തുടക്കത്തിൽ കല്ലുകടിയായി ബിജെപിയിൽ പോസ്റ്റർ വിവാദം

Mail This Article
തിരുവനന്തപുരം ∙ ബിജെപിയിൽ പുനഃസംഘടനാ ചർച്ച തുടങ്ങിയതിനു പിന്നാലെ സംസ്ഥാന കമ്മിറ്റി ഓഫിസിനു മുന്നിലുണ്ടായ പോസ്റ്റർ വിവാദത്തിൽ നടപടിയെടുക്കാൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശം. പുതിയ പ്രസിഡന്റ് വന്നാലും ഗ്രൂപ്പ് തർക്കം തുടരുമെന്ന സൂചന മുന്നറിയിപ്പായി കണ്ട് കർശന നടപടിക്കാണ് നിർദേശം. അച്ചടക്കത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിർദേശം ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനു നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പോസ്റ്റർ ഒട്ടിക്കുന്നവരെ തിരിച്ചറിയുന്ന പരിശോധനയിലാണ് പൊലീസ്.
തിരുവനന്തപുരത്ത് ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പോടെ ഉണ്ടായ ഗ്രൂപ്പുതർക്കമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പിന്നിൽ. സൗത്ത്, നോർത്ത്, സെൻട്രൽ ജില്ലാ പ്രസിഡന്റുമാരായി വന്നവർ സംഘടനാ തിരഞ്ഞെടുപ്പിൽ തോറ്റവരാണെന്നും ജയിച്ചവരെ മറികടന്ന് വി.മുരളീധരനൊപ്പം നിൽക്കുന്നവരെ പിൻവാതിലിലൂടെ പ്രവേശിപ്പിച്ചു എന്നുമാണ് ആക്ഷേപം. ഇതിൽ ഒരിടത്ത് മുരളീധരൻ വിഭാഗവും പി.കെ.കൃഷ്ണദാസ് പക്ഷവുമായി ചർച്ച നടത്തി കൃഷ്ണദാസ് പക്ഷത്തിനു നൽകി.
എന്നാൽ ജില്ലാ പ്രസിഡന്റായിരുന്ന വി.വി. രാജേഷിനൊപ്പം നിന്നവരെയും താഴെത്തട്ടിൽ നിന്നു വന്നവരെയും വെട്ടിനിരത്തിയെന്നാണ് ആരോപണം. രാജേഷിനെ സംസ്ഥാന തലത്തിലേക്ക് ഉയർത്തുമെന്ന സൂചനകൾക്കിടയിലാണ് ബിജെപി സംരക്ഷണസമിതിയെന്ന പേരിൽ അദ്ദേഹത്തിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിനെ തോൽപിക്കാൻ രാജേഷ് ശ്രമിച്ചുവെന്നാണ് പോസ്റ്ററിലെ ആരോപണം.
പുതിയ സംസ്ഥാന ഭാരവാഹിപ്പട്ടിക തയാറാക്കുന്നതിനുള്ള ചർച്ചകൾക്കായി ഇന്ന് കോർ കമ്മിറ്റിയോഗം ചേരും. ജനറൽ സെക്രട്ടറിമാരെ നിശ്ചയിക്കുന്നത് കീറാമുട്ടിയാകുമെന്നാണ് നേതാക്കളുടെ അഭിപ്രായം. എം.ടി. രമേശും ശോഭ സുരേന്ദ്രനും ആദ്യപരിഗണനയിൽ ഉണ്ടാകുമെന്നാണ് വിവരം.
ന്യൂനപക്ഷമുഖമായിരുന്ന ജോർജ് കുര്യനു പകരം അനൂപ് ആന്റണി, ഷോൺ ജോർജ് എന്നിവരുടെ പേരുകളാണ് ചർച്ചകളിൽ. തൃശൂർ ജില്ലാ പ്രസിഡന്റായിരുന്ന കെ.കെ.അനീഷ്കുമാറാണ് ചർച്ചയിൽ ഉയരുന്ന മറ്റൊരു നേതാവ്. ജനറൽ സെക്രട്ടറി പി.സുധീറിനെ നിലനിർത്തുന്നുവെങ്കിൽ അനീഷിന്റെ സാധ്യത ഇല്ലാതാകും.
ഇന്നത്തെ കോർകമ്മിറ്റിയോഗത്തിൽ ജില്ലാ ഭാരവാഹിപ്പട്ടികയ്ക്ക് അന്തിമരൂപമാകുമെന്നാണ് വിവരം. സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നത് അന്തിമഘട്ടത്തിലാണ്. ഏപ്രിൽ 15ന് അകം സംസ്ഥാന ഭാരവാഹി പട്ടിക തയാറാക്കാനും തുടർന്ന് ആഭ്യന്തര മന്ത്രി അമിത്ഷായെ പങ്കെടുപ്പിച്ച് സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നടത്താനുമാണ് രാജീവ് ചന്ദ്രശേഖറിന്റെ ആലോചന. പ്രവർത്തനം പൂർണതോതിൽ മനസ്സിലാക്കുന്നതു വരെ അദ്ദേഹത്തിന്റെ സഹായത്തിനായി കെ. സുരേന്ദ്രൻ കൂടെയുണ്ടാകണമെന്നു ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.