പൈതൃക ട്രെയിനിൽ കന്നിയാത്ര; ആഘോഷമാക്കി കുട്ടികളും മുതിർന്നവരും

Mail This Article
കൊച്ചി∙ ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിനായ ഇഐആർ 21ന്റെ കൊച്ചിയിലെ കന്നിയോട്ടത്തിനു ആവേശകരമായ സ്വീകരണം. കുട്ടികളും മുതിർന്നവരുമുൾപ്പെടെ ആദ്യ ട്രിപ്പ് ആഘോഷമാക്കി. ടിക്കറ്റ് നിരക്ക് മുതിർന്നിവർക്കു 500 രൂപയും കുട്ടികൾക്കു 300 രൂപയുമായിരുന്നെങ്കിലും 163 വർഷം പഴക്കമുളള ആവി എഞ്ചിനിൽ യാത്ര ചെയ്യാനുളള കൗതുകത്തിനു മുന്നിൽ അതൊന്നും തടസമായില്ല.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു നാളെ രാവിലെ 11നുളള ട്രിപ്പ് കൂടാതെ ഉച്ചയ്ക്കു 2നും പ്രത്യേക സർവീസുണ്ടാകും. തിങ്കളാഴ്ചയും സര്‍വീസുണ്ടാകുമെന്നു ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ഡോ.രാജേഷ് ചന്ദ്രൻ പറഞ്ഞു. എറണാകുളം സൗത്തിൽ നിന്നു ഉച്ചയ്ക്കു 11 മണിക്കാണു കന്നി യാത്ര തുടങ്ങിയത്. മുതിർന്നവരോടൊപ്പം ഒട്ടേറെ കുട്ടികളും യാത്രയ്ക്കെത്തിയിരുന്നു.
കടവന്ത്രയിൽ നിന്നെത്തിയ മറിയം, െതരേസ്, അവിഷേക്, സമാര എന്നിവർക്ക് ആദ്യ യാത്ര വലിയ അനുഭവമായി. ട്രെയിൻ ഹാർബർ ടെർമിനസ് സ്റ്റേഷനിലെത്തിയപ്പോൾ പലരും മുത്തച്്ഛൻ എഞ്ചിനൊപ്പം സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി. കുട്ടികൾ ആദ്യമായാണു ഇത്തരത്തിലുളള ഒരു എഞ്ചിൻ കാണുന്നതെന്നു ഒപ്പമുണ്ടായിരുന്ന റോസ് ജോർജ് പറഞ്ഞു. ടോക് എച്ച് സ്കൂളിലെ യുകെജി വിദ്യാർഥിയായ നന്ദൻ മൊബൈൽ െഗയിമുകളിലും കളിപ്പാട്ടങ്ങളിലും മാത്രമാണ് ആവി എഞ്ചിൻ കണ്ടിട്ടുളളത്. അതു നേരിൽ കാണുന്നതിന്റെ സന്തോഷത്തിലായിരുന്നു നന്ദൻ. വാർത്ത കണ്ട് അമ്മ അഞ്ജുവിനെ നിർബന്ധിച്ചതു നന്ദനായിരുന്നു.
വിനോദസഞ്ചാരികൾ ഏറെയെത്തുന്ന കൊച്ചിക്കു ടൂറിസം രംഗത്തു പൈതൃക ട്രെയിൻ സർവീസ് ഏറെ ഗുണം ചെയ്യുമെന്നും കോട്ടയം സ്വദേശി വിനോദ് വടക്കേടത്ത് പറഞ്ഞു. അസിസ്റ്റന്റ് ഡിവി.മെക്കാനിക്കൽ എൻജീനിയർ എം.െക.സുബ്രഹ്മണ്യൻ, സ്റ്റേഷൻ മാനേജർ കെ.പി.ബി. പണിക്കർ, എം.ഐ.ജോസഫ് എന്നിവരും ആദ്യ ട്രിപ്പിൽ യാത്രക്കാർക്കൊപ്പം ചേർന്നു.
1855ൽ ഇംഗ്ലണ്ടിലെ കിറ്റ്സൺ തോംസൺ ആൻഡ് ഹെവിറ്റ്സൺ എന്ന കമ്പനി നിർമിച്ച ആവി എഞ്ചിൻ കപ്പിലിലാണ് ഇന്ത്യയിലെത്തിച്ചത്. 55 വർഷത്തോളം സർവീസ് നടത്തിയ ശേഷം ഒരു നൂറ്റാണ്ടോളം വിവിധ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.പിന്നീടാണു പെരമ്പൂർ ലോക്കോവർക്സിൽ കൊണ്ടു വന്നു പ്രവർത്തനക്ഷമമാക്കിയത്. പൈതൃക യാത്രയ്ക്കുളള ടിക്കറ്റുകൾ എറണാകുളം സൗത്തിലെ റിസർവേഷൻ ഒാഫിസിൽ 24 മണിക്കൂറും ലഭ്യമാണ്. കൊമേഴ്സ്യൽ വിഭാഗം : 94470 57875