പീഡന പരാതി; പിന്നാലെ വിവാഹേതര ബന്ധം വെളിപ്പെടുത്തി മന്ത്രി: പരാതിയുമായി ബിജെപി

Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ സാമൂഹികക്ഷേമ മന്ത്രിയും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെയ്ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ഗായിക രേണു ശർമ രംഗത്തു വന്നതിനു പിന്നാലെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി ബിജെപി. രണ്ടാമതൊരു ഭാര്യയും ആ ബന്ധത്തിൽ മക്കളും ഉള്ള വിവരം തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ മറച്ചുവച്ചെന്ന് ആരോപിച്ചാണ് ധനഞ്ജയ് മുണ്ടെയ്ക്കെതിരെ ബിജെപി നേതാവ് കിരിത് സോമയ്യ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയത്. സ്വത്തുവിവരങ്ങൾ പൂർണമായി വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ ആരോപണമുണ്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നു ചൂണ്ടിക്കാട്ടി ബിജെപി മഹിളാ വിഭാഗം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തു നൽകുകയും ചെയ്തു.
പരാതിക്കാരിയുടെ സഹോദരി കരുണ ശർമയുമായി ഏറെക്കാലമായ അടുപ്പം പുലർത്തിയിരുന്ന ധനഞ്ജയ് മുണ്ടെയ്ക്ക് (45) ആ ബന്ധത്തിൽ 2 മക്കളുണ്ട്. തന്റെ ഭാര്യയും കുടുംബാംഗങ്ങളും അംഗീകരിച്ച ബന്ധമാണിതെന്നും മന്ത്രി അവകാശപ്പെടുന്നു. മക്കളുടെ സ്കൂൾ രേഖകളിൽ അച്ഛന്റെ സ്ഥാനത്തു തന്റെ പേരു തന്നെയാണു ഉപയോഗിച്ചിരിക്കുന്നതെന്നും അവരുടെ കാര്യങ്ങൾക്കായി വേണ്ട സഹായങ്ങൾ ചെയ്തിരുന്നതായും പ്രതികരിച്ച ധനഞ്ജയ് മുണ്ടെ ഇപ്പോഴത്തെ ആരോപണങ്ങൾ തന്നെ താറടിച്ചു കാണിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നു പറഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ചാണ് പരാതിയുമായി ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്.
സംഗീതരംഗത്ത് അവസരങ്ങൾ ഒരുക്കാമെന്നു വാഗ്ദാനം ചെയ്ത് 2006ൽ പലവട്ടം പീഡിപ്പിച്ചതായാണു 37 വയസ്സുകാരിയായ രേണു ശർമയുടെ ആരോപണം. ഇക്കാര്യം നിഷേധിച്ച മന്ത്രി പരാതിക്കാരിയും അവരുടെ സഹോദരിയും തന്നെ ബ്ലാക് മെയിൽ ചെയ്യുകയാണെന്ന് പ്രതികരിച്ചു. അന്തരിച്ച മുതിർന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ സഹോദരപുത്രനായ ധനഞ്ജയ് 2012ലാണ് എൻസിപിയിൽ ചേർന്നത്.
താൻ ബന്ധം പുലർത്തിയിരുന്ന യുവതി 2019 മുതൽ തന്നെ ബ്ലാക് മെയിൽ ചെയ്യുകയാണ്. അപകീർത്തിയുണ്ടാക്കുന്ന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അവർ പങ്കുവയ്ക്കുന്നതു തടയണമെന്ന് അഭ്യർഥിച്ച് പൊലീസിനെയും ബോംബെ ഹൈക്കോടതിയെയും നേരത്തെ താൻ സമീപിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.മുംബൈയിലെ ഓഷിവാര പൊലീസിൽ ഇൗ മാസം 10നു താൻ നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പീഡനം സംബന്ധിച്ച ആരോപണം രേണു സിങ് പരസ്യമാക്കിയത്.
സഹോദരി കരുണ ശർമ വീട്ടിൽ ഇല്ലാത്ത പല അവസരങ്ങളിലും ധനഞ്ജയ് മുണ്ടെ തന്നെ പീഡിപ്പിച്ചതായി രേണു ശർമ പറയുന്നു. ഭീഷണിയുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും പൊലീസ് സംരക്ഷണം തേടിയ അവർ ട്വീറ്റ് ചെയ്തു. എന്നാൽ, അന്വേഷണം പൂർത്തിയായ ശേഷം പ്രതികരിക്കാമെന്നാണു മുതിർന്ന എൻസിപി നേതാക്കളുടെ പ്രതികരണം.
English Summary: BJP moves EC against Maharashtra minister Dhananjay Munde after he accepts extra-marital relationship