച്ച് കർദിനാൾ ബിഷപ് മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് കോച്ചേരി എന്നിവർ സീനിയേഴ്സ് ആയിരുന്നു. അതേകാലയളവിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പ്രീഡിഗ്രിക്കും പഠിച്ചിരുന്നു. അന്തരിച്ച ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പൗവത്തിൽ ഉമ്മൻ ചാണ്ടിയുടെ അധ്യാപകനായിരുന്നു. മുൻ മന്ത്രി കെ.സി.ജോസഫ് ഉൾപ്പെടെയുള്ളവർ സഹപാഠികളും.
നേതാവിന്റെ ഉറപ്പ്; ചെറുപ്പമാണ് വരൻ
പ്രായം മറച്ചുവച്ചു കല്യാണം കഴിക്കുന്നവർക്കു മുന്നറിയിപ്പാണ് ഈ സംഭവം. പ്രത്യേകിച്ചു പ്രേമവിവാഹം. 1988 മേയിൽ നടന്ന സംഭവം ഇങ്ങനെ. അന്നത്തെ യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ നേതാവ് നന്തിയോട് ബഷീറിന്റെ വിവാഹം. വിവാഹദിവസം വൈകിട്ടത്തെ സൽക്കാര പാർട്ടിയിൽ നേതാക്കളുടെ പ്രസംഗം. ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ: ‘കഴിഞ്ഞ കാൽ നൂറ്റാണ്ടായി നന്തിയോട് ബഷീർ എന്നോടൊപ്പം സജീവമായി പ്രവർത്തിക്കുന്നയാളാണ്.’ അന്നു 44 വയസ്സുള്ള ഉമ്മൻ ചാണ്ടി ഇതു പറഞ്ഞതോടെ നന്തിയോടിന്റെ ഭാര്യ ബേബിക്ക്, ബഷീറിന്റെ പ്രായം സംബന്ധിച്ചു സംശയമായി. ആദ്യരാത്രിയിൽ വയസ്സിനെച്ചൊല്ലി കലഹമായി. അർധരാത്രി പിന്നിട്ടിട്ടും തർക്കം തീർന്നില്ല. ഒടുവിൽ ഉമ്മൻ ചാണ്ടി നന്തിയോടിന്റെ വീട്ടിലെ ഫോണിൽ വിളിച്ച് പ്രസംഗത്തിൽ തമാശ പറഞ്ഞതാണെന്നു ബേബിയെ ബോധ്യപ്പെടുത്തിയതോടെയാണു കാര്യങ്ങൾ ശാന്തമായത്.
ഉമ്മൻ ചാണ്ടിക്കോളനി
ഇടുക്കി കഞ്ഞിക്കുഴിയിലെ ആദിവാസികൾക്കു ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവ് കരിമ്പൻ ജോസിന്റെ നേതൃത്വത്തിൽ നിരന്തര സമരങ്ങൾ നടന്നു. 7 വർഷം നീണ്ട സമരങ്ങളുടെ ഫലമായി 1976ൽ മഴുവടിയിൽ 39 ആദിവാ സി കുടുംബങ്ങൾക്കു ഭൂമി പതിച്ചു നൽകാൻ സർക്കാർ തീരുമാനമെടുത്തു.
ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്കു സർക്കാർ തലത്തിലും രാഷ്ട്രീയ തലത്തിലും നേരിട്ട തടസ്സങ്ങൾ നീക്കി സഹായിച്ചത് അന്നു യൂത്ത് കോൺഗ്രസ് നേതാവായ ഉമ്മൻ ചാണ്ടിയാണ്. അതിനാൽ കോളനിക്കു ജോസിന്റെ നേതൃത്വത്തിൽ ‘ഉമ്മൻ ചാണ്ടി ഗ്രാം ട്രൈബൽ കോളനി’ എന്നു പേരിട്ടു. ഉമ്മൻ ചാണ്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഇത്. 150ൽ അധികം കുടുംബങ്ങളുള്ള ഇവിടെ ഉമ്മൻ ചാണ്ടി മൂന്നു തവണ സന്ദർശിച്ചിട്ടുണ്ട്. കോളനി രൂപംകൊണ്ട കാലത്തും പിന്നീടു പ്രതിപക്ഷനേതാവായും മറ്റൊരിക്കൽ മുഖ്യമന്ത്രിയായും.
