ADVERTISEMENT

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയ കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നു സൂചന. സിദ്ധരാമയ്യ ആദ്യത്തെ 2 വർഷവും പിന്നീടുള്ള 3 വർഷം ഡി.കെ. ശിവകുമാറിനെയും മുഖ്യമന്ത്രിയാക്കുകയെന്ന ധാരണയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സിദ്ധരാമയ്യയ്ക്കു കീഴിൽ ഡികെ ഉപമുഖ്യമന്ത്രിയാവില്ല. 2 വർഷം പിസിസി പ്രസിഡന്റായി തുടരാമെന്ന് ഡികെ. അറിയിച്ചു. ബെംഗളൂരുവില്‍ സിദ്ധരാമയ്യയുടെ വസതിക്കു മുന്നില്‍ അനുയായികള്‍ ആഘോഷം തുടങ്ങി.

അതേസമയം, മുഖ്യമന്ത്രി ആരാകുമെന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. രണ്ടു ദിവസത്തിനകം മന്ത്രിസഭ അധികാരമേല്‍ക്കും. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്തിമതീരുമാനം എടുത്താല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുമെന്നും സുര്‍ജേവാല പറഞ്ഞു.

സിദ്ധരാമയ്യയുടെ പോസ്റ്ററിൽ പാലഭിഷേകം നടത്തുന്ന അനുയായികൾ. (Photo: Vishnu V Nair / Manorama)
സിദ്ധരാമയ്യയുടെ പോസ്റ്ററിൽ പാലഭിഷേകം നടത്തുന്ന അനുയായികൾ. (Photo: Vishnu V Nair / Manorama)

രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി.  ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ഹൈക്കമാൻഡ് ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ഡികെയ്ക്ക് രാഹുലും സോണിയയും ഉറപ്പ് നൽകും. സോണിയയുടെ വീട്ടിൽ രാഹുലും ഡികെയും തമ്മിൽ കൂടിക്കാഴ്ച നടത്തുകയാണ്. 

അതേസമയം, ശിവകുമാർ ഉപമുഖ്യമന്ത്രിയായി വന്നേക്കില്ലെന്നാണ് സൂചന. കർണാടക കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ശിവകുമാർ തുടരും. മുന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകും. ലിംഗായത്ത്, എസ്‌സി, മുസ്‌‍ലിം വിഭാഗങ്ങളെ പ്രതിനിധീകരിച്ചായിരിക്കും ഇവരെത്തുക. മുസ്‌ലിം വിഭാഗവും ഉപമുഖ്യമന്ത്രി പദം ചോദിച്ചിട്ടുണ്ട്. എം.ബി. പാട്ടീൽ (ലിംഗായത്ത്), ഡോ.ജി. പരമേശ്വര (എസ്‌സി), യു.ടി. ഖാദർ (മുസ്‌ലിം) എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാരാകുക. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു യു.ടി. ഖാദർ. അഞ്ചാം വട്ടവും മംഗളൂരു മണ്ഡലത്തിൽനിന്ന് അദ്ദേഹം ജയിച്ചിരുന്നു. ഖാദറിനെ ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചു.

സിദ്ധരാമയ്യയുടെ ബെംഗളൂരുവിലെ വീടിന് മുൻപിൽ അനുയായികൾ. (Photo: Vishnu V Nair / Manorama)
സിദ്ധരാമയ്യയുടെ ബെംഗളൂരുവിലെ വീടിന് മുൻപിൽ അനുയായികൾ. (Photo: Vishnu V Nair / Manorama)

∙ വീതംവയ്പ്പിനു തയാറല്ലെന്ന നിലപാടിൽ ഡികെ

മുഖ്യമന്ത്രിപദം രണ്ടര വർഷം വീതമെന്ന വീതംവയ്പ്പിന് തയാറല്ലെന്ന നിലപാടിൽ കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. ഉപമുഖ്യമന്ത്രി പദവും സ്വീകരിക്കില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. അനുനയശ്രമങ്ങൾ തുടരുകയാണ്. വീണ്ടും നിയമസഭാകക്ഷി യോഗം വിളിച്ചേക്കും. മുഖ്യമന്ത്രി പദം പങ്കിടണമെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. രണ്ടു വർഷം സിദ്ധരാമയ്യയ്ക്കും മൂന്നുവർഷം ശിവകുമാറിനും എന്ന ഫോർമുലയാണ് ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ വസതിയിൽ ഇന്നലെ നടന്ന മാരത്തണ്‍ ചർച്ചകൾക്കൊടുവിലും അന്തിമതീരുമാനത്തിലേക്ക് എത്താൻ ഹൈക്കമാന്‍ഡിനു കഴിഞ്ഞിരുന്നില്ല. മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്ക് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൻമേലുള്ള അവകാശവാദത്തിൽനിന്നു പിന്മാറാൻ ഡി.കെ.ശിവകുമാർ തയാറാകാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.

സിദ്ധരാമയ്യയുടെ ബെംഗളൂരുവിലെ വീടിനു മുൻപിൽ അനുയായികൾ. (ഫോട്ടോ: വിഷ്ണു വി. നായർ ∙ മനോരമ)
സിദ്ധരാമയ്യയുടെ ബെംഗളൂരുവിലെ വീടിനു മുൻപിൽ അനുയായികൾ. (ഫോട്ടോ: വിഷ്ണു വി. നായർ ∙ മനോരമ)

∙ ‘മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല’

dk-shivakumar

മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎൽഎയായി പ്രവർത്തിക്കാമെന്നും ഇന്നലെ ഖർഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡി.കെ.ശിവകുമാർ അറിയിച്ചതായാണു വിവരം. ഇരുവർക്കും രണ്ടര വർഷം വീതം മുഖ്യമന്ത്രിപദം നൽകാമെന്ന തരത്തിൽ ഇന്നലെ ആലോചിച്ചെങ്കിലും ആദ്യം ആരു ഭരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളിൽ സോണിയ ഗാന്ധിയുടെ നിലപാട് നിർണായകമാകും. 

സംസ്ഥാന നേതാക്കളുമായി ചർച്ച പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് മല്ലികാർജുൻ ഖർഗെ ഇന്നുതന്നെ അന്തിമതീരുമാനം എടുക്കും എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് ഖർഗെയ്ക്കും രാഹുലിനും താൽപര്യം. എന്നാൽ സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ എന്നിവയുടെ പിന്തുണയുള്ള ശിവകുമാർ സിദ്ധരാമയ്യയെ പിന്തള്ളി 5 വർഷത്തേക്കും മുഖ്യമന്ത്രിസ്ഥാനം പിടിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്. സിദ്ധരാമയ്യയെ വെട്ടാൻ ഖർഗെയോട് മുഖ്യമന്ത്രിയാകാൻ ശിവകുമാർ ആവശ്യപ്പെട്ടു.

ഹൈക്കമാൻഡ് തീരുമാനം എടുത്താൽ ബെംഗളൂരുവില്‍ നിയമസഭാകക്ഷിയോഗം ചേർന്ന് ഔദ്യോഗികമായായി പ്രഖ്യാപിക്കും. ഇരുനേതാക്കളെയും ഒപ്പംനിർത്തി ഐക്യം ഉറപ്പിച്ചശേഷമാകും ഖർഗെ മുഖ്യമന്ത്രിയാരെന്ന പ്രസ്താവന നടത്തുക. ഉപമുഖ്യമന്ത്രിമാരെയും ഇന്നു പ്രഖ്യാപിക്കുമെന്നാണ് വിവരം. നേരത്തേ വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്.

English Summary: Karnataka Government formation - updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com