ADVERTISEMENT

ആലുവ / ന്യൂ‍ഡൽഹി ∙ ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 5 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ എറണാകുളം ജില്ലാ പൊലീസ് മേധാവിക്കു കമ്മിഷൻ നിർദേശം നൽകി. 

കേസിലെ പ്രതി ബിഹാർ സ്വദേശി അസഫാക് ആലമിനെ (28) കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് നൽകിയ അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്നു പരിഗണിക്കും. മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്താൻ കോടതി അനുവാദം നൽകിയിട്ടുണ്ട്. വിവിധയിടങ്ങളിൽ കുട്ടിയെയും പ്രതിയെയും ഒരുമിച്ചു കണ്ടവരോടു തിരിച്ചറിയൽ പരേഡിനു ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പോക്സോ നിയമത്തിലെ 4 വകുപ്പുകൾക്കു പുറമേ ഉപദ്രവിക്കണമെന്നും കൊലപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ലൈംഗികമായി ഉപദ്രവിക്കൽ, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. 

വധശിക്ഷയോ ജീവപര്യന്തമോ കിട്ടാവുന്ന വകുപ്പുകളാണു റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. തായിക്കാട്ടുകരയിൽ പ്രതി താമസിച്ചിരുന്ന മുറിയിൽ ലഹരി സൂക്ഷിച്ചിരുന്നോ എന്നു കണ്ടെത്താനായി എക്സൈസ് സംഘം പരിശോധന നടത്തി. 

സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, യുവമോർച്ച, എൽഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തി. പൊലീസിനു വീഴ്ച പറ്റിയെന്നും സംസ്കാര ചടങ്ങിൽ മന്ത്രിയോ കലക്ടറോ പങ്കെടുക്കാതെ അനാദരം കാണിച്ചെന്നും ആരോപിച്ചാണ് കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റിയും യുവമോർച്ച പ്രവർത്തകരും റൂറൽ എസ്പി ഓഫിസ് മാർച്ച് നടത്തിയത്. 

ഒൻപതു വർഷം മുൻപു പൊളിച്ച നഗരസഭ മാർക്കറ്റ് പുനർ നിർമിക്കാത്തതു മൂലമാണു അവിടെ കൊലപാതകവും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു എൽഡിഎഫിന്റെ ആലുവ നഗരസഭ ഓഫിസ് മാർച്ച്. കൊല്ലപ്പെട്ട കുട്ടിയുടെ തായിക്കാട്ടുക്കരയിലെ വീട്  മന്ത്രി പി. രാജീവും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും സന്ദർശിച്ചു.

കോൺഗ്രസ് നടപടി നീചം: റിയാസ്

കോഴിക്കോട്∙ ആലുവയിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളെ പ്രതിരോധിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സംഭവത്തിൽ എല്ലാവർക്കും വേദനയുണ്ട്. എന്നാൽ അതിനെ രാഷ്ട്രീയമായി സർക്കാരിനെതിരെ തിരിക്കുക എന്ന നീചമായ പ്രവൃത്തിയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് റിയാസ് പറഞ്ഞു. 

യുപിയെ കേരളവുമായി താരതമ്യം ചെയ്യുന്ന കോൺഗ്രസിന്റെ പ്രസ്താവനയെക്കുറിച്ച് ദേശീയ നേതൃത്വം അഭിപ്രായം വ്യക്തമാക്കണം.  കേരളത്തിൽ ഓരോ മൂന്നു മണിക്കൂറിലും ഓരോ പീഡനം നടക്കുന്നുണ്ടോ എന്ന് റിയാസ് ചോദിച്ചു.

കേരളത്തിൽ തുടരുമെന്ന് കുട്ടിയുടെ പിതാവ്

ആലുവ∙ തന്റെ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ ശരിയായ അന്വേഷണം നടക്കുമെന്നു വിശ്വാസമുള്ളതായി കുട്ടിയുടെ പിതാവ്. ‘കൂടുതൽ പ്രതികൾ സംഭവത്തിനു പിന്നിലുള്ളതായി ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അക്കാര്യം അന്വേഷിക്കണം. പ്രതിക്കു വധശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നതു ഞാൻ മാത്രമല്ല. കേരളം മുഴുവനുമാണ്. അവൾ കേരളത്തിന്റെ മകളായിരുന്നു. തൽക്കാലം കേരളത്തിൽ കുടുംബത്തോടൊപ്പം തുടരാനാണ് തീരുമാനം’– അദ്ദേഹം പറഞ്ഞു.

അടിയന്തര ആശ്വാസം ഒരു ലക്ഷം രൂപ

തിരുവനന്തപുരം∙ ആലുവയിൽ കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ലൈംഗികാതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അടുത്ത കുടുംബാംഗത്തിന് നൽകുന്ന ധനസഹായമാണ് ആശ്വാസനിധി.

Content Highlight: Aluva child murder case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com