ഇങ്ങനെയൊരു മുറിയുള്ള കാര്യം എന്തേ നേരത്തേ അറിഞ്ഞില്ല...?
നാട്ടകം ഗെസ്റ്റ് ഹൗസിലെ ഒന്ന് അല്ലെങ്കിൽ 2 നമ്പർ മുറിയിൽ 18 കൊല്ലം ഉമ്മൻ ചാണ്ടി താമസിച്ചു. ഒടുവിൽ ഇവിടെ നിന്നു പള്ളത്ത് ഡാം സേഫ്റ്റി അതോറിറ്റിയുടെ ഗെസ്റ്റ് ഹൗസിലേക്കു താമസം മാറ്റി. ആരോടും പിണങ്ങാത്ത ഉമ്മൻ ചാണ്ടി നാട്ടകം ഗെസ്റ്റ് ഹൗസിനോടു പിണങ്ങിയോ എന്നു പലരും സംശയിച്ചു. പക്ഷേ, പിണങ്ങിയായിരുന്നില്ല ഈ മാറ്റം. അക്കഥയിങ്ങനെ:
നാട്ടകം ഗെസ്റ്റ് ഹൗസിലെ ഒന്ന് അല്ലെങ്കിൽ 2 നമ്പർ മുറി എപ്പോഴും ഉമ്മൻ ചാണ്ടിക്കായി തുറന്നിട്ടിരുന്നു. ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവർക്കാണ് ഈ മുറികൾ സാധാരണ അനുവദിക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും താൻ ഉപയോഗിച്ചിരുന്ന ഈ മുറികളോട് ഉമ്മൻ ചാണ്ടിക്കു വല്ലാത്ത അടുപ്പമുണ്ടായിരുന്നു. ഇതു മനസ്സിലാക്കി അദ്ദേഹം എംഎൽഎയായിരുന്നപ്പോഴും ഇതുതന്നെ നൽകിവന്നു.
ഒരിക്കൽ അദ്ദേഹം എത്തിയപ്പോൾ ഒന്നും രണ്ടും മുറികൾ ഒഴിവില്ല. ഒന്നിൽ മന്ത്രിയും മറ്റൊന്നിൽ ഹൈക്കോടതി ജഡ്ജിയുമുണ്ട്. മറ്റൊരു മുറിയൊരുക്കാൻ ഗെസ്റ്റ് ഹൗസ് ജീവനക്കാർ തയാറെടുക്കുന്നതിനിടെ അവരോടു സ്നേഹപൂർവം യാത്ര പറഞ്ഞ് അദ്ദേഹം അവിടെ നിന്നിറങ്ങി.
അപ്പോഴാണ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായ സിബി കൊല്ലാട് ഡാം സേഫ്റ്റി അതോറിറ്റിയുടെ ഗെസ്റ്റ് ഹൗസ് പള്ളത്തുണ്ടെന്ന കാര്യം അറിയിച്ചത്. കാർ നേരെ പള്ളത്തേക്കു വിട്ടു. സൗകര്യമുള്ള മുറിയാണ് അദ്ദേഹത്തിന് അവിടെ ലഭിച്ചത്. മുൻമുഖ്യമന്ത്രിമാർക്കു താമസവും ഭക്ഷണവും ഇവിടെ സൗജന്യമാണെന്നു പിന്നീടാണ് അറിഞ്ഞത്. കൂടാതെ സന്ദർശകരെ കാണുന്നതിനുള്ള വിശാലമായ സൗകര്യവും ഉണ്ട്.
