വിദ്യാര്‍ഥികളെ കൂട്ടത്തോടെ തോല്‍പ്പിച്ചു; അധ്യാപകനെതിരെ വിസിക്ക് പരാതി

Mail This Article
തിരുവനന്തപുരം∙ കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അധ്യാപകന് എതിരെ വൈസ് ചാന്‍സലര്‍ക്കു വിദ്യാര്‍ഥികളുടെ പരാതി. മിഡ് സെമസ്റ്റര്‍ പരീക്ഷയുടെ ഇന്‍റേണലിനു വിദ്യാര്‍ഥികളെ കൂട്ടത്തോടെ തോല്‍പ്പിച്ചെന്നാണ് പരാതി. മാര്‍ക്ക് കൂടുതല്‍ വേണമെങ്കില്‍ വ്യക്തിപരമായി കാണാന്‍ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. വേണ്ടത്ര യോഗ്യതയില്ലാത്ത അധ്യാപകനെ പുറത്താക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
കാര്യവട്ടം ക്യാംപസിലെ ഒന്നാം വര്‍ഷ സൈക്കോളജിയിലെ 26 വിദ്യാര്‍ഥികളും ഒന്നിച്ച് ക്ലാസ് മുടക്കി പുറത്തേക്ക് വന്നത് ആര്‍. ജോണ്‍സണ്‍ എന്ന അധ്യാപകന്റെ കീഴില്‍ പഠിക്കാനാവില്ലെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ അറിയിച്ചതിന് പിന്നാലെയാണ്. ഡിപ്പാര്‍ട്ട്മെന്റ് ഇന്‍റേണലിനു മാര്‍ക്ക് കൂട്ടി കിട്ടാന്‍ ഓരോരുത്തരായി വന്നു കാണാന്‍ അധ്യാപകന്‍ പറഞ്ഞെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
കാലടി സര്‍വകലാശാലയില്‍ നിന്ന് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് പുറത്താക്കപ്പെട്ട അധ്യാപകനാണ് ജോണ്‍സണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ജോണ്‍സനെ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസില്‍ നിന്ന് പുറത്താക്കും വരെ സൈക്കോളജി ക്ലാസുകളിലേക്കില്ലെന്നാണ് വിദ്യാര്‍ഥികളുടെ തീരുമാനം. പിഎസ്‌സി ഡീബാര്‍ ചെയ്തിരുന്ന ജോണ്‍സണ്‍ കാര്യവട്ടം ക്യാംപസില്‍ പഠിപ്പിക്കുന്നത് ഉന്നത ബന്ധങ്ങള്‍ കൊണ്ടാണെന്നും ആക്ഷേപം ഉണ്ട്.
English Summary: Kerala University Kariavattom Campus Students Complaint against teacher