മലമ്പുഴയില്‍ കാട്ടാനക്കൂട്ടം വാഹനം തകര്‍ത്തു; മല്‍സ്യത്തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്

Mail This Article
പാലക്കാട് ∙ മലമ്പുഴ കരടിയോടില്‍ മത്സ്യത്തൊഴിലാളിക്കുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് തലനാരിഴയ്ക്ക് ആനക്കൂട്ടത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടത്. സുന്ദരന്‍ സഞ്ചരിച്ച ഇരുചക്രവാഹനം ആനക്കൂട്ടം തകര്‍ത്തു. മീന്‍പിടിക്കുന്നതിനായി പുലര്‍ച്ചെ അഞ്ചു മണിയോടെ മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തേക്ക് എത്തിയതായിരുന്നു സുന്ദരന്‍. വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ പാഞ്ഞടുത്ത കാട്ടാനക്കൂട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും സുന്ദരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പാലക്കാട് കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം വെള്ളം തേടി ആനക്കൂട്ടങ്ങൾ മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ എത്തുന്നുണ്ട്. രാവിലെ 5ന് പിടിക്കാൻ എത്തിയപ്പോൾ സുന്ദരനെ കുട്ടിയാന ഉൾപ്പെടെ പത്തോളം ആനകൾ പാഞ്ഞടുക്കുകയായിരുന്നു. സുന്ദരന്റെ ദേഹത്ത് തുമ്പിക്കൈ കൊണ്ടെങ്കിലും അയാൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു മണിക്കൂറിനുശേഷമാണ് പ്രദേശത്ത് നിന്ന് ആനകൾ പിൻവാങ്ങിയത്. സംഭവം നടന്ന സമയത്ത് തന്നെ വനപാലകരെ അറിയിച്ചെങ്കിലും അവർ സ്ഥലത്ത് എത്തിയില്ലെന്ന് സുന്ദരൻ പറഞ്ഞു.
English Summary: Wild elephant attack in Malampuzha