അതോടെ പിന്നീടുള്ള താമസം അവിടെയാക്കി. ‘ഇങ്ങനെയൊരു സൗകര്യം ഇവിടെയുള്ള കാര്യം താൻ നേരത്തേ എന്തുകൊണ്ട് അറിഞ്ഞില്ല’ എന്നു സിബിയോടു പിന്നീട് അദ്ദേഹം സ്നേഹപൂർവം ചോദിക്കുകയും ചെയ്തു.
ഉറങ്ങുന്നവരെ ശല്യം ചെയ്യേണ്ട
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നാട്ടകം ഗെസ്റ്റ് ഹൗസിൽ ആദ്യം എത്തിയ ദിവസം. രാത്രി ഏറെ വൈകിയും സന്ദർശകരുണ്ടായിരുന്നു. പിറ്റേന്ന് അതിരാവിലെ ഉണർന്നു മുറിക്കു പുറത്തു വന്നപ്പോൾ ഗൺമാനും ഡ്രൈവറും ഉണർന്നിട്ടില്ല. പുതുപ്പള്ളിയിൽ നിന്നുള്ള ഒരു പ്രവർത്തകൻ മാത്രം ഉണർന്നിരിപ്പുണ്ട്. ഉറങ്ങുന്നവരെ ഉണർത്തേണ്ട,നമുക്ക് ഓട്ടോറിക്ഷ കിട്ടും വരെ നടക്കാമെന്നും പറഞ്ഞു അദ്ദേഹത്തെയും കൂട്ടി റോഡിലേക്കിറങ്ങി.
രണ്ടു പേരും ഓട്ടോയിൽ പുതുപ്പള്ളിയിലെ വീട്ടിലേക്കു പുറപ്പെട്ടു. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും, പൊലീസ് ജീപ്പും ഒന്നാം നമ്പർ സ്റ്റേറ്റ് കാറും ചീറിപ്പാഞ്ഞെത്തി. വളരെ നിർബന്ധിച്ചതിനു ശേഷമാണ് ഓട്ടോക്കാരൻ അന്നു കൂലി വാങ്ങിയത്.
എത്ര കാലമായി ഈ രോഗം?
കോട്ടയം മെഡിക്കൽ കോളജിൽ രോഗികളെ സന്ദർശിക്കാൻ എത്തിയ ഉമ്മൻ ചാണ്ടിയുടെ അടുത്തേക്ക് ഒരു കുട്ടിനേതാവ് ഓടിയെത്തി. നമ്മുടെ മണ്ഡലത്തിലെ ഒരു സ്ത്രീ ഒരാഴ്ചയായി ചികിത്സയിലുണ്ട്. എന്തോ കാര്യമായ അസുഖമാണ്. സാർ ഒന്നു വന്നുകാണണം. വരാമെന്ന് ഉമ്മൻ ചാണ്ടി. പേവാർഡിൽ എത്തി യുവതിയെ കണ്ടു. കൂടെ നിൽക്കുന്ന സ്ത്രീയോടു നേതാവ് ചോദിച്ചു; എത്ര കാലമായി ഈ രോഗം തുടങ്ങിയിട്ട്?
എല്ലാവരും ചിരിച്ചു. ഒരു സ്ത്രീ പറഞ്ഞു: പത്തു മാസമായി ! ഇന്നലെ പ്രസവിച്ചു. കുഞ്ഞ് ഇൻക്യുബേറ്ററിലാ. സംശയം ചോദിച്ച നേതാവ് സ്ഥലം കാലിയാക്കി. കുഞ്ഞും അമ്മയും സുഖമായിരിക്കട്ടെയെന്നു പറഞ്ഞ് കുഞ്ഞൂഞ്ഞ് ചിരിയോടെ പുറത്തേക്ക്.
കുടുംബസ്വത്ത് നാടിനു നൽകി
പുതുപ്പള്ളിയിലെ കുടുംബസ്വത്തും നാടിനു നൽകിയിട്ടുണ്ട് ഉമ്മൻ ചാണ്ടി. പാരമ്പര്യമായി ലഭിച്ച വസ്തുവിലെ കെട്ടിടത്തിന്റെ മൂല പുറമ്പോക്കിലാണെന്നു രാഷ്ട്രീയ എതിരാളികൾ ആക്ഷേപം ഉന്നയിച്ചു. മറ്റൊന്നും ചിന്തിച്ചില്ല– ആ വസ്തു പഞ്ചായത്തിനു സൗജന്യമായി കൈമാറി!
