ADVERTISEMENT

അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ ‘കൈ’പിടിച്ച സിപിഎമ്മിന് ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും തിരിച്ചടി. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട് 60 അംഗ നിയമസഭയിൽ 43 സീറ്റില്‍ മത്സരിച്ച സിപിഎം 11 സീറ്റ് നേടി. 13 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 3 സീറ്റാണ് ലഭിച്ചത്. അധികാരം നിലനിര്‍ത്താനുള്ള ബിജെപിയുടെ ‘ചാണക്യതന്ത്രം’ വീണ്ടും വിജയം കണ്ടുവെന്നാണു തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 55 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 33 സീറ്റ് നേടി കേവല ഭൂരിപക്ഷത്തിനുള്ള ലീഡ് കടന്നു. 

ബിജെപിയുമായി സഖ്യത്തില്‍ കളത്തിലിറങ്ങിയ ഐപിഎഫ്ടി (ഇന്‍ഡിജന്‍സ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) മത്സരിച്ച ആറില്‍ ഒരു സീറ്റ് നേടി. കന്നിയങ്കത്തില്‍തന്നെ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ തിപ്ര മോത്ത പാര്‍ട്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നു. 42 സീറ്റിൽ  മത്സരിച്ച പാര്‍ട്ടി 13 സീറ്റ് നേടി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനു മുന്‍വര്‍ഷങ്ങളെ പോലെ ഇത്തവണയും ഒരു സീറ്റിലും ജയിക്കാനായില്ല. 28 സീറ്റിലാണ് തൃണമൂൽ ഇത്തവണ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയത്.

∙ ബിജെപിയുടെ വിജയ ഫോർമുല

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചാണക്യതന്ത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവുമാണ് മറ്റു സംസ്ഥാനങ്ങളിലെ പോലെ ത്രിപുരയിലും ബിജെപിയുടെ വിജയ ഫോര്‍മുല തീര്‍ത്തത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണത്തിനും മോദിയുടെ മെഗാ റാലികള്‍ക്കും ത്രിപുരയിലെ ജനം കയ്യടിച്ചു. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാതിരുന്ന ബിജെപി, 2018ലെ തിരഞ്ഞെടുപ്പില്‍, ആകെയുള്ള 60 നിയമസഭാ സീറ്റില്‍ 36ലും വിജയിച്ചാണ് അധികാരത്തിലെത്തിയത്.

സംസ്ഥാനത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവത്തില്‍ കേന്ദ്ര മന്ത്രിമാരും മറ്റു സംസ്ഥാനങ്ങിലെ ബിജെപി മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമാണു പ്രചാരണം നടത്തിയത്. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ഉയര്‍ത്തിക്കാട്ടിയ ‘ഡബിള്‍ എന്‍ജിന്‍’ പ്രചാരണം ബിജെപി ത്രിപുരയിലും ആവര്‍ത്തിച്ചിരുന്നു. ജനപ്രീതി കുറഞ്ഞെന്നു കണ്ട് ബിപ്ലബ് ദേവ് കുമാറിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത് തിരിച്ചടിച്ചേക്കുമെന്നു വിലയിരുത്തപ്പെട്ടെങ്കിലും അതുണ്ടായില്ല. എക്‌സിറ്റ് പോളുകളിലും ബിജെപി ജയിക്കുമെന്നായിരുന്നു പ്രവചനം.

2018ലെ തിരഞ്ഞെടുപ്പ് തോല്‍വി ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തവണ കോൺഗ്രസിനെയും ചേര്‍ത്തുപിടിക്കാന്‍ സിപിഎം തീരുമാനിച്ചത്. പരസ്പര ധാരണയില്‍ മത്സരിച്ച ഇരുപാര്‍ട്ടികളും സംയുക്ത റാലികള്‍ നടത്തി പ്രചാരണം നയിച്ചു. റാലികളില്‍ സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ പങ്കെടുത്തപ്പോള്‍ കോണ്‍ഗ്രിന്റെ ദേശീയ നേതാക്കള്‍ വിട്ടുനിന്നത് തിരഞ്ഞെടുപ്പിലുടനീളം പ്രകടമായി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോ രാഹുല്‍ ഗാന്ധിയെപോലുള്ള പ്രമുഖ നേതാക്കളോ സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയില്ല. തുടക്കത്തില്‍ സീറ്റു വിഭജനത്തെ ചൊല്ലിയുള്ള ഇരുപാര്‍ട്ടികളുടെയും അഭിപ്രായവ്യത്യാസവും രണ്ടു പതിറ്റാണ്ട് സിപിഎമ്മിന്റെ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ പോലുള്ള പ്രമുഖ സ്ഥാനാര്‍ഥികളുടെ അഭാവവും സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനു തിരിച്ചടിയായി.

