ജംബോ മുന്നണി പണിയായി, ഇടതു സർക്കാരിനെ തുടക്കം മുതൽ ബുദ്ധിമുട്ടിച്ച് പാളയത്തിൽ പട; വിട്ടൊഴിയാതെ പ്രതിസന്ധി
Mail This Article
തിരുവനന്തപുരം ∙ മുന്നണിയിലെ ഏകാംഗകക്ഷികൾ സിപിഎമ്മിനും രണ്ടാം പിണറായി സർക്കാരിനുമുണ്ടാക്കുന്ന തലവേദന കോഴ വിവാദത്തിലെത്തി നിൽക്കുന്നു. നിയമസഭയിൽ അംഗത്വമുള്ള 12 ഇടതുമുന്നണി ഘടകകക്ഷികളിൽ ഏഴും ഏകാംഗകക്ഷികളാണ്. സിപിഎം രീതി വിട്ട്, ഇവയ്ക്കെല്ലാം ഊഴമിട്ടു മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനമെടുത്തപ്പോൾ മുതൽ അസ്വാഭാവിക രീതിയിലാണു സർക്കാരിന്റെ പോക്ക്. പേരിൽ ഇടതുമുന്നണിയാണെങ്കിലും ഇടതു സ്വഭാവമുള്ള കക്ഷികൾ തീരെയില്ലെന്ന വിമർശനം സിപിഐ തന്നെ ഉയർത്തിയിരുന്നു.
പാർട്ടിയിലും മുന്നണിയിലുമുള്ള പാളയത്തിൽ പടയാണു തുടക്കം മുതൽ സർക്കാരിനെ ബുദ്ധിമുട്ടിക്കുന്നത്. കേരള കോൺഗ്രസ് ബിക്ക് ആദ്യ ഊഴത്തിൽ മന്ത്രിസ്ഥാനം നൽകാത്തതിൽ ഗണേഷ്കുമാറുണ്ടാക്കിയ അസ്വസ്ഥത അവസാനിച്ചത് ആന്റണി രാജു പദവി വിട്ടൊഴിഞ്ഞപ്പോഴാണ്.
എന്നാൽ, മുൻഗാമി ചെയ്തതിനെയെല്ലാം തള്ളിപ്പറഞ്ഞതോടെ ഇരുവരും ഉരസൽ പതിവായി. ആദ്യമായി മന്ത്രിസഭാ പ്രാതിനിധ്യം ലഭിച്ച ഐഎൻഎലിന് ആ ‘ഭാരം’ താങ്ങാൻ കഴിഞ്ഞില്ല. മന്ത്രി ഊഴം തികയ്ക്കുന്നതിനു മുൻപു പാർട്ടി രണ്ടായി. ഏകാംഗ കക്ഷികളിൽ തങ്ങൾക്കു മാത്രം മന്ത്രിസ്ഥാനം നിഷേധിച്ചതിൽ എൽജെഡിയുടെ പിണക്കം മാറാതെ തന്നെ അവർ ആർജെഡി ആയി. രണ്ടു ജനതാ പാർട്ടികളെയും ലയിപ്പിക്കാൻ സിപിഎമ്മെടുത്ത ശ്രമമാണു പാഴായത്.
ജെഡിഎസ് കുഴപ്പമുണ്ടാക്കിയില്ലെങ്കിലും അവരുടെ ദേശീയ നേതൃത്വം ബിജെപി സഖ്യത്തിലായതോടെ രാഷ്ട്രീയ നിലനിൽപു പ്രതിസന്ധിയിലായി. ബിജെപി സഖ്യത്തിലുള്ള കക്ഷിയെ മുന്നണിയിലും മന്ത്രിസഭയിലും നിലനിർത്തുന്നതിന്റെ പാപഭാരം സിപിഎമ്മിനു പേറേണ്ടിവന്നു.
മുന്നണിയിലെ വീതംവയ്പു പാർട്ടിയിലും നടപ്പാക്കാൻ ശ്രമിച്ചതോടെയാണ് എൻസിപി പിളർപ്പിന്റെ വക്കിലെത്തിയത്. പാർട്ടിയിലെ തർക്കം എങ്ങനെ തീർക്കുമെന്നു തലപുകയ്ക്കുന്നതിനിടെയാണു മുന്നണിയെ ആകെ ബാധിക്കുന്ന കോഴവിവാദം പുറത്തുവന്നത്. 2 ഘടകകക്ഷി എംഎൽഎമാർ അതിന്റെ പേരിൽ പരസ്പരം പോരും വാഗ്വാദവും.
വർഷങ്ങളായി ഇടതുമുന്നണിക്കൊപ്പം നിന്നിട്ടും മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ അതൃപ്തി കോവൂർ കുഞ്ഞുമോൻ പറയാതെ പറയുന്നു. തിരഞ്ഞെടുപ്പു വിജയത്തിന് പ്രത്യയശാസ്ത്രം നോക്കാതെ കൂടെ കൂട്ടിയ സ്വതന്ത്രരിൽ ഓരോരുത്തരായി സലാം പറയുകയുമാണ്.
ചെറുകക്ഷികൾ വിലപേശുകയും നാണക്കേടുണ്ടാക്കുകയും ചെയ്യുന്നതിനെ നിയന്ത്രിക്കാനുള്ള നേതൃശേഷി നിയമസഭയിലും മുന്നണിയിലും സിപിഎം പ്രകടിപ്പിക്കാത്തത് അതിശയകരമാണ്.
സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറും പാർലമെന്ററി പാർട്ടിയിലുണ്ട്. എന്നാൽ, എല്ലാം മുഖ്യമന്ത്രിയിലേക്കു കേന്ദ്രീകരിക്കുന്നതിനാൽ ഇവരുടെ ഇടപെടലിനു ഘടകകക്ഷികൾ വില നൽകുന്നില്ല.
എൽഡിഎഫിലെ നിയമസഭാ കക്ഷിനില
സിപിഎം– 62, സിപിഐ– 17,
കേരള കോൺഗ്രസ് എം– 5,
ജെഡിഎസ്– 2 ,എൻസിപി– 2,
ആർഎസ്പി ലെനിനിസ്റ്റ്, കോൺഗ്രസ് എസ്, ഐഎൻഎൽ, കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്,
ആർജെഡി, എൻഎസ്‍സി– 1 വീതം.