പുതുപ്പള്ളിക്കവലയിൽ 5 കടമുറികൾ ഉൾപ്പെടുന്ന സ്ഥലമാണ് ഉമ്മൻ ചാണ്ടിക്കു കുടുംബപരമായി ലഭിച്ചത്. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ഈ സ്ഥലത്തിനെതിരെ ആരോപണമുയർന്നത്. അതോടെ കുടുംബാംഗങ്ങളുമായി ആലോചിച്ചു പഞ്ചായത്തിനു സ്ഥലംവിട്ടുനൽകി. ഒരു നിബന്ധന മാത്രംവച്ചു; ആ കെട്ടിടത്തിലെ കടമുറികളിലെ കച്ചവടക്കാരെ പെരുവഴിയിലാക്കരുത്.
വീടുകളിലെ ആഘോഷത്തിന് ഓടിയെത്തുന്ന നേതാവ്
വീട്ടിലെ എന്ത് ആഘോഷത്തിനും ഉമ്മൻ ചാണ്ടി എത്തണമെന്നതു നാട്ടുകാരുടെ ആഗ്രഹമായിരുന്നു. ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മൻ ചാണ്ടിയെ വിവാഹത്തിനു ക്ഷണിക്കുന്നവരും സ്വീകരണസ്ഥലങ്ങളിലും സമ്മേളനസ്ഥലങ്ങളിലും നേരിട്ടുപോയി ക്ഷണിക്കുന്നവരുമുണ്ട്. ചിലർ ക്ഷണക്കത്ത് തപാലിൽ അയയ്ക്കും. ഇങ്ങനെ ഒരു വിവാഹ വീട്ടിൽപോയ രസകരമായ അനുഭവമുണ്ട് ഉമ്മൻ ചാണ്ടിക്ക്.
തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനിൽ ചങ്ങനാശേരിയിൽ വന്നിറങ്ങിയ ഉമ്മൻ ചാണ്ടിയെ കണ്ട ഒരു പ്രാദേശിക നേതാവിനു നിർബന്ധം. അടുത്തൊരു കല്യാണമുണ്ട്. പുതുപ്പള്ളിയിലെത്തി നേരിട്ടു ക്ഷണിച്ചവരാണ്. പോയേ പറ്റൂ. ഉമ്മൻ ചാണ്ടി വിവാഹ സ്ഥലത്തെത്തി. വരന്റെയും വധുവിന്റെയും ഒപ്പം നിന്നു ഫോട്ടോയെടുത്തു. ആശംസ നേർന്നു.
തിരിച്ചുപോരാൻ കാറിൽ കയറുമ്പോൾ വരന്റെ പിതാവ് ഓടി വന്നു കൈകൂപ്പി പറഞ്ഞു.. എന്നോടു ക്ഷമിക്കണം. സാറിനെ ക്ഷണിക്കാൻ ഞാൻ മറന്നുപോയി. എന്നിട്ടും സാർ എത്തിയതിൽ വലിയ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ! നടപടി ഉടനടി
ചാലക്കുടി സ്വദേശിയായ ഒരു വിദ്യാർഥിനിക്കു പരീക്ഷാസമയത്തു ചിക്കൻ പോക്സ് വന്നു. പ്ലസ് ടുവിലെ ചില പരീക്ഷകൾ എഴുതാൻ സാധിച്ചില്ല. ‘സേ’ പരീക്ഷയ്ക്കു സ്കൂളിൽ നിന്ന് അപേക്ഷ അയച്ചെങ്കിലും തെറ്റു പറ്റി. ക്യാൻസലേഷനുള്ള അപേക്ഷയാണ് അയച്ചത്. ഇതറിഞ്ഞു കുട്ടിയുടെ അമ്മ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ ചെന്നു. ഒന്നും ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു മറുപടി.
