ഡി.കെ.ശിവകുമാറിന്റെ തിയറ്ററുകളിൽ അശ്ലീല സിനിമ പ്രദർശിപ്പിച്ചെന്ന് കുമാരസ്വാമി; വാക്പോര്

Mail This Article
ബെംഗളൂരു∙ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന തിയറ്ററുകളിൽ നേരത്തെ അശ്ലീല സിനിമകൾ പ്രദർശിപ്പിച്ചിരുന്നെന്ന ആരോപണവുമായി ദൾ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി രംഗത്ത്. ആരോപണം തള്ളിയ ശിവകുമാർ ഇതു തെളിയിച്ചാൽ രാഷ്ട്രീയം വിടാൻ തയാറാണെന്നു പറഞ്ഞു. തന്റെ മണ്ഡലമായ കനക്പുര സന്ദർശിച്ച് ജനങ്ങളോടു ചോദിച്ച് ഇക്കാര്യം സ്ഥിരീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘എന്തുകൊണ്ട് ദേവെഗൗഡയ്ക്കും കുമാരസ്വാമിക്കും എതിരെ താൻ മത്സരിച്ചപ്പോൾ ഇത്തരമൊരു ആരോപണം ഉന്നയിച്ചില്ല? കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ദൾ–കോൺഗ്രസ് സഖ്യ സർക്കാരിൽ അങ്ങനെയുള്ള തന്നെ എന്തിനു മന്ത്രിയായി ഉൾപ്പെടുത്തി’’ – ശിവകുമാർ ചോദിച്ചു.
ഇതിനിടെ 'വൈദ്യുതി മോഷ്ടാവ്' കുമാരസ്വാമി നിർമിക്കുന്ന ‘പെൻഡ്രൈവ് ബ്രദേഴ്സ്’ എന്ന സിനിമ ഉടൻ പുറത്തിറങ്ങുമെന്ന പോസ്റ്റർ പ്രചാരണം നഗരത്തിലുടനീളം നടക്കുന്നുണ്ട്. ദീപാവലി ദിവസം ജെപി നഗറിലെ വസതി അലങ്കരിക്കുന്നതിന് പോസ്റ്റിൽ നിന്ന് അനധികൃതമായി ലൈൻ വലിച്ചെന്ന കേസിൽ കുമാരസ്വാമി കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന് 68526 രൂപ പിഴയടച്ചിരുന്നു. ഇതിനെ തുടർന്നാണ് പോസ്റ്റർ പ്രചാരണം.