6000 കിലോ ഭാരം, 90 അടി നീളം; മുംബൈയിൽ കൂറ്റൻ ഇരുമ്പു പാലം മോഷ്ടിച്ച 4 പേർ അറസ്റ്റിൽ
Mail This Article
മുംബൈ∙ അഴുക്കുചാലിനു മുകളിൽ സ്ഥാപിച്ച 6000 കിലോ ഭാരമുള്ള ഇരുമ്പ് പാലം മോഷ്ടിച്ചതിന് നാലു പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മലാഡ‌് വെസ്റ്റിലാണ് സംഭവം. സ്ഥലത്ത് കോൺക്രീറ്റ് പാലം നിർമിക്കുന്നതിനു സാമഗ്രികൾ കൊണ്ടുപോകുന്നതിനാണ് 90 അടി നീളമുള്ള താൽക്കാലിക പാലം സ്ഥാപിച്ചത്. നിർമാണശേഷം മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവച്ച പാലം, ജൂൺ 26നാണ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്നു പാലം നിർമിക്കുന്നതിനു കരാർ ഏറ്റെടുത്ത കമ്പനി ബംഗൂർ നഗർ പൊലീസിൽ പരാതി നൽകി.
ജൂൺ ആറിനാണ് അവസാനമായി പാലം കണ്ടതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സ്ഥലത്ത് സിസിടിവി ഇല്ലാതിരുന്നതിനാൽ സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. പാലമുണ്ടായിരുന്ന ദിശയിലേക്ക് ജൂൺ 11ന് ഒരു കൂറ്റൻ വാഹനം കടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇതിന്റെ നമ്പർ പിന്തുടർന്നു നടത്തിയ അന്വേഷണമാണ് മോഷ്ടാക്കളിലേക്ക് എത്തിച്ചത്.
പാലം നിർമിക്കാൻ കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ ജീവനക്കാരനും മൂന്നു കൂട്ടാളികളും ചേർന്നാണ് മോഷണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. പാലം പൊളിച്ച് 6,000 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് മോഷ്ടിക്കാൻ ഉപയോഗിക്കുന്ന ഗ്യാസ് കട്ടിങ് മെഷീനുകളാണ് വാഹനത്തിലുണ്ടായിരുന്നതെന്നും മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
English Summary: 4 Arrested In Mumbai For Stealing 90-Foot-Long, 6,000-Kg Iron Bridge