അമ്മയും മകളും നേരെ ട്രെയിനിൽ കയറി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി നടക്കുന്ന തൃശൂരിലെത്തി. വൈകിട്ട് അഞ്ചു മണിയായി. മുൻകൂട്ടി നൽകിയ അപേക്ഷകൾ മാത്രമാണു മുഖ്യമന്ത്രി നോക്കുന്നത്. കുട്ടിയുടെ അമ്മ ഒരു പൊലീസ് ഉദ്യോഗസ്ഥനോടു സങ്കടം പറഞ്ഞു. അദ്ദേഹം അവരെ മുഖ്യമന്ത്രിയുടെ അടുക്കലെത്തിച്ചു. കുട്ടിയുടെ ഭാഗത്തെ തെറ്റല്ല എന്നറിഞ്ഞതോടെ ഉടൻ നടപടിയെടുക്കാൻ നിർദേശിച്ചു. പിറ്റേന്നു ശനിയും ഞായറും. ഓഫിസുകൾക്ക് അവധിയായതിനാൽ അന്നു തന്നെ നടപടിയായി. തിങ്കളാഴ്ച കുട്ടി പരീക്ഷ എഴുതി.
വിളിപ്പുറത്തുണ്ട് സഹായം
1992ലെ സംഭവമാണ്. അന്നു ധനമന്ത്രിയാണ് ഉമ്മൻ ചാണ്ടി. തിരുവനന്തപുരത്ത് ‘പുതുപ്പള്ളി’ വീട്ടിലെ അയൽവാസിക്കു ഹൃദയാഘാതം. ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം കിട്ടിയില്ല. വീട്ടുകാർ ഉമ്മൻ ചാണ്ടിയുടെയടുത്ത് ഓടിയെത്തി. മന്ത്രിയുടെ കാർ വിട്ടുകൊടുത്തെന്നു മാത്രമല്ല, രോഗി എത്തുന്നതിനു മുൻപു വിവരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിളിച്ചു പറയുകയും ചെയ്തു.
ഒരു ട്രെയിൻ യാത്രയ്ക്കിടെ ഉമ്മൻ ചാണ്ടിയെ ഒരു യാത്രക്കാരി കാണാനെത്തി. ലക്ഷംവീട് കോളനിയിലായിരുന്നു അവർ താമസം. ഭർത്താവ് മരിച്ചു. ഭവനരഹിതർക്കു അനുവദിച്ച തുക ഉപയോഗിച്ചു വീടുപണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 2 മക്കളെ വളർത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ്. ഉടൻതന്നെ പിറവം നഗരസഭാ ചെയർമാനെ വിളിച്ചു സഹായിക്കാൻ നിർദേശിച്ചു. ആ വീടിന്റെ ഗൃഹപ്രവേശത്തിലും അവരുടെ മകളുടെ കല്യാണത്തിലും ഉമ്മൻ ചാണ്ടി പങ്കെടുത്തു.
അതിവേഗം ആഹാരം
ചങ്ങനാശേരിയിൽ മുൻപുണ്ടായിരുന്ന ഹോട്ടൽ പാർക് ലാൻഡിലെ മസാലദോശയ്ക്കൊപ്പം തണുത്ത സോഡ; ഇതായിരുന്നു കോളജ് കാലത്ത് ഉമ്മൻ ചാണ്ടിയുടെ ഭക്ഷണമെന്നു ഡിഗ്രിക്കാലത്തെ സഹപാഠി മുൻ മന്ത്രി കെ.സി.ജോസഫ് ഓർക്കുന്നു. ഭക്ഷണകാര്യത്തിലെ മിതത്വം ഉമ്മൻ ചാണ്ടി തുടർന്നു. ബ്രഡ് ടോസ്റ്റ്, പ്ലെയിൻ റോസ്റ്റ് ഇതൊക്കെയായിരുന്നു മിക്കവാറും ഭക്ഷണം. യാത്രയ്ക്കിടെ കാറിലായിരുന്നു പലപ്പോഴും കഴിപ്പ്. വേഗത്തിൽ കഴിച്ചുതീർക്കാം, കൈ കഴുകാനും മറ്റുമായി കൂടുതൽ സമയം കളയേണ്ടിവരില്ല. ഈ 2 കാരണങ്ങളാകാം ഈ വിധത്തിലുള്ള ഭക്ഷണരീതി അവലംബിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് അടുപ്പക്കാരുടെ അഭിപ്രായം.
