മൊഴിയെടുക്കാൻ പോലും ശ്രമമില്ല, പാർട്ടിക്ക് ‘ദിവ്യ’സ്നേഹം; പൊലീസിനും
Mail This Article
കണ്ണൂർ ∙ എഡിഎം കെ. നവീൻ ബാബു മരിച്ച് 12 ദിവസം പിന്നിടുമ്പോഴും കേസിലെ ഏക പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ തൊടാതെ പൊലീസ്. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതികൂടി പരിഗണിച്ച് ദിവ്യയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചേർത്ത് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടും മൊഴിയെടുക്കാൻ പോലും പൊലീസ് തുനിഞ്ഞിട്ടില്ല.
കണ്ണൂരിലെ സിപിഎമ്മിന്റെ മനസ്സറിഞ്ഞാണ് പൊലീസ് അറസ്റ്റ് പരമാവധി വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. റവന്യു വകുപ്പും ആരോഗ്യവകുപ്പും ഉന്നതോദ്യോഗസ്ഥരെ നിയോഗിച്ച് വകുപ്പുതല അന്വേഷണങ്ങൾ നടത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്തിട്ടും പൊലീസ് ഒളിച്ചുകളി തുടരുന്നത് പാർട്ടി ഇടപെടൽമൂലമാണെന്നാണ് ആക്ഷേപം. അന്വേഷണം ടൗൺ എസ്എച്ച്ഒയിൽനിന്ന് സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കൈമാറിയതുപോലും ഉപതിരഞ്ഞെടുപ്പുകളിൽ ഇതു പ്രതിഫലിക്കുമെന്ന് ഉറപ്പായതോടെയാണ്.
അന്വേഷണച്ചുമതല ഏറ്റെടുത്ത സിറ്റി പൊലീസ് കമ്മിഷണർ, പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാറുമായി കൂടിക്കാഴ്ച നടത്തുകയും കേസിന്റെ മേൽനോട്ടച്ചുമതലയുള്ള റേഞ്ച് ഡിഐജിയുടെ സാന്നിധ്യത്തിൽ യോഗം ചേരുകയും ചെയ്തു. ഇത് അറസ്റ്റിനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി വരുന്നതുവരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് പൊലീസ്.
കോടതിയിലോ അന്വേഷണസംഘത്തിനു മുന്നിലോ കീഴടങ്ങാൻ ഉദ്ദേശ്യമില്ലെന്ന് ദിവ്യയുമായി അടുപ്പമുള്ളവരും വ്യക്തമാക്കുന്നു. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ പഞ്ചായത്ത് ഓഫിസ് ജീവനക്കാരിൽനിന്നു മൊഴിയെടുത്തു. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം ഇന്നലെ ജില്ലാ വികസനസമിതി യോഗം അംഗീകരിച്ചു. പതിവായി വേദിയിലുണ്ടാകാറുള്ള ദിവ്യയ്ക്കെതിരെയുള്ള പ്രമേയം എതിരില്ലാതെയാണ് അംഗീകരിച്ചത്.