∙ ഒഴിവാക്കാനാകില്ല ‘തിപ്രലാൻഡ്’

ഗോത്ര വിഭാഗങ്ങള്‍ക്കായി ‘ഗ്രേറ്റര്‍ തിപ്രലാന്‍ഡ്’ എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന മുദ്രാവാക്യവുമായി കന്നിയങ്കത്തിനിറക്കിയ തിപ്ര മോത്ത പാര്‍ട്ടി തിരഞ്ഞെടുപ്പ് വിജയത്തിലൂടെ സംസ്ഥാനത്ത് നിര്‍ണായക കക്ഷിയാകുകയാണ്. 20 നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനും കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ പ്രദ്യോത് മാണിക്യയുടെ തിപ്ര മോത്ത തിരഞ്ഞെടുപ്പിനിറങ്ങിയത്.

42 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 20 എസ്ടി മണ്ഡലങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് വിട്ട് നാലു വര്‍ഷം മുന്‍പ് പാര്‍ട്ടി രൂപീകരിച്ച പ്രദ്യോത് മാണിക്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. സിപിഎം– കോണ്‍ഗ്രസ് സഖ്യവും ബിജെപിയും തിപ്ര മോത്തയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രത്യേക സംസ്ഥാനമെന്ന ആവശ്യം നിരാകരിച്ചതിനെ തുര്‍ന്ന് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ‘ഗ്രേറ്റര്‍ തിപ്രലാന്‍ഡ്’ എന്ന പ്രത്യേക സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന ഗോത്രവര്‍ഗങ്ങളാണു തിപ്ര മോത്തയിലെ അംഗങ്ങള്‍.

അതേസമയം, ‘ഗ്രേറ്റർ തിപ്രലാൻഡ്’ ഒഴികെയുള്ള തിപ്ര മോത്തയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ തയാറാണെന്ന് ത്രിപുര ബിജെപി മുഖ്യ വക്താവ് സുബ്രത ചക്രവർത്തി  വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ, ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പിൽ ഇത്രയധികം സീറ്റുകൾ നേടാനായതിനാൽ തിപ്രലാൻഡെന്ന വാദത്തെ ഇനി അധികാരത്തിലിരിക്കുന്നവർക്ക് മുഖവിലയ്ക്കെടുക്കേണ്ടി വരും. 

∙ തിരിച്ചടിയേറ്റ് ഐപിഎഫ്ടി, തൃണമൂൽ

കഴിഞ്ഞ തവണ എട്ടു എംഎല്‍എമാരുണ്ടായിരുന്ന ഐപിഎഫ്ടിയുടെ 3 എംഎല്‍എമാര്‍ തിപ്രമോത്തയില്‍ ചേര്‍ന്നതോടെ പാർട്ടി തകര്‍ച്ചയുടെ വക്കിലായിരുന്നു. ‘തിപ്രലാന്‍ഡ്’ എന്ന സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന പാര്‍ട്ടി, തിപ്ര മോത്ത പാർട്ടിയില്‍ ലയിക്കാന്‍ ഏറെക്കുറെ ധാരണയായെങ്കിലും ബിജെപി സമ്മര്‍ദത്തെ തുടര്‍ന്ന് ഒടുവിൽ പിന്മാറുകയായിരുന്നു.

ഇത്തവണയും ബിജെപി സഖ്യത്തിലാണ് പാർട്ടി മത്സരിച്ചത്. സംസ്ഥാനത്ത് സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച തൃണമൂല്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കനത്ത തോല്‍വിയായി. മമതാ ബാനര്‍ജിയുടെ പദയാത്രയ്ക്കും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ മെഗാ റാലികള്‍ക്കും സംസ്ഥാനത്ത് സ്വാധീനമുണ്ടാക്കാനായില്ല. മുന്‍വര്‍ഷങ്ങളിലെ പോലെ പാര്‍ട്ടി ഇത്തവണയും പൂജ്യത്തിലൊതുങ്ങി.

English Summary: Tripura Legislative Assembly election 2023 Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com