ബോർഡിൽ പേരുവേണ്ട
‘ഉമ്മൻ ചാണ്ടി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു നിർമിച്ച കെട്ടിടം’– ഇങ്ങനൊരു ബോർഡ് പുതുപ്പള്ളി മണ്ഡലത്തിൽ കാണില്ല. ഇത്തരം ബോർഡുകൾ സ്ഥാപിക്കരുതെന്നു വർഷങ്ങൾക്കു മുൻപ് അദ്ദേഹം കലക്ടർക്ക് എഴുതി നൽകിയിരുന്നു.
ബിജുവിന്റെ ശേഖരത്തിൽ 1430 ഉമ്മൻ ചാണ്ടി
പ്രവർത്തകരിൽ നേതാക്കന്മാരോടുള്ള ആരാധന പലവിധത്തിലാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങുകളുടെ ബാഡ്‌ജുകൾ മുഴുവൻ സൂക്ഷിച്ചു വച്ചിരിക്കുകയാണു ബിജു ചൂരംപള്ളി. അദ്ദേഹം ആദ്യം മുഖ്യമന്ത്രി ആയപ്പോൾ തുടങ്ങിയതാണു ബിജുവിന്റെ ഈ ശീലം. ഉദ്ഘാടനം കഴിഞ്ഞ് ഉമ്മൻ ചാണ്ടി പുറത്തിറങ്ങിയാൽ ബാഡ്ജ് ബിജു സ്വന്തമാക്കും. ഇതു വീട്ടിൽ ഭദ്രമായി സൂക്ഷിക്കും. ഇങ്ങനെ ശേഖരിച്ച 1430 ബാഡ്ജുകളാണ് കൈവശമുള്ളത്.
സ്നേഹവും മരുന്നും നിറച്ച കുറിപ്പടികൾ
ഈ വരുന്നയാൾക്കു സാമ്പത്തികമായി പ്രയാസമുണ്ട്. മരുന്നു വാങ്ങാൻ നിവൃത്തിയില്ല. സഹായിക്കണം – ഉമ്മൻ ചാണ്ടിയുടെ ഈ ശുപാർശക്കത്തുമായി കോട്ടയത്തെ മണർകാട് മെഡിക്കൽസിൽ എത്തുന്നവർക്കു നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ല. കുറിപ്പടിയിൽ പറഞ്ഞ മരുന്നുകൾ അവർക്കു സൗജന്യമായി ലഭിച്ചു. ഉമ്മൻ ചാണ്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ മറ്റൊരു രൂപമാണ് ഈ ശുപാർശക്കത്തുകൾ. മണർകാട് മെഡിക്കൽസ് ഉടമ ജോർജ് പി.ജേക്കബിന്റെ (കൊച്ചുമോൻ) കയ്യിൽ ഇത്തരം നൂറുകണക്കിനു കത്തുകളുണ്ട്. മണർകാട് മെഡിക്കൽസിന്റെ മുൻവശത്തു രണ്ടും പിൻവശത്ത് ഒരു ഷട്ടറുമാണ്. ശുപാർശക്കത്തുമായി വന്ന ഒരാൾ പിൻവശത്തെ കൗണ്ടറിലുള്ള ജീവനക്കാരനോടു പറഞ്ഞു. ഈ കത്തിന്റെ അടിയിൽ ബൂസ്റ്റ്, ഹോർലിക്സ് എന്നിങ്ങനെ കൂടി എഴുതിത്തരണം. കാര്യം അറിയാത്ത ജീവനക്കാരൻ ഇത്തരത്തിൽ എഴുതിക്കൊടുത്തു. ഇക്കാര്യം അറിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിയുടെ മറുപടി: ‘തീരെ പാവപ്പെട്ട ആളായിരുന്നു, ബൂസ്റ്റ് ഞാൻ തന്നെ എഴുതിക്കൊടുത്തു വിടേണ്ടതായിരുന്നു.’
