5 വയസ്സുള്ള മകളോടൊപ്പം കടലിൽ നീന്തുന്നതിനിടെ സ്രാവ് കടിച്ചു; രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം
Mail This Article
ജലിസ്കോ∙ മെക്‌സിക്കോയിൽ അഞ്ച് വയസ്സുള്ള മകളോടൊപ്പം നീന്താൻ പോയ യുവതി സ്രാവിന്റെ കടിയേറ്റു മരിച്ചു. ശനിയാഴ്ച ജലിസ്കോ സംസ്ഥാനത്തെ മെലാക്കിലുള്ള ബീച്ചിൽനിന്ന് അൽപം അകലെയാണ് സംഭവമെന്ന് സിവിൽ ഡിഫൻസ് ഓഫിസ് അറിയിച്ചു. സമീപവാസിയായ മരിയ ഫെർണാണ്ടസ് മാർട്ടിനെസ് ജിമെനെസ് (26) ആണ് മരിച്ചത്.
കരയിൽ നിന്ന് 75 അടി (25 മീറ്റർ) അകലെയുള്ള ഫ്ലോട്ടിങ് പ്ലേ പ്ലാറ്റ്‌ഫോമിൽ മരിയ തന്റെ മകളോടൊപ്പം നീന്തുകയായിരുന്നു. മകളെ പ്ലാറ്റ്‌ഫോമിൽ കിടത്താൻ ശ്രമിക്കുന്നതിനിടെ മരിയയെ സ്രാവ് ആക്രമിക്കുകയായിരുന്നു. മകൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചോരയൊലിച്ചു കിടന്ന മരിയയെ ആളുകൾ കടൽത്തീരത്തേക്ക് കൊണ്ടുപോയി. എന്നാൽ ഇടുപ്പിനു സമീപം ആഴത്തിൽ കടിയേറ്റ മരിയ, രക്തം വാർന്നു മരിക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ മെലാക്കിലെയും സമീപത്തെ ബാര ഡി നവിദാദിലെയും ബീച്ചുകൾ അധികൃതർ അടച്ചു. മെക്സിക്കോയിൽ സ്രാവുകളുടെ ആക്രമണം താരതമ്യേന അപൂർവമാണ്. 2019ൽ, ബജാ കലിഫോർണിയ സുർ തീരത്തെ മഗ്ദലീന ഉൾക്കടലിൽ ഒരു യുഎസ് മുങ്ങൽ വിദഗ്ധന് കൈത്തണ്ടയിൽ സ്രാവിന്റെ കടിയേറ്റെങ്കിലും രക്ഷപ്പെട്ടിരുന്നു.