സൈക്കിൾ ചവിട്ടി മുൻപേ പോയി, നേതാവായി
കെഎസ്‌യു സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന എം.എ.ജോൺ ആദ്യകാലത്തു കെഎസ്‌യു യൂണിറ്റുകൾ ശക്തമാക്കാൻ ഇറങ്ങിത്തിരിച്ച കാലം. കോട്ടയത്തു നിന്നു പുതുപ്പള്ളിയിൽ ബസിറങ്ങി. ശിവരാമൻ നായരെന്ന കെഎസ്‌യു പ്രവർത്തകനെ അന്വേഷിച്ചുള്ള വരവാണ്. വീടറിയില്ല. കവലയിൽ സൈക്കിളുമായി ഒരു പയ്യൻ നിൽക്കുന്നു. ശിവരാമന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. ‘കൂടെ വരൂ, വീട്ടിൽക്കൊണ്ടു ചെന്നാക്കാം’ എന്നു പയ്യൻ. ശിവരാമന്റെ വീട്ടിലെത്തി.
കോട്ടയത്തു നടക്കുന്ന കൺവൻഷനു ശിവരാമനെ ക്ഷണിക്കാനാണ് ജോൺ എത്തിയത്. ഒപ്പം വഴികാട്ടിയായ പയ്യനെയും വിളിച്ചു. ആ പയ്യൻ അന്നു മുതൽ കെഎസ്‌യുവിൽ സജീവമായി. ശിവരാമന്റെ സഹപാഠിയായിരുന്ന ആ പയ്യനാണ് ഉമ്മൻ ചാണ്ടി. പിന്നീട് ഉമ്മൻ ചാണ്ടി നേതാവായ ശേഷം നിഴലുപോലെ ഒപ്പമുണ്ടായിരുന്ന ശിവരാമൻ ഏതാനും വർഷം മുൻപു മരിച്ചു.
ഉമ്മൻ ചാണ്ടി 9447119XXX
ഉമ്മൻ ചാണ്ടി എന്ന പേരിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോണിൽ നമ്പർ സേവ് ചെയ്തിട്ടുള്ളതു ഗൺമാൻ എം.എസ്.ശ്രീകുമാറിന്റെയാണ്. ഉമ്മൻ ചാണ്ടിക്കൊപ്പം 18 വർഷം ശ്രീകുമാറുണ്ടായിരുന്നു. വർഷങ്ങളോളം മൊബൈൽ ഫോൺ ഉമ്മൻ ചാണ്ടി കൈവശം വയ്ക്കാറില്ലായിരുന്നു.അതിനാൽ രാഷ്ട്രീയ നേതാക്കന്മാരും അനുയായികളും ഏറ്റവും കൂടുതൽ ഡയൽ ചെയ്ത നമ്പറും ശ്രീകുമാറിന്റേതു തന്നെ.
ഏതു രാത്രിയിലും അത്യാവശ്യ ഫോൺ വന്നാൽ തനിക്കു തരണമെന്നു ഉമ്മൻ ചാണ്ടി ശ്രീകുമാറിനു നിർദേശം നൽകിയിരുന്നു. ഒരിക്കൽ പുലർച്ചെ ഒരു മണിയോടെ എത്തിയ കോൾ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ആവശ്യത്തിന് എയർ ആംബുലൻസ് കിട്ടാനുള്ള വിളിയായിരുന്നു. പിന്നെ അദ്ദേഹം ഉറങ്ങിയില്ല. പലരെയും വിളിച്ചു സംഗതി ശരിയാക്കി നൽകിയെന്നു ശ്രീകുമാർ ഓർക്കുന്നു.
Content Highlight: Oommen Chandy